തൃശൂർ ആസ്ഥാനമായ സ്വകാര്യബാങ്കായ സിഎസ്ബി ബാങ്കിലെ (പഴയപേര് കാത്തലിക് സിറിയൻ ബാങ്ക്) ഓഹരി പങ്കാളിത്തം പൂർണമായി വിറ്റൊഴിയാൻ കനേഡിയൻ ശതകോടീശ്വരനും ഇന്ത്യൻ വംശജനുമായ പ്രേം വത്സ നയിക്കുന്ന ഫെയർഫാക്സ് ഇന്ത്യ ഹോൾഡിങ്സ് ശ്രമിച്ചേക്കും. കേന്ദ്രസർക്കാരിനും എൽഐസിക്കും മുഖ്യ ഓഹരിപങ്കാളിത്തമുള്ള ‘സ്വകാര്യ ബാങ്കായ’ ഐഡിബിഐ ബാങ്കിന്റെ ഭൂരിഭാഗം ഓഹരികളും വിൽക്കാൻ കേന്ദ്രം വീണ്ടും നീക്കംനടത്തുന്നുണ്ട്.
ഐഡിബിഐ ബാങ്കിനെ സ്വന്തമാക്കാൻ സജീവമായി രംഗത്തുള്ളത് ഫെയർഫാക്സ് ആണ്. റിസർവ് ബാങ്കിന്റെ നിലവിലെ ചട്ടപ്രകാരം ഒരാൾക്ക് ഒരേസമയം രണ്ട് ബാങ്കുകളുടെ പ്രമോട്ടർ ആകാനാവില്ല. അതായത്, ഒരേസമയം രണ്ട് ബാങ്കിങ് ലൈസൻസ് കൈവശം വയ്ക്കാനാവില്ല. ഒന്നുകിൽ, രണ്ടു ബാങ്കുകളെയും ലയിപ്പിക്കണം. അല്ലെങ്കിൽ, ഒരു ബാങ്കിലെ ഓഹരികൾ വിറ്റൊഴിയണം.
93,500 കോടി രൂപ വിപണിമൂല്യമുള്ള ഐഡിബിഐ ബാങ്ക് സിഎസ്ബി ബാങ്കിനേക്കാൾ വലിയ സ്ഥാപനമാണ്. ലയിക്കാനാണ് തീരുമാനമെങ്കിൽ, ഐഡിബിഐ ബാങ്കിൽ സിഎസ്ബി ബാങ്ക് ലയിപ്പിക്കണം. എന്നാൽ, സിഎസ്ബി ബാങ്കിലുള്ള 40% ഓഹരിപങ്കാളിത്തം പൂർണമായും വിറ്റൊഴിയാനാകും ഫെയർഫാക്സ് തീരുമാനിച്ചേക്കുകയെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്തു.
2018ൽ ആണ് സിഎസ്ബി ബാങ്കിന്റെ 51% ഓഹരി പങ്കാളിത്തം ഫെയർഫാക്സ് സ്വന്തമാക്കിയത്. പിന്നീട് ഓഹരിപങ്കാളിത്തം 40 ശതമാനത്തിലേക്ക് കുറച്ചു. 2019ൽ ആയിരുന്നു സിഎസ്ബി ബാങ്ക് പ്രാരംഭ ഓഹരി വിൽപന (ഐപിഒ) നടത്തി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്.
ഐഡിബിഐ ബാങ്ക് ഓഹരികൾ വിൽക്കാൻ നേരത്തെയും കേന്ദ്രസർക്കാർ ശ്രമിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞവിലയാണ് ഏറ്റെടുക്കാൻ താൽപര്യവുമായി എത്തിയ നിക്ഷേപകർ മുന്നോട്ടുവച്ചത്. തുടർന്ന്, ഓഹരി വിൽപനനീക്കം കേന്ദ്രം തൽക്കാലത്തേക്ക് മാറ്റിവച്ചു. ഇപ്പോൾ, ഈ വർഷം തന്നെ ഓഹരി വിൽപന പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് വീണ്ടും ശ്രമം. കേന്ദ്രസർക്കാരും എൽഐസിയും ചേർന്ന് ഐഡിബിഐ ബാങ്കിലെ 60.72% ഓഹരികളാണ് വിൽക്കുക. ഇതുവഴി 50,000 കോടി രൂപയിൽ കുറയാത്ത തുക സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷകൾ.
അതേസമയം, ഫെയർഫാക്സ് മുഖ്യ ഓഹരിപങ്കാളിത്തത്തിൽ നിന്ന് പിന്മാറിയേക്കുമെന്ന റിപ്പോർട്ട് സിഎസ്ബി ബാങ്കിന്റെ ഓഹരികളെ ഇന്ന് നഷ്ടത്തിലാക്കി. എൻഎസ്ഇയിൽ ഇന്ന് ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോൾ ഓഹരിവിലയുള്ളത് 5.22% താഴ്ന്ന് 325.80 രൂപയിൽ. 5658 കോടി രൂപയാണ് ബാങ്കിന്റെ വിപണിമൂല്യം. ഈ വർഷം ജനുവരി 5ന് കുറിച്ച 574.40 രൂപയാണ് സിഎസ്ബി ബാങ്ക് ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. 52-ആഴ്ചത്തെ താഴ്ത 2026 മാർച്ച് 16ലെ 324.80 രൂപയും. 0.16% താഴ്ന്ന് 86.67 രൂപയിലാണ് ഐഡിബിഐ ബാങ്ക് ഓഹരിയുള്ളത്.








