ലഖ്‌നൗ: വിവാഹാഭ്യർഥന നിരസിച്ച വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ഉത്തർ പ്രദേശിലെ ബറേലിയിലെ ഷേർഗറിൽ ശനിയാഴ്ചയാണ് സംഭവം. ഉമേഷ് കശ്യപ് എന്നയാളാണ് യുവതിക്കും ഭർത്താവിനും അവരുടെ രണ്ട് മക്കൾക്കും നേരെ ആസിഡ് ആക്രമണം നടത്തിയത്. ഇവർ നാലുപേരും രാത്രി വീടിന്റെ വരാന്തയിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം.
പുലർച്ചെ ആറുമണിയോടെയാണ് ഒരു കുടുംബത്തിലെ നാലുപേർക്കെതിരേ ആസിഡ് ആക്രമണം നടന്നതായി ഷേർഗർ പോലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉമേഷ് കശ്യപാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയത്.
വിവാഹിതയും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ യുവതിയോട് ഉമേഷ് വിവാഹാഭ്യർഥന നടത്തിയിരുന്നു. യുവതി ഇത് നിരാകരിച്ചു. ഇതോടെ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്താൻ ഉമേഷ് തീരുമാനിച്ചു. ഇത് നടപ്പാക്കുന്നതിനിടെ അവരുടെ ഭർത്താവിനും മക്കൾക്കും കൂടി പരിക്കേൽക്കുകയായിരുന്നു. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പോലീസ്, ഉമേഷിനെ അറസ്റ്റ് ചെയ്യാനുള്ള സംഘങ്ങളെയും രൂപവത്കരിച്ചു.








