ഓള്‍ഡ് മങ്ക്, റോയല്‍ ചലഞ്ച് ബ്രാന്‍ഡുകളുടെ വില്‍പന വിലക്കി എഫ്എസ്എസ്എഐ; കൃത്രിമ ഫ്‌ലേവര്‍ ചേര്‍ത്തെന്ന് കണ്ടെത്തൽ

Spread the love

കൃത്രിമമായി രുചിയും മണവും നല്‍കുന്ന വസ്തുക്കള്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്തെ ജനപ്രിയ മദ്യ ബ്രാന്‍ഡുകളായ ഓള്‍ഡ് മങ്ക്, ആന്റിക്വിറ്റി ബ്ലൂ, റോയല്‍ ചലഞ്ച്, ബാഗ്പൈപ്പര്‍ ഡീലക്‌സ് എന്നിവയുടെ ചില വകഭേദങ്ങളുടെ വില്‍പന ഭക്ഷ്യസുരക്ഷാ അതോറിറ്റി വിലക്കി. നിര്‍മ്മാണത്തിലെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് ഈ നടപടിയെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

 

ഡിയാജിയോ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് സ്പിരിറ്റ്‌സ്, ഇന്‍ബ്രൂ ബിവറേജസ്, മോഹന്‍ റോക്കി സ്പ്രിംഗ് വാട്ടര്‍ എന്നീ കമ്പനികള്‍ നിര്‍മ്മിക്കുന്ന ചില ഉല്‍പ്പന്നങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. സ്വാഭാവിക ചേരുവകള്‍ ഉപയോഗിക്കുന്നതിനും കൃത്യമായ കാലപ്പഴക്കം നല്‍കി മദ്യം നിര്‍മ്മിക്കുന്നതിനും പകരം, പെട്ടെന്ന് രുചിയും മണവും ലഭിക്കുന്നതിനായി കൃത്രിമ ഫ്‌ലേവറുകള്‍ ഇവര്‍ ചേര്‍ത്തുവെന്നാണ് എഫ്എസ്എസ്എഐയുടെ പരിശോധനയില്‍ വ്യക്തമായത്. താഴെ പറയുന്ന മദ്യങ്ങളുടെ വില്‍പനയ്ക്കാണ് എഫ്എസ്എസ്എഐ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

 

മധ്യപ്രദേശിലെ യുണൈറ്റഡ് സ്പിരിറ്റ്‌സ് നിര്‍മ്മിച്ച ആന്റിക്വിറ്റി ബ്ലൂ വിസ്‌കി, റോയല്‍ ചലഞ്ച് വിസ്‌കി.

മധ്യപ്രദേശില്‍ ഇന്‍ബ്രൂ ബിവറേജസ് നിര്‍മ്മിച്ച ബാഗ്പൈപ്പര്‍ ഡീലക്‌സ് വിസ്‌കി, ഓള്‍ഡ് കാസ്‌ക് ഡീലക്‌സ് ട്രിപ്പിള്‍ എക്‌സ് റം.

മഹാരാഷ്ട്രയിലെ മോഹന്‍ റോക്കി സ്പ്രിംഗ് വാട്ടര്‍ നിര്‍മ്മിക്കുന്ന ഓള്‍ഡ് മങ്കിന്റെ മൂന്ന് വകഭേദങ്ങള്‍.

എന്നാല്‍, ഈ കമ്പനികളുടെ നിര്‍ദ്ദിഷ്ട പ്ലാന്റുകളില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണോ അതോ രാജ്യത്തുടനീളമുള്ളവയ്ക്കാണോ വിലക്ക് ബാധകമെന്നതില്‍ വ്യക്തത വന്നിട്ടില്ല. റോയിട്ടേഴ്‌സ് ഇതില്‍ വിശദീകരണം തേടിയെങ്കിലും എഫ്എസ്എസ്എഐയോ മദ്യക്കമ്പനികളോ പ്രതികരിച്ചിട്ടില്ല.

 

എന്തുകൊണ്ട് എഫ്എസ്എസ്എഐ നടപടി?

ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം മദ്യത്തില്‍ പ്രകൃതിദത്തമായ ഫ്‌ലേവറുകള്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍, ലാബ് പരിശോധനയില്‍ റമ്മിന് റമ്മിന്റെ ഫ്‌ലേവറും വിസ്‌കിക്ക് വിസ്‌കിയുടെ ഫ്‌ലേവറും തന്നെ കമ്പനികള്‍ പുറമെ നിന്ന് കൃത്രിമമായി ചേര്‍ക്കുന്നതായി കണ്ടെത്തുകയായിരുന്നു. റമ്മില്‍ റമ്മിന്റെ ഫ്‌ലേവറും വിസ്‌കിയില്‍ വിസ്‌കിയുടെ ഫ്‌ലേവറും ചേര്‍ക്കുന്ന രീതി ലോകത്തൊരിടത്തും അംഗീകരിച്ചിട്ടുള്ള ഒന്നല്ലെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കി. ശരിയായ രീതിയില്‍ മദ്യം പഴക്കം ചെല്ലാന്‍ അനുവദിക്കുന്നതും, മൊളാസസ്, മാള്‍ട്ട്, മുന്തിരി തുടങ്ങിയ സ്വാഭാവിക ചേരുവകള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കാന്‍ ഇത്തരം കുറുക്കുവഴികള്‍ കമ്പനികളെ സഹായിക്കുമെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. കൃത്രിമ ഫ്‌ലേവറുകള്‍ ഉള്ളതിനാല്‍ പരിശോധിച്ച ഉല്‍പ്പന്നങ്ങളെല്ലാം ‘ഗുണനിലവാരമില്ലാത്തവ’ ആണെന്നാണ് എഫ്എസ്എസ്എഐയുടെ വിലയിരുത്തല്‍.

 

മദ്യവ്യവസായ മേഖല ആശങ്കയില്‍

നിയമപ്രകാരം ഇത്തരം ഫ്‌ലേവറുകള്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ടെന്നാണ് കരുതിയിരുന്നതെന്നും, എഫ്എസ്എസ്എഐയുടെ പുതിയ തീരുമാനത്തില്‍ ആശങ്കയുണ്ടെന്നും വ്യവസായ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. ഏകദേശം 40 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വരുമാനമുള്ള ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ മദ്യ വിപണികളിലൊന്നാണ്. വിപണിവിഹിതത്തില്‍ മുന്‍പന്തിയിലുള്ള ഡിയാജിയോ ഇന്ത്യയുടെ ജനപ്രിയ ബ്രാന്‍ഡുകള്‍ക്കാണ് ഇപ്പോള്‍ വിലക്ക് വീണിരിക്കുന്നത്. വില കൂടിയ ഇംപോര്‍ട്ടഡ് വിസ്‌കി, സ്‌കോച്ച്, പ്രീമിയം റം എന്നിവയേക്കാള്‍ സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന താങ്ങാനാവുന്ന വിലയിലുള്ള ഇന്ത്യന്‍ നിര്‍മ്മിത ബ്രാന്‍ഡുകള്‍ക്കാണ് എഫ്എസ്എസ്എഐ നടപടി തിരിച്ചടിയായിരിക്കുന്നത്.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *