യൂട്യൂബർമാരുടെ ഒഴുക്ക് വില്ലനായി; ‘ബാലൻ’ ബസ് സ്‌റ്റോപ്പിന്റെ ഭാവി അനിശ്ചിതത്വത്തില്‍

Spread the love

 

 

കൽപ്പറ്റ: ഒരാഴ്ച മുമ്പ് വരെ വയനാട്ടിലെ കുണ്ടുവാടി പ്രദേശത്തെ ആദിവാസി ഉന്നതികൾക്ക് ബാലൻ: ദ ബോയ്ട സിനിമ നൽകിയ സ്നേഹസമ്മാനമായിരുന്നു ആ ബസ് സ്റ്റോപ്പ്. ഇന്ന് അതേ ബസ് സ്റ്റോപ്പ് വനസംരക്ഷണവും ജനങ്ങളുടെ ആവശ്യവും തമ്മിലുള്ള പുതിയൊരു പ്രതിസന്ധിയുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണത്തിനായി 2025ൽ നിർമിച്ച ബസ് സ്റ്റോപ്പ്, ഷൂട്ടിങ് കഴിഞ്ഞപ്പോൾ നാട്ടുകാരുടെ അഭ്യർഥന മാനിച്ച് അണിയറ പ്രവർത്തകർ പൊളിച്ചുമാറ്റാതെ അവിടെത്തന്നെ നിലനിർത്തുകയായിരുന്നു.

 

 

 

 

എന്നാൽ സിനിമ റിലീസായതോടെ ബസ് സ്റ്റോപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായി. പിന്നാലെ യൂട്യൂബർമാരുടെയും വ്ലോഗർമാരുടെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെയും ഒഴുക്ക് കുണ്ടുവാടിയിലേക്കും സമീപത്തെ ചേകാടിയിലേക്കും വർധിച്ചു. സിനിമയിലെ രംഗങ്ങൾ പുനഃസൃഷ്ടിക്കാനും ചിത്രങ്ങളും വീഡിയോകളും പകർത്താനുമായി എത്തുന്നവരിൽ പലരും അനുമതിയില്ലാതെ വനമേഖലയിലേക്ക് കടക്കുന്നതായും ഇത് വന്യജീവികൾക്കും പരിസ്ഥിതിക്കും ഭീഷണിയാകുന്നതായും വനംവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇതോടെയാണ് ബസ് സ്റ്റോപ്പിന്റെ ഭാവി തന്നെ അനിശ്ചിതമായത്.

 

 

 

 

ബസ് സ്റ്റോപ്പ് പൊളിച്ചുമാറ്റാൻ തീരുമാനിച്ചാൽ അത് ദുഃഖകരമാകുമെന്ന് സിനിമയുടെ ആർട്ട് ഡയറക്ടർ അജയൻ ചാലിശ്ശേരി പറഞ്ഞു. “ചേകാടിയിലെത്തിയപ്പോൾ റോഡരികിലെ മരത്തടികളിൽ ഇരുന്ന് കുട്ടികൾ ബസ് കാത്തുനിൽക്കുന്ന കാഴ്ചയാണ് ആദ്യം കണ്ടത്. ആ ബസ് സ്റ്റോപ്പിന്റെ നിർമ്മാണം പൂർത്തിയായപ്പോൾ നാട്ടുകാർക്ക് വലിയ സന്തോഷമായി. ഷൂട്ടിങ് സമയത്തുപോലും കുട്ടികളും പ്രദേശവാസികളും അത് ഉപയോഗിച്ചിരുന്നു. ഷൂട്ടിങ് കഴിഞ്ഞപ്പോൾ ബസ് സ്റ്റോപ്പ് നിലനിർത്തണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിച്ചു.

 

 

 

 

ഇത് താൽക്കാലിക സെറ്റാണെന്നും, തുടർപരിപാലനം ആവശ്യമായിരിക്കുമെന്നും ഞങ്ങൾ വ്യക്തമാക്കിയിരുന്നു. അതിന് അവർ തയ്യാറാണെന്ന് അറിയിച്ചതോടെയാണ് ബസ് സ്റ്റോപ്പ് അവിടെത്തന്നെ വിട്ടത്. പിന്നീട് അത് പൊളിച്ചുമാറ്റണമെന്ന് വനംവകുപ്പിൽ നിന്ന് അറിയിച്ചപ്പോൾ ഞെട്ടിപ്പോയി. ബസ് സ്റ്റോപ്പ് ലഭിച്ചതിലെ നാട്ടുകാരുടെ സന്തോഷം ഞങ്ങളും കണ്ടതാണ്. അത് നിലനിർത്താൻ വനംവകുപ്പ് അനുമതി നൽകുമെന്നാണ് പ്രതീക്ഷ” -അജയൻ പറഞ്ഞു.

 

 

 

 

പ്രദേശവാസികളുടെ ജീവിതത്തിന് ആശ്വാസമായ അതേ ബസ് സ്റ്റോപ്പാണ് ഇന്ന് അത് പൊളിച്ചുമാറ്റണമോയെന്ന ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. ബസ് സ്റ്റോപ്പ് ചിത്രീകരണത്തിനായി താൽക്കാലികമായി നിർമിച്ചതാണെന്നും വനഭൂമിയിൽ അത് സ്ഥിരമായി നിലനിർത്താൻ അനുമതി അനിവാര്യമാണെന്നും സൗത്ത് വയനാട് ഡിഎഫ്ഒ അഷിഖ് അലി പറഞ്ഞു.

 

 

 

 

“ശനിയാഴ്ച ചേകാടിയിൽ യോഗം ചേരും. വനംവകുപ്പും പ്രദേശവാസികളും ചേർന്ന് സാഹചര്യം വിലയിരുത്തും. യൂട്യൂബർമാരുടെ നിയന്ത്രണരഹിതമായ വരവ് തടയാൻ പ്രായോഗിക മാർഗം കണ്ടെത്തുകയും ബസ് സ്റ്റോപ്പ് നിലനിർത്തണമെന്ന പൊതുഅഭിപ്രായം രൂപപ്പെടുകയും ചെയ്താൽ അനുമതി നൽകും. അല്ലാത്തപക്ഷം പൊളിച്ചുമാറ്റേണ്ടിവരും” -അദ്ദേഹം പറഞ്ഞു.

 

 

 

 

കുണ്ടുവാടി ആദിവാസി ഉന്നതികളിലെ കുടുംബങ്ങൾക്ക് ഇത് ഒരു സിനിമാ സെറ്റ് മാത്രമല്ല. എല്ലാ രാവിലെയും കുട്ടികൾ സ്കൂൾ ബസ് കാത്തുനിൽക്കുന്ന ഇടവും, മഴയിലും വെയിലിലും വയോധികർ അഭയം തേടുന്ന തണലും, പുറംലോകത്തേക്കുള്ള പരിമിതമായ ബസ് സർവീസുകൾക്കായി തൊഴിലാളികൾ ഒത്തുചേരുന്ന കേന്ദ്രവുമാണ്. പഴയ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നതിനെ തുടർന്ന് വർഷങ്ങളായി തുറസ്സായ സ്ഥലത്തായിരുന്നു ഇവർ ബസ് കാത്തിരുന്നത്.

 

 

 

 

“ബസ് സ്റ്റോപ്പ് ഇവിടെ നിലനിർത്തിയപ്പോൾ ഞങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു. ഞങ്ങളുടെ കുട്ടികൾ എല്ലാ ദിവസവും അവിടെ നിന്നാണ് ബസിൽ കയറി സ്കൂളിലും കോളേജുകളിലും പോകുന്നത്. പൊളിച്ചുമാറ്റിയാൽ വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങേണ്ടിവരും. ബസ് സ്റ്റോപ്പ് നിലനിർത്താൻ വനംവകുപ്പ് അനുമതി നൽകണമെന്നാണ് ഞങ്ങളുടെ അപേക്ഷ” -പ്രദേശവാസിയായ മാതൻ പറഞ്ഞു.

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *