‘ബലാത്സംഗം, ലൈംഗികാവയവങ്ങൾ വികൃതമാക്കൽ’; റഷ്യ ലൈംഗിക അതിക്രമങ്ങൾ യുദ്ധായുധമാക്കുന്നുവെന്ന് വെളിപ്പെടുത്തൽ

Spread the love

മോസ്‌കോ: യുക്രൈൻ തടവുകാർക്കെതിരെ റഷ്യ ലൈംഗിക അതിക്രമങ്ങൾ ഒരു യുദ്ധായുധമായി ഉപയോഗിക്കുന്നതായി ‘ദി വോൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട്. തടവിലാക്കപ്പെട്ട സൈനികരും സാധാരണക്കാരുമായ ഇരകൾ, തങ്ങളെ മാനസികമായി തകർക്കാനും അപമാനിക്കാനും ലക്ഷ്യമിട്ട് ബലാത്സംഗത്തിനും ലൈംഗികാവയവങ്ങൾ വികൃതമാക്കുന്ന തരത്തിലുള്ള ക്രൂരപീഡനങ്ങൾക്കും വിധേയരാക്കിയെന്ന് ആരോപിക്കുന്നു.

 

അതിജീവിച്ചവരുടെ അഭിമുഖങ്ങൾ, യുക്രൈനിയൻ പ്രോസിക്യൂട്ടർമാരുടെയും ഐക്യരാഷ്ട്രസഭയുടെ അന്വേഷകരുടെയും മൊഴികൾ എന്നിവയെ ആസ്പദമാക്കിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. 2022-ൽ റഷ്യ പൂർണതോതിലുള്ള അധിനിവേശം ആരംഭിച്ചത് മുതൽ യുക്രൈനിയൻ പുരുഷ തടവുകാരെയാണ് റഷ്യൻ സൈന്യം പ്രധാനമായും ഇത്തരത്തിലുള്ള ലൈംഗിക പീഡനങ്ങൾക്കിരയാക്കുന്നത് എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

 

2022-ൽ തന്നെ റഷ്യൻ സൈന്യം തടവുകാരനാക്കിയതായി മുൻ യുക്രൈനിയൻ തടവുകാരനായ സെർഹി ബോയ്ചുക് അമേരിക്കൻ മാധ്യമത്തോട് പറഞ്ഞു. തടങ്കൽപ്പാളയത്തിൽ കഴിഞ്ഞ അടുത്ത രണ്ട് വർഷക്കാലം റഷ്യൻ ഗാർഡുകൾ തന്നെ ക്രൂരമായി മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. തന്നെ മാനസികമായി തകർക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്ന് നിലവിൽ 33 വയസുള്ള ബോയ്ചുക് ഓർത്തെടുത്തു. കുപ്പികളും വടികളും ഉപയോഗിച്ച് ബലാത്സംഗം ചെയ്യുകയും ലൈംഗികാവയവങ്ങളിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത അനുഭവങ്ങളാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഒരു വ്യക്തിയെ അപമാനിക്കാനും മാനസികമായി തകർക്കാനുമുള്ള യുദ്ധായുധമായാണ് അവർ ലൈംഗിക പീഡനങ്ങളെ ഉപയോഗിക്കുന്നതെന്ന് 2024 ഒക്ടോബറിൽ തടവുകാരുടെ കൈമാറ്റത്തിലൂടെ മോചിതനായ ബോയ്ചുക് കൂട്ടിച്ചേർത്തു:

 

റഷ്യൻ തടങ്കൽപ്പാളയങ്ങളിൽ സമാനമായ രീതിയിലുള്ള ലൈംഗിക പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നതായി മറ്റൊരു മുൻ യുക്രൈനിയൻ യുദ്ധത്തടവുകാരനും വെളിപ്പെടുത്തി. അതിജീവിച്ചവരുടെ ഈ വെളിപ്പെടുത്തലുകൾ യുക്രേനിയൻ രഹസ്യാന്വേഷണ ഏജൻസികളുടെയും യുഎൻ അന്വേഷകരുടെയും കണ്ടെത്തലുകളുമായി ഒത്തുപോകുന്നതാണ്. യുദ്ധകാലത്തുടനീളം മുൻ തടവുകാരുമായി നടത്തിയ വിശദമായ സംഭാഷണങ്ങളിൽ നിന്ന്, യുദ്ധത്തടവുകാർക്കും സാധാരണക്കാർക്കുമെതിരെയുള്ള റഷ്യയുടെ ലൈംഗിക അതിക്രമങ്ങൾ ആസൂത്രിതമാണെന്നും, റഷ്യയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് ഇത് നടപ്പിലാക്കുന്നതെന്നും കണ്ടെത്തിയിരുന്നു.

 

യുദ്ധകാലങ്ങളിൽ സാധാരണക്കാരെ ഭയപ്പെടുത്താനും കീഴടക്കാനുമായി ശത്രുസൈന്യം ലൈംഗിക അതിക്രമങ്ങൾ ഉപയോഗിക്കുന്നത് പുതിയ സംഭവമല്ല. എന്നാൽ ഭൂരിഭാഗം കേസുകളിലും സ്ത്രീകളും കുട്ടികളുമാണ് ഇതിനിരയാകാറുള്ളത്. 2022-ൽ അധിനിവേശത്തിന്റെ തുടക്കത്തിൽ യുക്രൈനിയൻ നഗരങ്ങളും ഗ്രാമങ്ങളും കീഴടക്കിയപ്പോൾ റഷ്യൻ സൈന്യം പ്രധാനമായും സ്ത്രീകളെയാണ് ലക്ഷ്യമിട്ടിരുന്നതെന്ന് യുഎന്നിന്റെയും ‘ദി വോൾ സ്ട്രീറ്റ് ജേർണലി’ന്റെയും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ യുദ്ധം നീണ്ടുനിൽക്കുന്ന പോരാട്ടമായി മാറിയതോടെ, യുദ്ധക്കളത്തിൽ നിന്ന് പിടിയിലാകുന്ന യുക്രൈനിയൻ പുരുഷ സൈനികരാണ് അതിക്രമങ്ങൾക്ക് കൂടുതലായി ഇരയാകുന്നത്.

 

യുഎൻ വിവരങ്ങൾ അനുസരിച്ച്, റഷ്യൻ സൈന്യം നടത്തിയതായി അന്വേഷണത്തിലുള്ള 310 ലൈംഗിക അതിക്രമ കേസുകളിൽ 280 എണ്ണത്തിലും ഇരകൾ പുരുഷന്മാരാണ്. 26 സ്ത്രീകളും നാല് പെൺകുട്ടികളും ഇതിൽ ഉൾപ്പെടുന്നു. ബലാത്സംഗം, കൂട്ടബലാത്സംഗം, ലൈംഗികാവയവങ്ങൾ വികൃതമാക്കൽ, ലൈംഗികാവയവങ്ങളിൽ വൈദ്യുതാഘാതമേൽപ്പിക്കൽ, മർദനം എന്നിവ ഉൾപ്പെടെയുള്ള ക്രൂരമായ പീഡനമുറകൾക്കാണ് ഇരകൾ വിധേയരായതെന്ന് യുഎൻ വ്യക്തമാക്കുന്നു.

 

തങ്ങളെ നഗ്‌നരാക്കി നിർത്തുകയോ കുന്തിച്ചിരുത്തുകയോ പരേഡ് ചെയ്യിക്കുകയോ ചെയ്തതായി ചില മുൻ തടവുകാർ വോൾ സ്ട്രീറ്റ് ജേണലിനോട് പറഞ്ഞു. ലൈംഗികാവയവങ്ങളിൽ ഷോക്കടിപ്പിക്കുകയും, കുപ്പികളും വടികളും ഉപയോഗിച്ചോ റഷ്യൻ ഗാർഡുകൾ നേരിട്ടോ ബലാത്സംഗം ചെയ്യുകയോ ചെയ്തതായി മറ്റു ചിലർ വെളിപ്പെടുത്തി.

 

യുക്രൈൻകാർക്ക് ഇനി കുട്ടികളുണ്ടാകുന്നത് തടയുമെന്ന് റഷ്യൻ ഗാർഡുകൾ ഭീഷണിപ്പെടുത്തിയതായി ചില തടവുകാർ ഓർക്കുന്നു. മലദ്വാരത്തിൽ കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്ന കെമിക്കൽ ഫോം നിറയ്ക്കുമെന്നും അത് ഉള്ളിൽ കിടന്ന് വികസിച്ചു ഉറയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയതായും ഇവർ വെളിപ്പെടുത്തി.

 

പുതിയ ആരോപണങ്ങളോട് റഷ്യൻ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുമ്പ് ഉയർന്ന ഇത്തരം ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതവും അടിസ്ഥാനരഹിതവുമാണെന്നാണ് റഷ്യ അവകാശപ്പെട്ടിരുന്നത്. എന്നാൽ, ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന യുഎൻ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ പ്രവേശനം നൽകാൻ അവർ വീണ്ടും വീണ്ടും വിസമ്മതിക്കുകയാണ്.

 

അപമാന ഭയവും തിരിച്ചടിയുണ്ടാകുമെന്ന പേടിയും കാരണം പല ഇരകളും വിവരങ്ങൾ പുറത്തുപറയാൻ മടിക്കുന്നതിനാൽ, റഷ്യൻ അധിനിവേശ പ്രദേശങ്ങളിൽ നടക്കുന്ന ക്രൂരതകളുടെ യഥാർത്ഥ വ്യാപ്തി ഇനിയും വ്യക്തമായിട്ടില്ലെന്നാണ് യുക്രൈനിയൻ അന്വേഷകർ കരുതുന്നത്. ”യുദ്ധം ചെയ്യാനുള്ള ഏറ്റവും ചെലവുകുറഞ്ഞ മാർഗമാണ് ലൈംഗിക പീഡനം” റഷ്യൻ സൈനികർക്കെതിരെ കുറ്റപത്രം സമർപ്പിച്ച യുക്രൈനിയൻ പ്രോസിക്യൂട്ടർ അന്നാ സോസോൺസ്‌ക വാൾ സ്ട്രീറ്റ് ജേണലിനോട് പറഞ്ഞു. അന്നാ സോസോൺസ്‌ക പ്രവർത്തിക്കുന്ന യുക്രൈൻ ദേശീയ പ്രോസിക്യൂട്ടർ ഓഫീസ് നിലവിൽ റഷ്യൻ സൈനികർ നടത്തിയതായി ആരോപിക്കപ്പെടുന്ന 400 ഓളം ലൈംഗികാതിക്രമ കേസുകൾ അന്വേഷിച്ചുവരികയാണ്. ഇതിൽ കുറഞ്ഞത് 148 കേസുകളിലെങ്കിലും ഇരകൾ പുരുഷന്മാരാണ്.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *