പാലക്കാട് ∙ കാളവണ്ടിയുമായി പോകുന്നതിനിടെ ബൈക്കിനു വഴി നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബൈക്ക് ഓടിച്ചിരുന്ന കെരാംപാറ സ്വദേശി ഷെഫീഖ് (24) ആണ് മരിച്ചത്. പാലക്കാട് കൊഴിഞ്ഞാമ്പാറ ഒഴലപ്പന്തിയിലാണ് സംഭവം. കാളവണ്ടിയിലുണ്ടായിരുന്ന നെൽസൻ, ജെൻസൻ എന്നിവരാണ് ഷെഫീഖിനെ ആക്രമിച്ചത്.
കൊഴിഞ്ഞാമ്പാറയിൽ ഇന്നലെ രാത്രി എട്ടുമണിയോടെ കാളവണ്ടി ബൈക്കിനു വഴി നൽകാത്തതിനെ ചൊല്ലിയാണ് ആക്രമണം തുടങ്ങിയത്. ഷെഫീഖ് ഹോൺ അടിക്കുകയും ബൈക്ക് റെയ്സ് ചെയ്യുകയും ചെയ്തു. ഇതിൽ പ്രകോപിതരായ നെൽസനും സംഘവും ഷെഫീഖിനെ ചോദ്യം ചെയ്തു. പിന്നീട് ഇവർ പിരിഞ്ഞുപോയി.
തുടർന്ന് രാത്രി കൊഴിഞ്ഞാമ്പാറയിൽ ഭക്ഷണം കഴിക്കാനായി പോയപ്പോൾ ആറു പേരടങ്ങിയ സംഘം ബൈക്കുകളിലെത്തി ഷെഫീഖിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കുത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ഷെഫീഖിന്റെ ജീവൻ രക്ഷിക്കാനായില്ല. സുഹൃത്ത് ചികിത്സയിൽ തുടരുകയാണ്.






