സ്തനാർബുദം സ്ഥിരീകരിച്ച വിവരം തുറന്നുപറഞ്ഞില്ല, ജോലി നഷ്ടമാകുമോയെന്നു ഭയന്നു- നടി ഷഗുഫ്ത അലി

Spread the love

സ്റ്റേജ് 3 സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ചു തുറന്നുപറഞ്ഞ് ഹിന്ദി ടെലിവിഷൻ താരം ഷഗുഫ്ത അലി. രോഗസ്ഥിരീകരണത്തേക്കുറിച്ചും ആരോഗ്യപ്രശ്നങ്ങൾ മൂലം താൻ സാമ്പത്തിക പരാധീനതയിലാണെന്നും ഷഗുഫ്ത പറഞ്ഞു. ഒരു പോഡ്കാസ്റ്റ് ഷോയിൽ സംസാരിക്കവേയാണ് ഷഗുഫ്ത ഇക്കാര്യം പങ്കുവെച്ചത്.

 

കരിയറിനെ ബാധിക്കുമോ എന്നോർത്തു തന്റെ രോഗസ്ഥിരീകരണത്തേക്കുറിച്ച് നേരത്തേ മറച്ചുവെച്ചിരുന്നുവെന്നും ഷഗുഫ്ത പറഞ്ഞു. അന്ന് ടെലിവിഷൻ മേഖല അത്തരത്തിൽ ചിന്തിക്കുന്നതായിരുന്നതുകൊണ്ടാണ് അങ്ങനെ ചെയ്തത്. ഒരിക്കലും ഇതേക്കുറിച്ചു പറയരുത് എന്നാണ് ചിന്തിച്ചത്. തുറന്നുപറഞ്ഞാൽ ജോലി ലഭിക്കില്ലെന്നു കരുതി. അതുകൊണ്ടാണ് അന്നൊന്നും ഒന്നും തുറന്നുപറയാതിരുന്നതെന്നും നടി പറഞ്ഞു.

 

പലരും തനിക്ക് സമ്പാദ്യമില്ലെന്നു കുറ്റപ്പെടുത്താറുണ്ടെന്നും തന്റെ സമ്പാദ്യമെല്ലാം ചികിത്സയ്ക്കുവേണ്ടി ചെലവായതാണെന്നും ഷഗുഫ്ത പറഞ്ഞു.

 

സ്തനാർബുദം-സ്വയം പരിശോധന എപ്പോൾ?

 

കൃത്യമായ മാസമുറ ഉള്ള സ്ത്രീകൾ, മാസമുറ കഴിഞ്ഞാൽ ഉടനെയും അതില്ലാത്തവർ ഒരു മാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം.

 

എങ്ങനെ പരിശോധിക്കണം?

 

കണ്ണാടിയുടെ മുന്നിൽ നിന്ന് മാറിടങ്ങൾ നിരീക്ഷിക്കുക, വലിപ്പത്തിലുള്ള വ്യത്യാസം, മുലക്കണ്ണുകളിൽ വരുന്ന വ്യത്യാസം, പ്രകടമായ മുഴകൾ, കക്ഷഭാഗത്തെ മുഴകൾ, മാറിടത്തിലെ നിറവ്യത്യാസം എന്നിവ കാൻസർകൊണ്ട് ഉള്ളതല്ലെന്ന് തീർച്ചപ്പെടുത്തേണ്ടതുണ്ട്.

കക്ഷഭാഗങ്ങളും കൈയുടെ പ്രതലം ഉപയോഗിച്ച് രണ്ടു മാറിടങ്ങളും പരിശോധിക്കണം. മുഴകൾ വളരെ ചെറിയ ദിശയിൽ തന്നെ ഇങ്ങനെ കണ്ടുപിടിക്കാൻ കഴിയും. മുലക്കണ്ണുകൾ അമർത്തി പരിശോധിച്ചാൽ സ്രവം ഉണ്ടെങ്കിൽ അതും കണ്ടുപിടിക്കാം.

ആരംഭദശയിൽതന്നെ സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാം എന്നതാണ് സ്തനാർബുദത്തിനെ മറ്റു കാൻസറുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ആരംഭദശയിലേ കണ്ടുപിടിച്ചാൽ 100 ശതമാനവും ചികിത്സിച്ചു ഭേദമാക്കാം. സ്റ്റേജ് ഒന്നിലും രണ്ടിലും കണ്ടുപിടിക്കപ്പെടുന്ന കാൻസർ മരണകാരണമാകുന്നില്ല. എന്നാൽ 4, 5 സ്റ്റേജിൽ കണ്ടുപിടിക്കപ്പെടുന്ന സ്തനാർബുദം, അഞ്ച് മുതൽ 10 വർഷം കഴിയുമ്പോൾ മരണകാരണമായേക്കാം. ഇത്തരക്കാരിൽ ഓപ്പറേഷനോടൊപ്പം കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും തുടർചികിത്സയും കൃത്യമായ ഇടവേളകളിലെ മറ്റു ചികിത്സയും വേണ്ടിവന്നേക്കാം.

തുടക്കത്തിൽ തിരിച്ചറിഞ്ഞാലുള്ള പ്രയോജനങ്ങൾ

 

സ്തനം മുഴുവനായി നീക്കുന്ന ശസ്ത്രക്രിയ വേണ്ടിവരില്ല. അങ്ങനെ അംഗവൈകല്യത്തെ ചെറുക്കാൻ കഴിയും.

റേഡിയേഷൻ ചികിത്സയും കീമോതെറാപ്പിയും ഒഴിവാക്കാനും ചിലപ്പോൾ ഇതിൽ ഒന്നു മാത്രമായി ചുരുക്കാനും കഴിയും.

കീമോയുടെയും റേഡിയേഷന്റെയും ഡോസിൽ കുറവ് വരുത്താൻ സാധിക്കും.

മാറിടങ്ങളിലും കക്ഷഭാഗത്തും കാണുന്ന മേൽപ്പറഞ്ഞ വ്യത്യാസങ്ങൾ എല്ലാം തന്നെ കാൻസർ ആകണമെന്നില്ല. 80 ശതമാനം വരുന്ന മാറിടങ്ങളിലെ മുഴകളും കാൻസർ അല്ലാത്ത മറ്റു അസുഖങ്ങളാണ്. അതുകൊണ്ടു തന്നെ സർജനെ കാണിച്ച് കാൻസർ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വേദനരഹിതമായ വ്യത്യാസങ്ങളും മുഴകളും ആണ് സാധാരണ കാൻസറിന്റെ ലക്ഷണം. വേദനയും ബുദ്ധിമുട്ടുകളും ഇല്ലെന്ന കാരണത്താൽ ചികിത്സാ വിധേയമാക്കാതിരിക്കുന്ന പ്രവണത ധാരാളമായി കണ്ടുവരുന്നു. അങ്ങനെ കാൻസറിന്റെ സ്റ്റേജ് മുന്നോട്ടുപോകുമ്പോൾ ചികിത്സ സങ്കീർണമാകുന്നു. ഇതിൽ ഒരു മാറ്റം വരുത്താൻ ബോധവത്ക്കരണ പ്രചാരണങ്ങൾ വഴി സാധിക്കും.

രോഗനിർണയം സങ്കീർണമല്ല

 

ക്ലിനിക്കൽ എക്‌സാമിനേഷൻ അഥവാ ഡോക്ടറുടെ കൈ കൊണ്ടുള്ള പരിശോധന, റേഡിയോളജിക്കൽ എക്സാമിനേഷൻ അഥവാ മാമോഗ്രാം, അൾട്രാസൗണ്ട് സ്റ്റഡി, എം.ആർ.ഐ. സ്റ്റഡി അല്ലെങ്കിൽ സി.ടി. ബ്രെസ്റ്റ് എന്നിവയിൽ ഏതു വേണമെന്ന് രോഗിയുടെ പ്രായവും മറ്റു കാര്യങ്ങളും പരിഗണിച്ച് ഡോക്ടർ തീരുമാനിക്കുന്നു.

 

മുഴയിൽ നിന്നുള്ള ഭാഗം എടുത്തുള്ള പരിശോധന (Tissue diagnosis). ഇതിന് ഫൈൻ നീഡിൽ ആസ്പിരേഷൻ സൈറ്റോളജി (FNAC) കോർ ബയോപ്‌സി, ഇൻസിഷൻ ബയോപ്‌സി, എക്‌സിഷൻ ബയോപ്‌സി എന്നീ പരിശോധനകളുണ്ട്.

 

ചികിത്സ

 

കാൻസർ ഉള്ള ഭാഗം സ്റ്റേജ് അനുസരിച്ച് ഓപ്പറേഷന് വിധേയമാക്കുക, ഓപ്പറേഷന് ശേഷം റേഡിയേഷൻ, പിന്നെ ആവശ്യാനുസരണം കീമോതെറാപ്പിയും നൽകുക. സ്തനാർബുദത്തിന്റെ ചികിത്സ ഒരു ടീംവർക്ക് ആണ്. ജനറൽ സർജൻ, ഓങ്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവർ ഉൾപ്പെടുന്ന ടീംവർക്കിലൂടെയാണ് ഒരു കാൻസർ രോഗിയെ ചികിത്സിക്കേണ്ടത്. മൂന്നാഴ്ചയിലധികം നീണ്ടുനിൽക്കുന്ന വിഷാദവും മാനസിക സംഘർഷങ്ങളും അനുഭവപ്പെടുന്നവർക്ക് സൈക്യാട്രിസ്റ്റിന്റെ സേവനവും ഉറപ്പുവരുത്തേണ്ടതാണ്.

  • Related Posts

    ആഴ്ചയിലൊരിക്കൽ ബെഡ്ഷീറ്റ് മാത്രം കഴുകിയിട്ട് കാര്യമില്ല, കിടക്കയും തലയിണയും എപ്പോൾ വൃത്തിയാക്കണം?

    Spread the love

    Spread the loveദിവസവും ഉപയോഗിക്കുന്ന കിടക്കയും തലയിണയും വൃത്തിയായി സൂക്ഷിക്കേണ്ടത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ പലരും ബെഡ്ഷീറ്റ് ഇടയ്ക്കിടെ മാറ്റുന്നതിൽ മാത്രം ശ്രദ്ധിക്കുകയും കിടക്ക, മെത്ത, തലയിണ, തലയിണയ്ക്കുള്ളിലെ ഫില്ലിങ് എന്നിവ വൃത്തിയാക്കുന്നതിനെക്കുറിച്ച് മറക്കുകയും ചെയ്യാറുണ്ട്. നമ്മുടെ വിയർപ്പ്, ചർമത്തിലെ…

    അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചിത്രങ്ങൾ

    Spread the love

    Spread the loveനടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. നടി അഹാന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. തിരുവനന്തപുരം കോവളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം. ഞായറാഴ്ച നടന്ന വിവാഹത്തിന്റെ ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെ വിവാഹച്ചടങ്ങിൽ…

    Leave a Reply

    Your email address will not be published. Required fields are marked *