പട്‌ന: ഏകദേശം രണ്ട് മാസത്തോളമായി, ആരും നൽകാൻ തയ്യാറാകാത്ത ഉത്തരങ്ങൾക്കായി ഗൗരിശങ്കർ കുമാർ തിരച്ചിലിലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ, 19-കാരിയായ സുജാത കുമാരിയെ പെട്ടെന്നൊരു ദിവസം കാണാതാവുകയായിരുന്നു. ഫോൺ കോളുകൾക്ക് മറുപടിയുണ്ടായിരുന്നില്ല. തങ്ങൾക്ക് ഒന്നുമറിയില്ലെന്നായിരുന്നു അവളുടെ കുടുംബത്തിന്റെ നിലപാട്. ദിവസങ്ങൾ ആഴ്ചകളായതോടെ ഗൗരിശങ്കറിന്റെ ഭയം വർധിച്ചു.
ആരും തന്റെ പരാതിക്ക് വേണ്ട പരിഗണന നൽകുന്നില്ല എന്ന് മനസിലാക്കിയ ഗൗരിശങ്കർ ഒടുവിൽ ഒരു പൊതു അഭ്യർത്ഥനയുമായി രംഗത്തെത്തി. സാമൂഹികമാധ്യമത്തിൽ വികാരാധീനമായ വീഡിയോകൾ പങ്കുവെച്ചുകൊണ്ട് തന്റെ ഭാര്യയെ കണ്ടെത്താൻ ഗൗരിശങ്കർ അധികാരികളോട് അപേക്ഷിച്ചു. അവളുടെ തിരോധാനത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ താൻ ജീവനൊടുക്കുമെന്ന് മുന്നറിയിപ്പ് നൽകി.
‘എന്റെ ഭാര്യക്ക് അരുതാത്തത് എന്തോ സംഭവിച്ചിട്ടുണ്ട്. ഒന്നുകിൽ എന്റെ ഭാര്യയുടെ കൊലയാളികളെ കണ്ടെത്തുക, അല്ലെങ്കിൽ ഞാൻ ജീവനൊടുക്കും.’ അദ്ദേഹം പറഞ്ഞു. ഇതോടെ അധികാരികൾ വിഷയത്തിൽ കുറച്ചുകൂടി കാര്യക്ഷമമായ അന്വേഷണം ആരംഭിച്ചു. പേലീസന്റെ അന്വേഷണത്തിൽ ആദ്യം ഒരു തിരോധാനക്കേസായി തോന്നിയ സംഭവം, ഇപ്പോൾ നാടിനെ മുഴുവൻ നടുക്കുന്ന ഒരു ദുരഭിമാനക്കൊലയായി മാറിയിരിക്കുകയാണ്.
ബീഹാറിലെ മുസാഫർപൂർ ജില്ലയിലാണ്, മറ്റൊരു ജാതിയിൽപ്പെട്ടയാളെ വിവാഹം കഴിച്ചതിന്റെ പേരിൽ യുവതിയെ സ്വന്തം വീട്ടുകാർ തന്നെ കൊലപ്പെടുത്തിയത്. ഗൗരിശങ്കറിന്റെ നിരന്തരമായ പരിശ്രമത്തിനൊടുവിൽ അധികാരികൾ കേസ് ഗൗരവമായി അന്വേഷിക്കാൻ നിർബന്ധിതരായതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
സുജാതയെ സ്വന്തം കുടുംബാംഗങ്ങൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് പോലീസിന്റെ നിഗമനം. കുറ്റകൃത്യത്തിന്റെ തെളിവുകൾ നശിപ്പിക്കാനായി അവളുടെ മൃതദേഹം ബുധി ഗന്ധക് നദിക്കരയിൽ കൊണ്ടുപോയി കത്തിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. പ്രണയവും പ്രശ്‌നങ്ങളും ഒളിച്ചോട്ടവും എല്ലാമായി സംഭവബഹുലമായിരുന്നു സുജാതയുടെയും ഗൗരിശങ്കറിന്റെയും ജീവിതം. ഒടുവിൽ സ്വന്തം വീട്ടുകാരുടെ കൈകൊണ്ടുതന്നെ ആ ജീവിതം ഇല്ലാതായി.
അയൽഗ്രാമങ്ങളിലെ താമസക്കാരായ സുജാതയും ഗൗരിശങ്കറും സ്‌കൂൾ കാലം മുതൽ സുഹൃത്തുക്കളായിരുന്നു. 2020-ൽ ഇവരുടെ സൗഹൃദം പ്രണയമായി മാറി. എന്നാൽ ഇരുവരും വ്യത്യസ്ത ജാതികളിൽ പെട്ടവരായതുകൊണ്ട് തന്നെ ഇരുകുടുംബങ്ങളും അവരുടെ ബന്ധത്തെ ശക്തമായി എതിർത്തു. ഈ എതിർപ്പുകളെ ആറ് വർഷത്തോളം ഇരുവരും അതിജീവിച്ചു.
ഒടുവിൽ ഈ വർഷം ജനുവരിയിൽ ദമ്പതികൾ ഒളിച്ചോടി സമസ്തിപുരിൽവെച്ച് വിവാഹിതരായി, ശേഷം ഹരിയാനയിലേക്ക് താമസംമാറി. ജാതിയിൽ ഗൗരിശങ്കറിന്റെ കുടുംബത്തേക്കാളും ഉയർന്ന നിലയിലുള്ള സുജാതയുടെ കുടുംബത്തിൽ വലിയ പ്രശ്‌നങ്ങൾക്കാണ് ഈ വിവാഹം തുടക്കമിട്ടത്. സുജാതയെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് അവർ പോലീസിൽ കേസ് രജിസ്റ്റർ ചെയ്തു.
ഫെബ്രുവരിയിൽ പോലീസ് ദമ്പതികളെ കണ്ടെത്തി കോടതിയിൽ ഹാജരാക്കി. പോലീസിനോടും കോടതിയോടും സുജാത തന്റെ നിലപാട് വ്യക്തമാക്കി. താൻ പ്രായപൂർത്തിയായ ആളാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഗൗരിശങ്കറിനെ വിവാഹം കഴിച്ചതെന്നും ഭർത്താവിനൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അവൾ കോടതിയെ അറിയിച്ചു. എന്നാൽ, സ്വന്തം പ്രണയത്തിന് വേണ്ടിയുള്ള ആ യുവവധുവിന്റെ പോരാട്ടം അവിടെ അവസാനിച്ചിരുന്നില്ല.
നിയമനടപടികൾ സുജാതയേയും ഗൗരിശങ്കറിനേയും വേർപെടുത്തുന്നതിലേക്കാണ് എത്തിയത്. തുടർന്ന് ഹോളി സമയത്ത് സുജാതയ്ക്ക് സ്വന്തം വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. ഗൗരിശങ്കർ പറയുന്നതനുസരിച്ച്, മാർച്ച് 31-നാണ് അദ്ദേഹം സുജാതയോട് അവസാനമായി സംസാരിച്ചത്; അതിനുശേഷം അവൾ ‘അപ്രത്യക്ഷയായി’.
ഭാര്യയെക്കുറിച്ച് ഒരു വിവരവുമില്ലാതെ ആഴ്ചകൾ കടന്നുപോയപ്പോൾ, എന്തോ ദാരുണമായ സംഭവം നടന്നതായി ഗൗരിശങ്കർ വിശ്വസിച്ചു. തിരോധാനം അംഗീകരിക്കാൻ വിസമ്മതിച്ച അദ്ദേഹം സാമൂഹികമാധ്യമത്തിൽ ഒരു കാമ്പെയ്ൻ ആരംഭിക്കുകയും തന്റെ ഭാര്യയെ ബന്ധുക്കൾ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് പലതവണ പോലീസിനെ സമീപിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ ആശങ്കകളും മുന്നറിയിപ്പുകളും വൈകാരികമായ അപേക്ഷകളും നീതി ലഭിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്ന ഭീഷണിയും ഒടുവിൽ ഈ കേസിന് വലിയ ശ്രദ്ധ നേടിക്കൊടുത്തു. അദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, മുസാഫർപുർ പോലീസ് മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
കേസിൽ വിശദമായ അന്വേഷണം ആരംഭിച്ച സംഘം ചെന്നെത്തിയത് സുജാതയുടെ സഹോദരൻ അഭിഷേക് കുമാറിലേക്കാണ്. പോലീസിന്റെ ചോദ്യംചെയ്യലിൽ അധികനേരം പിടിച്ചുനിൽക്കാൻ ഇയാൾക്കായില്ല. അങ്ങനെക്രൂരമായ ഒരു ദുരഭിമാനക്കൊലയുടെ ചുരുളഴിഞ്ഞു. സുജാത വീണ്ടും ഭർത്താവിന്റെ അടുത്തേക്ക് മടങ്ങുമെന്ന് കുടുംബാംഗങ്ങൾ ഭയപ്പെട്ടിരുന്നതായി ചോദ്യം ചെയ്യലിൽ അഭിഷേക് സമ്മതിച്ചു.
ഈ ഭയമാണ് ഗൂഢാലോചനയിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്. മേയ് എട്ടിനാണ് പ്രതികൾ സുജാതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. പിന്നീട് തെളിവ് നശിപ്പിക്കാനായി മൃതദേഹം ബുധി ഗന്ധക് നദിക്കരയിൽ കൊണ്ടുപോയി കത്തിച്ചു. അന്വേഷണത്തിനിടെ തിരിച്ചറിഞ്ഞ സ്ഥലത്തുനിന്ന് ഫോറൻസിക് വിദഗ്ധർ സാമ്പിളുകൾ ശേഖരിച്ചു.
ഈ കൊലപാതകത്തിൽ അഞ്ചിലധികം കുടുംബാംഗങ്ങൾക്ക് പങ്കുണ്ടെന്ന് വ്യക്തമായതായി പോലീസ് പറയുന്നു. കേസിൽ കൂടുതൽ ആഴത്തിലുള്ള അന്വേഷണം നടന്നുവരികയാണ്. കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിനും ബാക്കിയുള്ള പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും വേണ്ടിയുന്ന ശ്രമങ്ങൾ നടക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.








