ന്യൂഡല്‍ഹി: തന്നെ അധിക്ഷേപിച്ചവരോട് ക്ഷമിക്കുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പോസ്റ്റ് ചെയ്ത വീഡിയോയില്‍ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയും വൈറല്‍ കമന്‍റ്. ഒരാഴ്ചയ്ക്കിടെ അഞ്ചാം തവണയാണ് മോദി ഇൻസ്റ്റഗ്രാമിൽ സെൽഫി വീഡിയോയുമായി എത്തുന്നത്. ‘റീലിൽ കൂടി മാത്രമാണോ നിങ്ങൾ ക്ഷമിക്കുന്നത്, അതോ കേസുകൾ പിൻവലിക്കുമോ? എന്നാണ് വീഡിയോക്ക് താഴെ ദീപ്‍കെ കമന്‍റ് ചെയ്ത്.
ജന്തര്‍ മന്തറിലെ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ തന്നെയും അന്തരിച്ച തന്റെ അമ്മയെയും അധിക്ഷേപിച്ചെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞിരുന്നു. അധിക്ഷേപം ഒന്നിനും പരിഹാരമല്ലെന്നും അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയവര്‍ക്ക് മാപ്പ് നല്‍കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വിദ്യാര്‍ഥികള്‍ക്ക് വഴിതെറ്റിയതാണെന്നും ശിക്ഷാനടപടിക്കോ നിയമനടപടികള്‍ക്കോ പകരം അവരെ നേര്‍വഴിക്ക് നയിക്കാന്‍ മാര്‍ഗനിര്‍ദേശമാണ് ആവശ്യമെന്നും മോദി പറയുന്നു. ജന്തര്‍ മന്തറില്‍ ചിലര്‍ വളരെ മോശമായ പരാമര്‍ശം നടത്തി -ഒരു പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത വാക്കുകളാണ് അവിടെ ഉയര്‍ന്നത്. എനിക്കെതിരെയും മരിച്ചുപോയ അമ്മക്കെതിരെയും അസഭ്യവര്‍ഷമുണ്ടായി. അത് എത്രത്തോളം മോശമായിരുന്നു എന്ന് പറയാന്‍ പോലും കഴിയില്ല. എന്നാല്‍ ചെറുപ്പത്തില്‍ തെറ്റുകള്‍ സംഭവിക്കാം, ആ തെറ്റുകള്‍ തിരുത്താനുള്ള അവസരമാണിത്. നമ്മുടെ പെണ്‍കുട്ടികള്‍ക്ക് എങ്ങനെ ഇതുപോലൊരു ഭാഷ സംസാരിക്കാന്‍ കഴിഞ്ഞു എന്നത് എല്ലാവരെയും ഞെട്ടിച്ചു. എന്നാല്‍ ഈ കുട്ടികളെ ചേര്‍ത്തുപിടിച്ച് ശരിയായ പാത കാണിച്ചുകൊടുക്കേണ്ട സമയമാണിത് -മോദി പറഞ്ഞു.
മോദിയുടെ വാക്കുകള്‍
‘ഇന്ന് നിങ്ങളോട് സംസാരിക്കണമെന്ന് തോന്നുന്നു. ജന്തര്‍ മന്തറില്‍ എന്താണ് സംഭവിച്ചതെന്ന് രാജ്യവും ലോകവും കണ്ടു. ചില വികൃതിക്കുട്ടികള്‍ വളരെ മോശമായും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിച്ചു. ഏതൊരു പരിഷ്‌കൃത സമൂഹത്തിനും അനുയോജ്യമല്ലാത്ത വാക്കുകള്‍. എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു. എന്റെ മരണപ്പെട്ട അമ്മയെ പോലും അധിക്ഷേപിച്ചു. അത് ശരിക്കും മോശമായ ഒരു കാഴ്ചയായിരുന്നു. എന്നാല്‍, ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഇതാണ്. ബാല്യത്തില്‍ തെറ്റുകള്‍ സംഭവിക്കാം. ബാല്യം തെറ്റുകള്‍ തിരുത്താനുള്ള അവസരവും നല്‍കുന്നു. അത് യുവത്വത്തിന്റെ സ്വഭാവമാണ്. അതുകൊണ്ട് സമൂഹത്തിലെ പ്രതിഷേധം ഞാന്‍ നന്നായി മനസ്സിലാക്കുന്നു. നമ്മുടെ പെണ്‍മക്കള്‍ അത്തരം ഭാഷ ഉപയോഗിക്കുന്നത് കാണുമ്പോള്‍ ഒരു സാംസ്‌കാരിക ഷോക്ക് ആണ്. എന്നാല്‍ ഇപ്പോള്‍ ഈ കുട്ടികള്‍ക്ക് ശരിയായ വഴി കാണിച്ചുകൊടുക്കേണ്ട സമയമാണ്. അവര്‍ വഴിതെറ്റിയെങ്കില്‍ അവരെ നേരായ വഴിയില്‍ നയിക്കുകയാണ് നമ്മുടെ കടമ. അവരെ ശിക്ഷിക്കുകയോ, കോടതി നടപടികളിലൂടെ വലിച്ചിഴയ്ക്കുകയോ, സമൂഹത്തില്‍ ഉപദ്രവിക്കുകയോ ചെയ്താല്‍ ഒന്നും മാറില്ല.
ഞാന്‍ അവരോട് ക്ഷമിക്കാന്‍ ആഗ്രഹിക്കുന്നു. സമൂഹവും ഇത് സ്വീകരിക്കണം. എന്റെ മനസ്സില്‍ ഒരു വികാരമേ ഉള്ളൂ. ചിലപ്പോള്‍ നാവ് പല്ലുകള്‍ക്കിടയില്‍ കുടുങ്ങി രക്തം വരും, പക്ഷേ നമ്മള്‍ പല്ല് പൊട്ടിക്കുന്നില്ല. പല്ലും നാവും നമ്മുടേതാണ്. ഈ കുട്ടികളും നമ്മുടേതാണ്. അവരെ ശരിയായ വഴി കാണിച്ചുകൊടുക്കുകയാണ് നമ്മുടെ കടമ. വഴിതെറ്റിയവരെ നയിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്, പക്ഷേ അത് നമ്മള്‍ ചെയ്യേണ്ടതാണ്.
അതുകൊണ്ട് വരൂ, ഈ കുട്ടികളോട് ഞാന്‍ ആഹ്വാനം ചെയ്യുന്നു. രാജ്യത്തിനുവേണ്ടി നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം. പുതിയത് പഠിക്കാം, തെറ്റുകളില്‍ നിന്നും പഠിക്കാം. നമ്മുടെ സ്വപ്നങ്ങള്‍ പിന്തുടരാന്‍ തുടങ്ങാം. രാജ്യം മുന്നോട്ട് പോകുകയാണ്, കൂടുതല്‍ പുരോഗതിയിലേക്ക് പോകാന്‍ തയ്യാറാണ്. നിങ്ങളും മുന്നോട്ട് പോകണമെന്നാണ് എന്റെ സ്വപ്നം. ഞാന്‍ നിങ്ങള്‍ക്കുവേണ്ടിയാണ് ജീവിക്കുന്നത്. നിങ്ങളുടെ ശോഭനമായ ഭാവിക്കായി ഞാന്‍ സമര്‍പ്പിക്കുന്നു. വരൂ, നമുക്ക് ഒരുമിച്ച് രാജ്യത്തെ മുന്നോട്ട് നയിക്കാം. തെറ്റുകളില്‍ നിന്ന് പഠിച്ച് മുന്നോട്ട് പോകാമെന്നുമാണ് മോദി പറഞ്ഞത്.








