തിരുവനന്തപുരം: ചികിത്സ കഴിഞ്ഞിട്ടും ഏറ്റടുക്കാൻ ആളില്ലാത്തതിനാൽ സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്നവരുടെ എണ്ണത്തിൽ വർധന. തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ മാത്രം ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട 55 പേരുണ്ട്. കൃത്യമായ പുനരധിവാസ പദ്ധതികൾ ഇല്ലാത്തതാണ് ഇവരെ മാറ്റിപ്പാർപ്പിക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണം.
ഒരിക്കൽ മനസിന്റെ താളം ഒന്ന് തെറ്റിയതാണ്, അതോടെ കുടുംബത്തിനും ബന്ധുക്കൾക്കും വേണ്ടാതായി. സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടും കുടുംബത്തിനും ബന്ധുക്കൾക്കും വേണ്ടാതായി. പോകാനൊരു ഇടമില്ലാതായതോടെ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ചുമരുകൾക്കുള്ളിലാണ് ഇപ്പോഴും അവരുടെ ജീവിതം. സംസ്ഥാനത്തെ എല്ലാ മാനസികാരോഗ്യ കേന്ദ്രത്തിലും ഇത്തരത്തിൽ ഏറ്റെടുക്കാൻ ആളില്ലാതെ നിരവധി പേരുണ്ട്.
പേരൂർക്കട മാത്രം ഇത്തരത്തിൽ അനാഥത്വം അനുഭവിച്ചു കഴിയുന്നത് 55 പേരാണ്. പലവട്ടം ഇവിടെ ബന്ധുക്കളെ അറിയിച്ചെങ്കിലും ആരും എത്തിയില്ല. ബന്ധുക്കൾ പലരും രോഗികളുമായി ചികിത്സയ്ക്ക് എത്തിച്ചപ്പോൾ നൽകിയത് തെറ്റായ മേൽവിലാസമാണ്. അതുകൊണ്ടുതന്നെ ബന്ധുക്കളെ കണ്ടെത്തുക അസാധ്യമാണ്. പ്രായമായവരും ഇതര സംസ്ഥാന തൊഴിലാളികളുമാണ് കൂടുതൽ. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി വഴിയാണ് പുനരധിവാസ നടപ്പിലാക്കാറെങ്കിലും, മതിയായ കേന്ദ്രങ്ങൾ ഇല്ലത്തതാണ് പ്രതിസന്ധി.
പരാതികളുടെ പശ്ചാത്തലത്തിൽ ജൂലൈ 18ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് വസന്ത ബാലാജി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇവിടെ സന്ദർശിച്ചിരുന്നു. എന്നെങ്കിലും ആരെങ്കിലും ഒരാൾ തങ്ങളെ തേടിവരുമെന്ന പ്രതീക്ഷയിലാണ് രോഗം ഭേദമായവർ ഇപ്പോഴും ഈ മതിൽക്കെട്ടിനുള്ളിൽ കഴിയുന്നത്.






