ഡൽഹി: ആഭ്യന്തര മന്ത്രാലയത്തിന്റെ പോർട്ടൽ ഹാക്ക് ചെയ്ത് അഗ്നിവീറുകളുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ 14 വയസ്സുകാരനെ പോലീസ് പിടികൂടി. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയാണ് കുട്ടി പോർട്ടലിൽ കടന്നുകയറിയതെന്നാണ് വിവരം. എന്നാൽ, സംഭവത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
സൈന്യത്തിൽ നിന്ന് വിരമിച്ചവർക്കും അഗ്നിവീറുകൾക്കും മറ്റ് തൊഴിലവസരങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട കരിയർ വിവരങ്ങൾ സൂക്ഷിക്കുന്ന പോർട്ടലിലെ വിവരങ്ങളാണ് ചോർന്നത്. ഈ വെബ്സൈറ്റിൽ നിന്നുള്ള 2,500-ലധികം അഗ്നിവീറുകളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വെച്ചിരുന്നതായാണ് സൂചന.
ഡാർക്ക് വെബിൽ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഡാറ്റ ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. വിൽപ്പന നടക്കുന്നതിന് മുൻപുതന്നെ ഏജൻസികൾ കുട്ടിയെ പിടികൂടുകയായിരുന്നു. കണ്ടെത്തിയ വിവരങ്ങൾ അഗ്നിവീർ സൈനിക റിക്രൂട്ട്‌മെന്റുമായി ബന്ധമുണ്ടാകാമെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രാഥമിക വിലയിരുത്തൽ.
എളുപ്പത്തിൽ പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃത്യം നടത്തിയതെന്നാണ് ചോദ്യം ചെയ്യലിൽ ലഭിക്കുന്ന വിവരം. ചോർത്തപ്പെട്ട ഫയലുകളുടെ കൃത്യമായ സ്വഭാവം എന്താണെന്നും, റിക്രൂട്ട്‌മെന്റ് പോർട്ടൽ ഹാക്ക് ചെയ്താണോ വിവരങ്ങൾ ശേഖരിച്ചതെന്നും പോലീസ് പരിശോധിച്ചുവരികയാണ്. പോർട്ടലിലേക്ക് എങ്ങനെയാണ് പ്രവേശിച്ചതെന്നും, എങ്ങനെയാണ് ഹാക്ക് ചെയ്തതെന്നും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.






