അൽ ഐൻ∙ യുഎഇയിൽ ഇതര രാജ്യക്കാരുമായി സൗഹൃദത്തിലായ ശേഷം ബിസിനസിൽ പങ്കാളിയാക്കാം എന്ന് വാഗ്ദാനം ചെയ്ത് വൻ തുകകൾ തട്ടിയെടുത്ത് മുങ്ങുന്ന മലയാളി സംഘത്തിലെ 2 പേർക്കെതിരെ യുഎഇയിലും കേരളത്തിലും പരാതി. യുഎഇയിൽ ജോലി ചെയ്യുന്നതിനിടെ തട്ടിയെടുത്ത 73 ലക്ഷത്തിലേറെ രൂപ (2,79,000 യുഎഇ ദിർഹം) തിരികെ ലഭിക്കണമെന്ന ആവശ്യവുമായി മലപ്പുറം പൊന്നാനി പുറങ്ങ് സ്വദേശികൾക്കെതിരെ പരാതിയുമായി പാക്കിസ്ഥാൻ പൗരനാണ് രംഗത്ത് വന്നത്.
തായിപ്പറമ്പിൽ മുഹമ്മദ് റഷീദ്, ഇയാളുടെ കൂട്ടാളി അനസ് മത്തുങ്ങൽ താഴത്തേതിൽ എന്നിവർക്കെതിരെയാണ് വർഷങ്ങളായി യുഎഇയിൽ ജോലി ചെയ്തിരുന്ന അല്ലാഹ് നൂർ മാലിക് ഹാജി സാഹിബ് ജാൻ എന്ന പാക്കിസ്ഥാൻ പൗരൻ നിയമപോരാട്ടം നടത്തുന്നത്.യുഎഇയിലെ അൽ ഐൻ കുറ്റകൃത്യ കോടതി റഷീദിനെതിരെ ശിക്ഷ വിധിക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നതായി ഇദ്ദേഹം വ്യക്തമാക്കുന്നു.
കോടതി ശിക്ഷ നടപ്പാക്കുന്നതിന് മുൻപായി പണം നൽകാതെ റഷീദ് നാട്ടിലേക്ക് കടക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഇരുവരും ഇത്തരത്തിൽ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇതര രാജ്യക്കാരെ പറ്റിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
∙ ബിസിനസ് വാഗ്ദാനം, പണം തിരികെ നൽകാതെ മുങ്ങി
പരാതിക്കാരനായ അല്ലാഹ് നൂറും കുറ്റാരോപിതനായ തായിപ്പറമ്പിൽ മുഹമ്മദ് റഷീദും അൽ ഐനിലെ ഒരേ കമ്പനിയിൽ വർഷങ്ങളോളം ഒന്നിച്ച് ജോലി ചെയ്തിരുന്നവരാണ്. കൺസൾട്ടന്റ് വിഭാഗത്തിലായിരുന്നു അല്ലാഹ് നൂറിന് ജോലി. റഷീദ് കോൺട്രാക്ടർ വിഭാഗത്തിലും. അങ്ങനെയാണ് ഇരുവരും പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. നിത്യേനയുള്ള സംഭാഷണത്തിനിടെ എന്തെങ്കിലും ബിസിനസ് സ്വന്തമായി ചെയ്ത് കൂടുതൽ സമ്പാദിക്കുക എന്ന ലക്ഷ്യത്തിലേയ്ക്ക് ഇരുവരുമെത്തി.
റഷീദായിരുന്നു എല്ലാത്തിനും മുൻകൈയെടുത്തത്. റഷീദ് അയാളുടെ സുഹൃത്ത് അനസിനെ കൂടി ഈ ഉദ്യമത്തിൽ പങ്കാളിയാക്കി. ഇരുവരും ചേർന്ന് തന്ത്രം മെനഞ്ഞ്, തങ്ങളുടെ പക്കൽ വളരെ ലാഭകരമായ ചില പദ്ധതിയുണ്ടെന്നും അതിൽ അല്ലാഹ് നൂറിനെ പങ്കാളിയാക്കാമെന്നും പറഞ്ഞ് പണം വസൂലാക്കുകയായിരുന്നു. പിന്നീട് അല്ലാ നൂർ വഴി അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ നിന്നും പണം കൈക്കലാക്കി.
ബിസിനസിൽ പങ്കാളികളാക്കാമെന്ന് വാഗ്ദാനം ചെയ്ത് തന്റെയും സുഹൃത്തുക്കളുടെയും കൈയിൽ നിന്ന് പല ഘട്ടങ്ങളിലായി ഇവർ പണം കൈപ്പറ്റുകയായിരുന്നുവെന്ന് അല്ലാഹ് നൂർ പറയുന്നു.
2016ന് ഏപ്രിൽ ഒന്നിന് 2,64000 ദിർഹത്തിന്റെയും ഒൻപതിന് 5000 ദിർഹത്തിന്റെയും രണ്ട് ചെക്കുകളാണ് ഇദ്ദേഹം നൽകിയത്. പണം തിരികെ ചോദിച്ചപ്പോൾ തുക മടക്കിനൽകാമെന്ന് എഴുതി ഒപ്പിട്ടു നൽകുകയും ഉയർന്ന തുകയുടെ ചെക്കുകൾ ഇരുവരും അല്ലാഹ് നൂറിന് നൽകുകയും ചെയ്തു. എന്നാൽ ബാങ്കിൽ സമർപ്പിച്ച ചെക്കുകൾ പണമില്ലാതെ മടങ്ങുകയായിരുന്നു.
തുടർന്ന് അല്ലാഹ് നൂർ അൽ ഐൻ കോടതിയെ സമീപിച്ചതോടെയാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കോടതി വിധി തിരിച്ചടിയായതോടെ റഷീദ് യുഎഇയിൽ നിന്ന് സ്വന്തം നാടായ മലപ്പുറത്തേക്ക് മുങ്ങുകയായിരുന്നു. നിലവിൽ മൊബൈൽ ഫോൺ അടക്കം എല്ലാവിധ ബന്ധങ്ങളും വിച്ഛേദിച്ച നിലയിലാണ് റഷീദെന്നും കൂട്ടാളി അനസ് ഇപ്പോഴും യുഎഇയിൽ തങ്ങുന്നുണ്ടെന്ന് സംശയിക്കുന്നതായും ഇദ്ദേഹം വ്യക്തമാക്കി.
നിയമനടപടികൾ സ്വീകരിക്കുന്നതിൽ യാതൊരു വീഴ്ചയോ കാലതാമസമോ ഉണ്ടായിട്ടില്ല. സംഭവം നടന്ന സമയത്തുതന്നെ, അതായത് 2016ൽ യുഎഇയിലെ അൽ ഐൻ ക്രിമിനൽ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. തുടർന്ന് കേസ് പരിഗണിച്ച യുഎഇ കോടതി റഷീദിനെ കുറ്റക്കാരനായി കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാൽ ജയിൽശിക്ഷയിലും മറ്റ് നിയമപരമായ ബാധ്യതകളിൽ നിന്നും രക്ഷപ്പെടുന്നതിനായി പ്രതികൾ നിയമവിരുദ്ധമായി യുഎഇയിൽ നിന്ന് സ്വന്തം നാട്ടിലേക്ക് കടക്കുകയായിരുന്നു. ഇതാണ് കേസിന്റെ തുടർനടപടികളും പണം തിരികെ ലഭിക്കുന്നതും നീണ്ടുപോകാൻ ഇടയാക്കിയതെന്ന് അല്ലാഹ് നൂർ വിശദമാക്കി.
∙ സഹപ്രവർത്തകരെ വിശ്വസിച്ചാണ് ചതിക്കപ്പെട്ടത്; മലയാളി സമൂഹത്തോട് എന്നും വലിയ ബഹുമാനം
യുഎഇയിൽ മെറ്റീരിയൽ ഇൻസ്‌പെക്ടറായി ജോലി ചെയ്തിരുന്ന കാലയളവിൽ കേരളത്തിൽ നിന്നുള്ള ഒട്ടേറെ അഭ്യസ്തവിദ്യരും പ്രഫഷനലുകളുമായ സഹപ്രവർത്തകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ടെന്നും മലയാളി സമൂഹത്തോടും മലയാളികളോടും എന്നും വലിയ ബഹുമാനവും സൗഹൃദവുമാണ് ഉള്ളതെന്നും അല്ലാഹ് നൂർ മാലിക് പറയുന്നു. അത്രയും വ്യക്തിബന്ധവും സുതാര്യമായ പ്രഫഷനൽ അന്തരീക്ഷവും നിലനിന്നിരുന്നതുകൊണ്ടാണ് റഷീദും അനസും ഇത്തരമൊരു വഞ്ചന കാണിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതാതിരുന്നത്.
ഇത് അന്ധമായ വിശ്വാസമല്ലായിരുന്നു, മറിച്ച് മാന്യമായ ഒരു തൊഴിൽ അന്തരീക്ഷത്തെയും സമൂഹത്തിന്റെ നന്മയെയും ചൂഷണം ചെയ്തുകൊണ്ട് വ്യക്തിപരമായ നേട്ടത്തിനായി അവർ നടത്തിയ ചതിയാണ്. ഇത്തരം പ്രവൃത്തികൾ ആ നല്ല സമൂഹത്തിന് തന്നെ അപമാനമുണ്ടാക്കുന്നതാണെന്നും ഇദ്ദേഹം പറഞ്ഞു.
∙ കേരളത്തിൽ നിയമനടപടികളിലേക്ക്
തന്റെ ജീവിതസമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടതോടെ നീതി തേടി കേരളത്തിലെ നിയമസംവിധാനങ്ങളെ സമീപിച്ചിരിക്കുകയാണ് അല്ലാഹ് നൂർ. സംഭവം പൊന്നാനി പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്നതാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് അവിടുത്തെ എസ്എച്ച്ഒയ്ക്കും ഡിവൈഎസ്പിക്കും ഔദ്യോഗിക ഇമെയിൽ വഴി പരാതി സമർപ്പിച്ചു. കോടതി വിധിയുടെ പകർപ്പുകളും ബൗൺസായ ചെക്കിന്റെ രേഖകളും ഇതോടൊപ്പം നൽകിയിട്ടുണ്ട്.
ഇതിനുപുറമെ മലപ്പുറം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി (ഡിഎൽഎസ്എ), കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്കും നിയമപരമായ ഇടപെടലുകൾക്കായി പരാതി അയച്ചിട്ടുണ്ട്. രാജ്യാന്തര തലത്തിൽ തട്ടിപ്പ് നടത്തി നാട്ടിലേക്ക് കടക്കുന്ന ഇത്തരക്കാർക്കെതിരെ പ്രാദേശികതലത്തിൽ സാമൂഹികമായ സമ്മർദ്ദവും നിയമനടപടിയും ഉണ്ടാകണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.







