ആ ലോറി തകർത്തത് കിടപ്പാടവും ജീവിതവും, ഉടമയും ജനപ്രതിനിധികളും കൈവിട്ടു’; നീതിതേടി ബിന്ദുവും മക്കളും

Spread the love

 

കൽപറ്റ: മരം കയറ്റിവന്ന ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ തകർന്നത് അനിലിന്റെയും കുടുംബത്തിന്റെയും വീട് മാത്രമല്ല, അവരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായിരുന്നു. വയനാട് ജില്ലയിലെ ഇരുളം ചുണ്ടക്കൊല്ലിയിലെ പറയക്കോണം അനിലും ഭാര്യ ബിന്ദുവും രണ്ട് മക്കളും ഇന്ന് കിടപ്പാടമില്ലാതെ പെരുവഴിയിലാണ്. തകർന്ന വീട് പൂർവസ്ഥിതിയിലാക്കി നൽകാമെന്നേറ്റ ലോറി ഉടമയും മധ്യസ്ഥംനിന്ന ജനപ്രതിനിധികളുമെല്ലാം കൈയൊഴിഞ്ഞതോടെ ഇനി എന്തു ചെയ്യണമെന്നറിയാതെ ദുരിതത്തിലാണ് ഈ നിർധന കുടുംബം.

രോഗിയായ ഭർത്താവിനെയും വിദ്യാർഥികളായ മക്കളെയും ചേർത്തുപിടിക്കുന്ന ബിന്ദുവിന് അറിയാം, കൂടെനിൽക്കുമെന്ന് വിശ്വസിച്ച ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഇപ്പോൾ മറുചേരിയിലാണെന്ന്. സഹായിക്കാൻ ആരുമില്ലെന്ന വിഷമവും ആശങ്കയും മാത്രമാണ് ആ മുഖത്തുള്ളത്.

കഴിഞ്ഞ മേയ് 18-നായിരുന്നു ഞങ്ങളുടെ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടമുണ്ടായത്. മരത്തടികൾ കയറ്റി നിർത്തിയിട്ടിരുന്ന ലോറി റോഡരികിലെ കോൺക്രീറ്റ് ഇടിഞ്ഞ് താഴെയുള്ള വീടിന് മുകളിലേക്ക് മറിയുകയായിരുന്നു എന്നാണ് പറയുന്നത്. സംഭവദിവസം ബെംഗളൂരുവിലെ ഒരു വീട്ടിൽ വീട്ടുജോലി ചെയ്യുകയായിരുന്നു ഞാൻ. ഭർത്താവും വീട്ടിൽ ഇല്ലായിരുന്നു. ലോറി മറിഞ്ഞുവീണപ്പോൾ മക്കൾ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. വലിയ ശബ്ദം കേട്ടതോടെ അവർ ഓടിരക്ഷപ്പെടുകയായിരുന്നു. കിടപ്പുമുറിക്ക് മുകളിലേക്കാണ് ലോറി മറിഞ്ഞുവീണത്. ഈ ഭാഗം പൂർണമായി തകർന്നു. വീടിന്റെ മറ്റു ഭാഗങ്ങളിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അടിത്തറയ്ക്ക് ഉൾപ്പെടെ ഇളക്കംതട്ടി. വീട്ടുപകരണങ്ങളുമെല്ലാം നശിച്ചു.

നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ തീരുമാനമാകാതെ ലോറി കൊണ്ടുപോകരുതെന്ന് അന്നുതന്നെ വാർഡ് മെമ്പറെ വിളിച്ച് പറഞ്ഞിരുന്നു. എന്നാൽ, സംഭവത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നും എങ്കിലേ നഷ്ട‌പരിഹാരം ലഭിക്കൂവെന്നും ഭർത്താവിനെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ധരിപ്പിച്ചു. എന്നാൽ, പോലീസ് സ്റ്റേഷനിൽവെച്ച് സംഭവം ഒത്തുതീർപ്പാക്കി. 2.35 ലക്ഷം രൂപ നൽകാമെന്നായിരുന്നു ഒത്തുതീർപ്പ് വ്യവസ്ഥ. തുടർന്ന്, അന്നുരാത്രിതന്നെ ലോറി എടുത്തുകൊണ്ടുപോയി. എന്നാൽ, ഒരുമാസം കഴിഞ്ഞിട്ടും തകർന്ന വീട് നന്നാക്കുന്നതിനുള്ള നടപടികളൊന്നുമുണ്ടായില്ല.

വാർഡ് മെമ്പറെ സമീപിച്ചപ്പോൾ നിങ്ങൾക്ക് പഞ്ചായത്തിൻ്റെ വീട് പാസായിട്ടുണ്ടെന്നും അത് തരാമെന്നുമായിരുന്നു മറുപടി. എന്നാൽ, പിന്നീട് പഞ്ചായത്തിന്റെ വീട് ഇല്ലെന്ന് പറഞ്ഞ് മെമ്പറും കൈയൊഴിഞ്ഞു. ഇതോടെ നഷ്ടപരിഹാരമായി നൽകാമെന്ന് പറഞ്ഞ തുക മതിയെന്നും വീട് നന്നാക്കിതരണമെന്നും ഞങ്ങൾ പറഞ്ഞു. പക്ഷെ, ഒന്നും നടന്നില്ല. ഇതിനിടയിൽ നഷ്ടപരിഹാരം വൈകുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്‌ടർക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയെക്കുറിച്ച് ലോറി ഉടമ അറിഞ്ഞെന്നും അതിനാൽ ഇനി പണം നൽകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞെതായും വാർഡ് മെമ്പർ പിന്നീട് അറിയിച്ചു.

ഇപ്പോൾ ഞങ്ങൾ വാടകയ്ക്ക് താമസിക്കുന്നത് കാടിനോട് ചേർന്ന പ്രദേശത്താണ്. ഇവിടെ കാട്ടാന ഉൾപ്പെടെ വന്യമൃഗശല്യവും ഉണ്ട്. കൂലിപ്പണി ചെയ്ത് ഉപജീവനം നടത്തുന്ന ഞങ്ങൾക്ക് വാടക കൊടുക്കാൻപോലും കഴിയുന്നില്ല. ഭർത്താവിന് പലതരത്തിലുള്ള അസുഖങ്ങളുണ്ട്. നേരത്തെ നട്ടെല്ലിന് പരിക്കുപറ്റി വിശ്രമത്തിലുമായിരുന്നു. ഈയടുത്താണ് ജോലിക്ക് പോകാൻ തുടങ്ങിയത്.

പുതിയൊരു വീട് നിർമിക്കാനോ അറ്റകുറ്റപ്പണികൾ ചെയ്യോനോ ഞങ്ങൾക്ക് യാതൊരു നിർവാഹവുമില്ല. വായ്പയെടുത്തും കടം വാങ്ങിയും ഉണ്ടാക്കിയ ആകെയുള്ള കിടപ്പാടമാണ് ഇല്ലാതായത്. എത്രനാൾ കുഞ്ഞുങ്ങളുമായി വാടകയ്ക്ക് താമസിക്കും. ഞങ്ങൾക്ക് നീതി ലഭിക്കണം. ആരുടെ മുന്നിലാണ് ഇനി കൈനീട്ടേണ്ടത്? എവിടെ പോയാലാണ് ഞങ്ങൾക്ക് നീതി കിട്ടുക? അറിവില്ലാത്ത മനുഷ്യരാണെന്ന് അറിഞ്ഞിട്ടുതന്നെയാകണം ഞങ്ങളെ എല്ലാവരും കബളിപ്പിച്ചുകൊണ്ടിരിക്കുന്നത്

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *