പാലക്കാട്: തീവണ്ടിമാർഗം കേരളത്തിലേക്ക് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കടത്തുന്നതിന് നേതൃത്വം നൽകുന്ന മുഖ്യസൂത്രധാരനെ പശ്ചിമബംഗാളിലെത്തി പിടികൂടി പാലക്കാട് റെയിൽവേ പോലീസ്. പശ്ചിമബംഗാളിലെ പൂർവ ബർധമാൻ ജില്ലയിലുള്ള ഹമീദ്പുർ പൂർബസ്ഥലി സ്വദേശി സമീൻ ഷേഖിനെയാണ് (27) പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 22.40 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ. സ്വന്തം നാട്ടിൽ കിടക്കക്കമ്പനിക്കാരനായാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.
സെപ്റ്റംബർ 19-ന് പാലക്കാട് റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമിൽ നിന്ന് പശ്ചിമബംഗാൾ സ്വദേശികളായ അസിം ഷേഖ് (23), സാഹിദുൽ മല്ലിക്ക് (28) എന്നിവർ കഞ്ചാവുമായി പിടിയിലായിരുന്നു. മറ്റൊരു കേസിൽ കോഴിക്കോട്ടുനിന്ന് മസൂദ് ഷേഖിനെയും (28) പോലീസ് പിടികൂടി. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ലഹരിക്കടത്ത് സംഘത്തിന്റെ തലവൻ സമീൻ ഷേഖാണെന്ന നിർണായക വിവരം അന്വേഷണസംഘത്തിന് ലഭിക്കുന്നത്. കേരള റെയിൽവേ പോലീസ് സൂപ്രണ്ട് ബി. കൃഷ്ണകുമാറിന്റെ മേൽനോട്ടത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടാൻ ബംഗാളിലേക്ക് തിരിച്ചത്. ഇൻസ്പെക്ടർ എ. പ്രതാപിന്റെ നേതൃത്വത്തിൽ പാലക്കാട് റെയിൽവേ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. വി.എം. ഷക്കീർ, സീനിയർ സി.പി.ഒ. വി. രാമൻ, സി.പി.ഒ. കെ. സിജു, ആർ.പി.എഫ്. സി.പി.ഡി.എസ്. കോൺസ്റ്റബിൾ അബ്ദുൽസത്താർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ദിവസങ്ങളോളം രഹസ്യ നിരീക്ഷണം നടത്തിയ സംഘം പൂർബസ്ഥലിയിലുള്ള സമീൻ ഷേഖിന്റെ വീടും ഒളിത്താവളവും കൃത്യമായി മനസ്സിലാക്കി. അക്രമകാരികളായ ചില ഗ്രാമവാസികളുടെ കാവലിൽ കഴിഞ്ഞിരുന്ന പ്രതിയെ അർധരാത്രിയോടെ താവളം വളഞ്ഞാണ് പോലീസ് കീഴ്‌പ്പെടുത്തിയത്. 12 വർഷം മുൻപ് കെട്ടിടനിർമാണ ജോലിക്കായി കേരളത്തിലെത്തിയ സമീൻ ഷേഖ് മാഹിയിലും തലശ്ശേരിയിലുമാണ് താമസിച്ചിരുന്നത്. മലപ്പുറം വാഴക്കാട് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മുൻപും കേസുണ്ടെന്ന് പോലീസ് അറിയിച്ചു.






