മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആറ് വർഷത്തോളം നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 116 വർഷം കഠിനതടവും 6,85,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ പോക്സോ കോടതി. മൂവാറ്റുപുഴ പെരിങ്ങഴ പരപ്പനാട്ട് വീട്ടിൽ മണിയപ്പനെ (50) ആണ് പോക്സോ സ്പെഷ്യൽ ജഡ്ജി എ. സമീർ ശിക്ഷിച്ചത്. മൂവാറ്റുപുഴ പോക്സോ കോടതി വിധിക്കുന്ന ഏറ്റവും കൂടിയ കാലയളവിലുള്ള തടവുശിക്ഷയാണിത്. നേരത്തെ മറ്റൊരു കേസിൽ 80 വർഷം തടവ് വിധിച്ചിരുന്നു.
2018 മുതൽ 2024 വരെയുള്ള കാലയളവിലാണ് പെൺകുട്ടി പീഡനത്തിനിരയായത്. ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ പ്രതി തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പെൺകുട്ടി പോലീസിന് മൊഴി നൽകിയിരുന്നു. ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലായിരുന്ന പെൺകുട്ടി, അവിടത്തെ കൗൺസലറോടാണ് പീഡനവിവരങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് കൗൺസലർ മൂവാറ്റുപുഴ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കൗൺസലറുടെ വിവരത്തെ തുടർന്ന് സബ് ഇൻസ്പെക്ടർ എസ്.എൻ. സുമിതയുടെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വർഷങ്ങൾ നീണ്ട പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പിന്നീട് പോലീസ് ഇൻസ്പെക്ടർമാരായ കെ. ഉണ്ണികൃഷ്ണൻ, ബേസിൽ തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ. ജമുന ഹാജരായി. ലെയ്സൺ ഓഫീസർ ലേഖ പി. സുരേഷാണ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചത്.





