ന്യൂഡൽഹി: പ്രതിഷേധങ്ങളിലും സമരങ്ങളിലും പങ്കെടുത്ത് പൊലീസിന്റെയും ഭരണകൂടത്തിന്റെയും നിയമനടപടികൾ നേരിടുന്നവർക്ക് സഹായവുമായി കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി). നിയമസഹായം ആവശ്യമുള്ളവരെയും അഭിഭാഷകരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഓൺലൈൻ പോർട്ടൽ ആരംഭിക്കുമെന്നും സിജെപി വക്താവ് സൗരവ് ദാസ് വ്യക്തമാക്കി.
മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപിൽ സിബലിനൊപ്പമാണ് സിജെപി പ്രതിനിധികൾ വാർത്താസമ്മേളനം നടത്തിയത്. കപിൽ സിബൽ സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. നിയമ സഹായ ഫണ്ടിലേക്ക് 1 കോടി രൂപ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ഈ സംരംഭത്തിനായി സ്വന്തം നിലക്ക് 1 കോടി രൂപ നൽകും. പൊതുജനങ്ങളിൽ നിന്നും ഇതിലേക്ക് സംഭാവനകൾ സ്വീകരിക്കും. പിരിച്ചെടുക്കുന്ന ഓരോ രൂപയും സമരക്കാരുടെ നിയമപരമായ സംരക്ഷണത്തിനായി മാത്രമേ ഉപയോഗിക്കൂ. ഇതിന്റെ പൂർണ്ണ ചുമതല സിജെപിക്ക് ആയിരിക്കും”- കപിൽ സിബല്‍ വ്യക്തമാക്കി. ഇന്ത്യയുടെ പുരോഗതിക്കുവേണ്ടിയുള്ള പ്രസ്ഥാനമാണ് ഇതെന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു.
പ്രതിഷേധങ്ങളിൽ പങ്കെടുത്ത് എഫ്.ഐ.ആർ, അറസ്റ്റ് അല്ലെങ്കിൽ മറ്റ് നിയമനടപടികൾ നേരിടുന്ന വ്യക്തികൾക്ക് യഥാസമയം നിയമസഹായം എത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഭിഭാഷകർക്ക് ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും, സൗജന്യമായോ കുറഞ്ഞ ചെലവിലോ സമരക്കാർക്കായി കേസ് വാദിക്കാനും അവസരമുണ്ടാകും.
അതേസമയം പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസെടുക്കില്ലെന്ന സർക്കാരിന്റെ ഉറപ്പ് പാലിച്ചില്ലെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). വാക്ക് പാലിച്ചില്ലെങ്കിൽ വീണ്ടും പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നും സിജെപി മുന്നറിയിപ്പ് നൽകി.








