സ്വർണവില കേരളത്തിൽ വീണ്ടും ഇടിഞ്ഞു. രാജ്യാന്തര വില ഔൺസിന് 3524 ഡോളറിലേക്ക് ഇടിഞ്ഞത് കേരളത്തിലും വില കുറയാൻ സഹായിച്ചു. ഇന്നലെ കേരളത്തിൽ വില നിശ്ചയിച്ചപ്പോൾ രാജ്യാന്തരവില 3546 ഡോളർ ആയിരുന്നു. ഇപ്പോൾ വില 3524 ഡോളർ ആണെങ്കിലും 3539.30 ഡോളർ എന്നു കണക്കാക്കിയാണ് രാവിലെ 9 മണിയോടെ കേരളത്തിൽ വിലയിട്ടത്.
ഇതുപ്രകാരം ഇന്നു ഗ്രാം വില 45 രൂപ കുറഞ്ഞ് 11,465 രൂപയായി. കഴിഞ്ഞ ഒരുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയാണിത്. 360 രൂപ കുറഞ്ഞ് 91,720 രൂപയാണ് പവൻവില. കഴിഞ്ഞവർഷം നവംബർ 21ന് പവൻവില 90,920 രൂപയായിരുന്നു.
യുഎസിൽ പലിശനിരക്ക് കൂടാൻ സാധ്യതയുള്ളതിനാൽ ഡോളറും ബോണ്ട് യീൽഡും കുതിക്കുന്നതാണ് സ്വർണത്തിനു തിരിച്ചടിയാകുന്നത്. ബോണ്ടും ഡോളർ നിക്ഷേപവും ആകർഷകവും ലാഭകരവുമാകുന്നത് സ്വർണത്തിന്റെ ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമയെ ബാധിച്ചു.
സ്വർണത്തിന് പുറമേ വെള്ളിക്കും ഇതേ പ്രതിസന്ധിയാണ്. കേരളത്തിൽ സ്വർണവില പവന് എത്രരൂപവരെ ഇടിയുമെന്ന ചോദ്യം ഉപഭോക്താക്കൾ ഉയർത്തുന്നുണ്ട്. തൽക്കാലം ഇടിവ് നേരിട്ടാലും വിലക്കുറവ് മുതലെടുത്തുള്ള വാങ്ങൽതാൽപ്പര്യം (ബയിങ് ദ ഡിപ്) വർധിക്കുന്നത് സ്വർണവിലയെ തിരിച്ചുകയറ്റുമെന്നാണ് വിലയിരുത്തൽ.
രാജ്യാന്തര സ്വർണവില മെല്ലെ തിരിച്ചുകയറുമെന്നു യുഎസ് ധനകാര്യസ്ഥാപനമായ ഗോൾഡ്മാൻ സാക്സ് അഭിപ്രായപ്പെട്ടു. 2027 അവസാനത്തോടെ വില 4650 ഡോളർ ആകുമെന്നാണ് ഗോൾഡ്മാൻ സാക്സ് പറയുന്നത്. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ പവൻവില വീണ്ടും ലക്ഷം കടക്കും. ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 90 രൂപ കുറഞ്ഞ് 9330 രൂപയായി. രാജ്യാന്തര വിപണിയിൽ വെള്ളിവില ഔൺസിന് 7.8% ഇടിവുമായി 40.99 ഡോളറിൽ എത്തി. എന്നാൽ, കേരളത്തിൽ വില മാറിയില്ല. ഗ്രാമിന് 175 രൂപ.






