ജൂൺ 28-ന് തുടങ്ങിയ നിരാഹാരം. ജൂലൈ 18-ന്, ജന്തർമന്തറിലെ സമരപ്പന്തലിൽനിന്ന് ഡൽഹിപോലീസ് ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്കു നീക്കുന്നതുവരെ അത് നീണ്ടു. രാജ്യത്തെ യുവാക്കളുടെ വിദ്യാഭ്യാസവും ഭാവിയും അപകടത്തിലാകാതിരിക്കാൻ സ്വന്തം ആരോഗ്യംപോലും വകവെക്കാതെയാണ് ആ അമ്പത്തൊമ്പതുകാരൻ സമരം നടത്തിയത്. എൻജിനീയറും അധ്യാപകനുമായ സോനം വാങ്ചുക്കിന് സമരവേദികൾ പുത്തരിയല്ല. ലഡാക്കിന്റെ മഞ്ഞുമലകളിൽനിന്ന് ഡൽഹിയിലേക്കെത്തിയപ്പോൾ കാരണം മാറിയെന്നുമാത്രം. ഇത്തവണ വിഷയം പരിസ്ഥിതിയല്ല, പരീക്ഷാക്രമക്കേടാണ്. നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പാറ്റകൾ എന്നു സ്വയംവിളിക്കുന്ന സിജെപി എന്ന യുവജനമുന്നേറ്റത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് സോനം ഇക്കുറി സമരവേദിയിലെത്തിയത്.
ശനിയാഴ്ച പുലർച്ചെ ഏഴുമണിക്ക്, സമരവേദിയിൽ ആളുകൾ കുറവായിരുന്ന നേരം നോക്കി പോലീസ് വെള്ളഷീറ്റുകൾ വിരിച്ചു കാഴ്ച മറച്ചു. എന്താണു സംഭവിക്കുന്നതെന്നു പുറത്തുള്ളവർ തിരിച്ചറിയുംമുൻപ് വാങ്ചുക്ക് ആംബുലൻസിൽ കയറിക്കഴിഞ്ഞിരുന്നു. ഡൽഹി ഹൈക്കോടതിയുടെ ആരോഗ്യപരിരക്ഷാ നിർദേശമാണ് അടിസ്ഥാനമെന്നു പോലീസ് പറയുമ്പോൾ, പിറ്റേന്നത്തെ പാർലമെന്റ് മാർച്ചിനു തൊട്ടുമുൻപ് സമരം അലങ്കോലപ്പെടുത്താനുള്ള നീക്കമാണിതെന്നാണ് സി.ജെ.പിയുടെ ആരോപണം. വാങ്ചുക്കിനെ നീക്കിയതിൽ പ്രതിഷേധിച്ച് സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്‌കെ അനിശ്ചിതകാല നിരാഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു സ്‌കൂൾപോലുമില്ലാത്ത ലഡാക്കിലെ ഗ്രാമത്തിൽനിന്ന് ദേശീയശ്രദ്ധയിലേക്കുള്ള സോനത്തിന്റെ യാത്ര ഒരാൾക്കും കണ്ടില്ലെന്നും അറിയേണ്ടെന്നും നടിക്കാനാകുന്നതല്ല.
പള്ളിക്കൂടം ‘കാണാത്ത’ ബാലന്റെ കണ്ടുപിടിത്തങ്ങളും സമരവും
ബോളിവുഡ് ചിത്രം ‘ത്രീ ഇഡിയറ്റ്‌സി’ലെ ഫുൻസുക് വാങ്ഡു എന്ന കഥാപാത്രത്തിന് പ്രചോദനമായത് സോനം വാങ്ചുക്കിന്റെ ജീവിതമാണെന്ന ധാരണയാണ് ഈ അടുത്തകാലം വരെ പലരെയും സോനത്തിനെ പരിചിതനാക്കിയത്. (താൻ അഭിനയിച്ച ചിത്രത്തിലെ റാഞ്ചു എന്ന കഥാപാത്രം സോനം വാങ്ചുക്കിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടതാണ് എന്ന ചർച്ചകളെ ആമിർ ഖാൻ ഇക്കഴിഞ്ഞ ദിവസം തള്ളിയിരുന്നു.)
ലേയ്ക്കു സമീപം ഉല്യാക്ടോപോ ഗ്രാമത്തിൽ ജനിച്ച സോനം ഒമ്പത് വയസ്സുവരെ സ്‌കൂൾ കണ്ടിട്ടില്ല. ഗ്രാമത്തിലെങ്ങും സ്കൂളുണ്ടായിരുന്നില്ല. 1975-ൽ പിതാവ് സോനം വാങ്യാൽ ജമ്മു-കശ്‌മീർ സർക്കാരിൽ മന്ത്രിയായാകേണ്ടിവന്നു സോനത്തിന് ‘പള്ളിക്കൂടം’ കാണാൻ. കുടുബം ശ്രീനഗറിലേക്കു താമസം മാറ്റി അവിടെ സ‌്കൂളിൽ ചേർന്നെങ്കിലും സോനത്തിന് പരിചിതമായ ഭാഷയായിരുന്നില്ല അവിടെ പഠിപ്പിച്ചിരുന്നത്. ഇംഗ്ലിഷ്, ഹിന്ദി, ഉറുദു ഭാഷകളായിരുന്നു അവ. ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലഘമായി സോനം തന്നെ ആ സമയത്തെ പിന്നീട് വിശേഷിപ്പിച്ചിട്ടുണ്ട്.
11-ാം വയസ്സിൽ സോനം നാടുവിട്ടു. ഒറ്റയ്ക്ക് ഡൽഹിക്കു ട്രെയിൻ കയറി. അതിർഥി പ്രദേശങ്ങളിലെയും ആദിവാസി വിഭാഗത്തിലെയും കുട്ടികൾക്കായി പ്രവർത്തിക്കുന്ന വിശേഷ് കേന്ദ്രീയ വിദ്യാലയത്തിലാണ് സോനം അഭയം നേടിയത്. തന്റെ പശ്ചാത്തലം സ്കൂൾ പ്രിൻസിപ്പളിനോട് നേരിട്ട് പറഞ്ഞു. സോനത്തിന്റെ സ്കൂളിലേയും ജീവിതത്തിലെയും അടിത്തറപാകിയത് ആ സ്കൂൾ കാലഘട്ടമാണ്.
ഒമ്പതാം വയസ്സുവരെ സ്കൂൾ കണ്ടിട്ടില്ലാത്ത ലഡാക്കി ബാലൻ്റെ വിദ്യാഭ്യാസ യോഗ്യതകൾ ഒരു ബിരുദത്തിൽ ഒതുങ്ങുന്നതല്ല. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക്, 1987-ൽ ശ്രീനഗറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (അന്നത്തെ ആർ.ഇ.സി ശ്രീനഗർ) നിന്നാണ് അദ്ദേഹം മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം പൂർത്തിയാക്കിയത്.
എർത്തേൺ ആർക്കിടെക്ചർ ഉപരിപഠനത്തിലേക്കും നീണ്ടു പഠനം. 2011-ൽ ഫ്രാൻസിലെ ഗ്രെനോബിളിലുള്ള പ്രശസ്തമായ ക്രാറ്റെർ സ്കൂൾ ഓഫ് ആർക്കിടെക്ചറിൽ നിന്ന് മൺ-നിർമ്മിത വാസ്തുവിദ്യയിൽ അദ്ദേഹം രണ്ടു വർഷത്തെ ഉപരിപഠനം നടത്തി. ഈ അറിവാണ് പിന്നീട് ലഡാക്കിൽ പരിസ്ഥിതി സൗഹൃദവും സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്നതുമായ കെട്ടിടങ്ങൾ നിർമ്മിക്കാൻ അദ്ദേഹത്തെ സഹായിച്ചത്.
പഠിച്ചതെല്ലാം പ്രാവർത്തികമാക്കിയ സോനം
പിന്നീടങ്ങോട്ട് പഠിച്ചതെല്ലാം പ്രാവർത്തികമാക്കുന്ന തിരക്കിലായി സോനം. 1988-ൽ, ലഡാക്കിലെ കുട്ടികളുടെ പഠനനിലവാരം ഉയർത്താനായി സഹോദരന്മാർക്കും മറ്റ് സഹപ്രവർത്തകർക്കുമൊപ്പം ചേർന്ന് ‘സ്റ്റുഡന്റ്സ് എജ്യുക്കേഷനൽ ആൻഡ് കൾചറൽ മൂവ്‌മെന്റ് ഓഫ് ലഡാക്ക്’ (SECMOL) സ്ഥാപിച്ചു. പൂർണ്ണമായും പരിസ്ഥിതി സൗഹൃദപരമായാണ് സെക്മോൾ കാമ്പസ് നിർമ്മിച്ചിരിക്കുന്നത്. പാസീവ് സോളാർ ആർക്കിടെക്ചർ സാങ്കേതികവിദ്യ ഉപയോഗിച്ചതിനാൽ, ലഡാക്കിലെ അതികഠിനമായ ശൈത്യകാലത്ത് പോലും കൽക്കരിയോ വിറകോ കത്തിക്കാതെ ഈ കെട്ടിടങ്ങൾക്കുള്ളിൽ സുഖകരമായ ചൂട് നിലനിൽക്കും.
പിന്നീട് ഓപ്പറേഷൻ ന്യൂ ഹോപ് എന്ന പദ്ധതിയിലൂടെ വിദ്യാഭ്യാസ പരിഷ്‌കരണം നടപ്പാക്കി. പ്രദേശത്തെ ഗ്രാമീണ സ്‌കൂളിൽ പരിക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതിയ്കു കീഴിൽ അധ്യാപകരെ പ്രത്യേക പാഠ്യരീതി അഭ്യസിപ്പിച്ചു. ഉറുദുവിനു പകരം ഇംഗ്ലിഷിനും ലഡാക്കി ഭാഷയ്ക്കുമായിരുന്നു അവിടെ മുൻഗണന. ഇതോടെ 1996-ൽ മെട്രിക്കുലേഷനിന് 5% പേർ മാത്രം വിജയം കണ്ടിരുന്ന ലഡാക്കിൽ 2015-ൽ വിജയശത മാനം 75 ആയി. ജീവിക്കാനാവശ്യമായ എല്ലാ സ്കില്ലുകളുമായി പുറത്തേക്കിറങ്ങുന്ന കുട്ടികളെ ആ സ്ഥാപനം വാർത്തെടുത്തു. വിദ്യാർത്ഥികളും ജീവനക്കാരും സന്നദ്ധപ്രവർത്തകരും ഒരുമിച്ച് താമസിക്കുകയും ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന ഇക്കോ-വില്ലേജ് ആയി വളർന്നു. പ്രായോഗിക വിദ്യാഭ്യാസത്തിനും പരിസ്ഥിതി, സമൂഹം, പാരമ്പര്യം എന്നിവയുമായി ബന്ധപ്പെട്ട അറിവുകളും മൂല്യങ്ങളും നൈപുണ്യങ്ങളും നേടിയെടുക്കാനുള്ള ഒരിടമായി മാറി.
പരീക്ഷണാത്മക പഠനത്തിനും പ്രായോഗിക അറിവുകൾക്കും മുൻഗണന നൽകിക്കൊണ്ട് ഭാര്യ ഗീതാഞ്ജലി ആങ്മോയ്ക്കൊപ്പംചേർന്ന് ലഡാക്കിൽ ‘ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സ് ലഡാക്ക്’ (HIAL) എന്ന സമാന്തര ഉന്നത വിദ്യാഭ്യാസ സ്ഥാപനവും ആരംഭിച്ചു. ഗീതാഞ്ജലിയാണ് സ്ഥാനത്തിന്റെ സി.ഇ.ഒ.
‘സിസ്റ്റത്തിന്റെ’ വീഴ്ചകൾക്ക് പരിഹാരങ്ങൾ കണ്ടുകൊണ്ടേയിരുന്ന സോനം
വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുപുറത്തും സോനത്തിന്റെ ബുദ്ധിയും കഴിവും പ്രയോഗികമാക്കിയ സാഹചര്യങ്ങളുണ്ട്. ലഡാക്കിലെ കർഷകർ നേരിടുന്ന ജലക്ഷാമം പരിഹരിക്കാൻ ‘ഐസ് സ്‌തൂപ’ പദ്ധതി കൊണ്ടുവന്നു. ശൈത്യകാലത്ത് ലഭിക്കുന്ന മഞ്ഞ് ഉരുകാതെ സംഭരിക്കുന്ന കൃത്രിമ ഹിമാനികൾ ആയിരുന്നു ഐസ് അവ.
2018-ൽ ഏഷ്യയിലെ നോബേൽ പ്രൈസ് എന്നറിയപ്പെടുന്ന ഉന്നത ബഹുമതിയായ മാഗ്സസെ പുരസ്കാരത്തിന് സോനം അർഹനായി. ലഡാക്കിലെ കഠിനമായ തണുപ്പിൽ കഴിയുന്ന ഇന്ത്യൻ സൈനികർക്കായി സോനം 2021-ൽ സോളാർ ഊർജ്ജത്താൽ പ്രവർത്തിക്കുന്ന മൊബൈൽ സോളാർ പവർടെന്റുകൾ രൂപകൽപ്പന ചെയ്തു. കരിയോ മറ്റ് ഇന്ധനങ്ങളോ ഉപയോഗിക്കാതെ, പൂർണ്ണമായും സൗരോർജ്ജം മാത്രം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ടെന്റുകൾ മൈനസ് ഡിഗ്രി തണുപ്പിലും ഉള്ളിൽ ചൂട് നിലനിർത്താൻ സഹായിക്കുന്നു.
സമരപഥത്തിലേക്ക്: NEET-നു മുൻപത്തെ പോരാട്ടങ്ങൾ
വിദ്യാഭ്യാസ പരിഷ്‌കർത്താവ് എന്നതിനൊപ്പം, കഴിഞ്ഞ ഏഴു വർഷമായി ലഡാക്കിന്റെ അവകാശങ്ങൾക്കായുള്ള സമരമുഖത്തും വാങ്ചുക്ക് സജീവമായിരുന്നു. 2019-ൽ ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കി കേന്ദ്രഭരണപ്രദേശമാക്കിയതിനുശേഷം, ലഡാക്കിന് ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരമുള്ള സംരക്ഷണവും സംസ്ഥാനപദവിയും ആവശ്യപ്പെട്ടായിരുന്നു പോരാട്ടം.
സമര ഘട്ടം എന്തു സംഭവിച്ചു
2023–24 സംസ്ഥാനപദവിക്കും ആറാം ഷെഡ്യൂളിനുമായി ആവർത്തിച്ചുള്ള ഉപവാസങ്ങൾ, വീട്ടുതടങ്കൽ
2025 സെപ്റ്റംബർ 35 ദിവസത്തെ നിരാഹാരത്തിനിടെ ലഡാക്കിൽ സംഘർഷം, ബി.ജെ.പി. ഓഫീസ് ആക്രമിക്കപ്പെട്ടു; അക്രമം അപലപിച്ച് വാങ്ചുക്ക് സമരം അവസാനിപ്പിച്ചു
തുടർന്ന് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്ന കുറ്റം ചുമത്തി ദേശീയസുരക്ഷാ നിയമപ്രകാരം അറസ്റ്റ്; ഹയാൽ സ്ഥാപനത്തിനെതിരേ CBI അന്വേഷണം
ജനക്കൂട്ടത്തിന് അക്രമവുമായി ബന്ധമില്ലെന്ന് സംഘടന വ്യക്തമാക്കിയിരുന്നെങ്കിലും പ്രസംഗത്തിലെ പരാമർശങ്ങളാണ് സംഘർഷത്തിനു വഴിവച്ചതെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ഈ പോരാട്ടങ്ങളുടെ തുടർച്ചയായാണ്, ഏതാനും മാസങ്ങൾക്കിപ്പുറം, പൂർണമായും വേറൊരു വിഷയത്തിൽ നീറ്റ് യു.ജി. ചോർച്ചയിൽ അദ്ദേഹം വീണ്ടും നിരാഹാരമിരിക്കുന്നത്.
ഇന്ത്യൻ വിദ്യാഭ്യാസത്തോടുള്ള ചോദ്യങ്ങൾ
ഓർമശക്തിക്കു പകരം ഗ്രഹണശേഷിക്കു പ്രാധാന്യം നൽകുന്ന പരീക്ഷകൾ, അധ്യാപകർക്കുള്ള വിശ്വാസ്യതയും ബഹുമാനവും, എല്ലാ കുട്ടികൾക്കും ഗുണനിലവാരമുള്ള പൊതുവിദ്യാഭ്യാസം എന്നിങ്ങനെ ദീർഘകാല പരിഷ്‌കാരങ്ങൾ വേണമെന്ന വിശാലമായ ആവശ്യവും പ്രക്ഷോഭത്തിനു പിന്നിലുണ്ട്. ഈ ആശയം ഗീതാഞ്ജലി ആങ്‌മോ ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ഒപ്പീനിയൻ ലേഖനത്തിലും മുന്നോട്ടുവയ്ക്കുന്നുണ്ട്. തങ്ങളുടെ ദാമ്പത്യത്തിന്റെ അടിസ്ഥാനം തന്നെ വിദ്യാഭ്യാസം വഴിയുള്ള രാഷ്ട്രനിർമാണമായിരുന്നുവെന്ന് അവർ ഓർമ്മിപ്പിക്കുന്നു.
എന്താണ് നീറ്റ് യു.ജി പരീക്ഷാക്രമക്കേട്?
ഇക്കഴിഞ്ഞ മേയിൽ നടന്ന മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് യു.ജി ചോദ്യക്കടലാസ് ചോർന്നതായി കണ്ടെത്തിയതാണ് തുടക്കം. 23 ലക്ഷത്തോളം വിദ്യാർഥികൾ എഴുതിയ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തേണ്ടിവന്നു. ലക്ഷക്കണക്കിനു വിദ്യാർഥികളുടേയും കുടുംബങ്ങളുടെയും വർഷങ്ങളുടെ അധ്വാനത്തെ ബാധിച്ച സംഭവം, പരീക്ഷാസംവിധാനത്തിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യംചെയ്യുന്ന ദേശീയവിഷയമായി മാറി. ഇതിന്റെ ഉത്തരവാദിത്തം ചൂണ്ടിക്കാട്ടി കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാണ് സമരക്കാരുടെ മുഖ്യആവശ്യം.
30 വയസ്സുകാരൻ അഭിജീത് ദീപ്‌കെ മേയിൽ തുടങ്ങിയ കോക്രോച്ച് പാർട്ടി എന്ന ജെൻ-സീ കൂട്ടായ്മ, ദിവസങ്ങൾക്കുള്ളിൽ ഇൻസ്റ്റഗ്രാമിൽ രണ്ടു കോടിയിലധികം ഫോളോവേഴ്‌സിനെ നേടി.
ഇവർ പരീക്ഷാസംവിധാനത്തിലെ അനീതി ഉന്നയിച്ച് രംഗത്തെത്തി. ഈ മുന്നേറ്റത്തിന് ഐക്യദാർഢ്യമായാണ് വാങ്ചുക്ക് ജൂൺ 28-ന് നിരാഹാരം തുടങ്ങിയത്.








