മുരളീധരന്റെ മിഠായി വിതരണത്തിൽ വിവാദം; ജന്മിത്ത മനോഭാവമെന്ന് ശിവൻകുട്ടി

Spread the love

തിരുവനന്തപുരം∙ കട്ടേല ട്രൈബല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവേശനോത്സവ സമയത്ത് വി.മുരളീധരന്‍ എംഎല്‍എ നടത്തിയ മിഠായി വിതരണം വിവാദമാക്കി സിപിഎം. കുട്ടികളുടെ കൈയിലേക്ക് മിഠായി നല്‍കാതെ പായ്ക്കറ്റില്‍നിന്നു ഡെസ്‌കിനു പുറത്തേക്കു തട്ടിയിട്ടുവെന്ന ആരോപണം ഉന്നയിച്ച് മുന്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അടക്കമുള്ളവരാണ് രംഗത്തെത്തിയത്. അതേസമയം, പരിപാടിക്കു മന്ത്രി എത്തിയതിനാല്‍ വേഗത്തില്‍ വിതരണം പൂര്‍ത്തിയാക്കാനാണ് മേശ തോറും ഒന്നിച്ച് നല്‍കിയതെന്ന് വി.മുരളീധരന്‍ പ്രതികരിച്ചു. നിയമസഭ തല്ലിത്തകര്‍ത്ത ശിവന്‍കുട്ടി അപ്പൂപ്പനില്‍ നിന്ന് ‘സംസ്‌ക്കാരം’ പഠിക്കേണ്ട ഗതികേട് തല്‍ക്കാലം ഇല്ലെന്നും വി.മുരളീധരന്‍ വ്യക്തമാക്കി.

 

ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് മുരളീധരന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ജന്മിത്ത മനോഭാവത്തെയാണിത് കാണിക്കുന്നതെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു. വേണമെങ്കില്‍ എടുത്തോളൂ എന്ന മട്ടിലുള്ള രീതിയാണിത്. അടിമകള്‍ക്ക് ആഹാരം കൊടുക്കുന്നത് പോലെയുള്ള പ്രാകൃതരീതിയിലാണോ കുട്ടികളെ സ്‌കൂളിലേക്ക് വരവേല്‍ക്കുന്നത്. മുരളീധരന്റേത് സവര്‍ണ്ണ മനോഭാവമാണെന്നും കൊച്ച് കുട്ടികള്‍ക്ക് മിഠായി കയ്യില്‍ കൊടുത്ത് അവരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം വാരി വിതറുകയാണ് ചെയ്തതെന്നും ശിവന്‍കുട്ടി കുറ്റപ്പെടുത്തി. എന്തിനാണ് മുരളീധരന്‍ അവിടെ പോയത്. കയ്യില്‍ മിഠായി കൊടുക്കാന്‍ പറ്റില്ലെങ്കില്‍ പോവാതിരിക്കാമായിരുന്നു. ഏറ്റവും ഹീനമായ പ്രവൃത്തിയാണിത്. കേരളത്തിന്റെ സംസ്‌കാരത്തിനു യോജിച്ച പ്രവൃത്തിയല്ല ഇത്. പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ പഠിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ വച്ച്, അവിടുത്തെ വിദ്യാര്‍ത്ഥികളെ ഇത്രത്തോളം അവഹേളിക്കാന്‍ ഒരു ജനപ്രതിനിധിക്ക് എങ്ങനെ സാധിക്കുന്നു എന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മനസ്സില്‍ മനുസ്മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്തതെന്നും എ.എ.റഹീം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

അതേസമയം, കട്ടേല മോഡല്‍ സ്‌കൂളിലെ കുരുന്നുകള്‍ക്ക് മിഠായിയും വാങ്ങിയാണ് താന്‍ പ്രവേശനോല്‍സവത്തിന് പോയത് എന്ന് മുരളീധരന്‍ വ്യക്തമാക്കി. മറ്റാരും വിതരണം ചെയ്യാന്‍ ഏല്‍പ്പിച്ചതല്ല. അവിടെ ചെന്നപ്പോള്‍ മന്ത്രി എത്തി, പരിപാടി തുടങ്ങാറായി. വാങ്ങിക്കൊണ്ടു ചെന്ന മിഠായി ഓരോ കുട്ടിക്കായി കൊടുക്കാന്‍ നിന്നാല്‍ മന്ത്രിയടക്കം മറ്റുള്ളവര്‍ പിന്നെയും കാത്തു നില്‍ക്കേണ്ടി വരും. കുട്ടികള്‍ക്ക് വാങ്ങിയ മിഠായി അവര്‍ക്ക് കൊടുക്കണമല്ലോ. വേഗത്തില്‍ വിതരണം പൂര്‍ത്തിയാക്കാന്‍ മേശ തോറും ഒന്നിച്ച് നല്‍കി. ഈ ചെറിയ കാര്യത്തിനാണ് സിപിഎം ജാതി വിദ്വേഷത്തിന്റെ നിറം കൊടുക്കാന്‍ ശ്രമിച്ചത്. എത്ര കൊടുംവിഷമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി കുഞ്ഞുങ്ങളില്‍പ്പോലും കുത്തി നിറയ്ക്കാന്‍ ശ്രമിച്ചത്. തിരഞ്ഞെടുപ്പില്‍ ജനം ചൂലെടുത്ത് അടിച്ചിറക്കിയിട്ടും സിപിഎമ്മിന്റെയും അവരുടെ അടിമകളുടെയും കണ്ണു തുറന്നിട്ടില്ല എന്നും മുരളീധരന്‍ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു.

  • Related Posts

    ഒരാള്‍ക്ക് എത്ര ലിറ്റര്‍ വരെ മദ്യം കൈവശം വയ്ക്കാം? ലംഘിച്ചാല്‍ ശിക്ഷയെന്ത്?

    Spread the love

    Spread the loveകേരള അബ്കാരി നിയമപ്രകാരം ഒരാള്‍ക്ക് വീടുകളിലോ കൈവശമോ വയ്ക്കാവുന്ന മദ്യത്തിന്റെ അളവിന് വ്യക്തമായ പരിധിയുണ്ട്. അനുവദനീയമായ അളവില്‍ കൂടുതല്‍ മദ്യം കൈവശം വയ്ക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്. ലൈസന്‍സില്ലാതെ ഒരാള്‍ക്ക് വ്യക്തിഗത ആവശ്യത്തിനായി കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ പരിധി എക്‌സൈസ്…

    ജയില്‍ മെനുവില്‍ നിന്ന് മട്ടനും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭം

    Spread the love

    Spread the loveതിരുവനന്തപുരം: തടവുകാര്‍ ഏറെ ആസ്വദിച്ച് കഴിക്കുന്ന മട്ടനും മീന്‍ കറിയും ജയില്‍ മെനുവില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത. ഇതുസംബന്ധിച്ച് ജയില്‍ വകുപ്പ് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു. ഉയര്‍ന്ന ചെലവും ആരോഗ്യപരമായ കാരണങ്ങളും സംഭരണ ബുദ്ധിമുട്ടും ചൂണ്ടിക്കാണിച്ചാണ് ഈ…

    Leave a Reply

    Your email address will not be published. Required fields are marked *