‘പ്രതിവർഷം 18 കോടി നഷ്ടം, സിദ്ധിവിനായക ക്ഷേത്രത്തിൽ കാണിക്ക മോഷണം?’ കത്തുമായി രാജ്താക്കറെ

Spread the love

മുംബൈ: പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തിലെ കാണിക്കപ്പണത്തിൽ കോടികളുടെ ക്രമക്കേട് നടന്നുവെന്ന് ആരോപണം. വിഷയം ചൂണ്ടിക്കാണിച്ച് ക്ഷേത്ര ട്രസ്റ്റിലെ എട്ട് അംഗങ്ങൾ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്ദെയ്ക്ക് അയച്ച കത്ത് പുറത്ത്. കത്തിലെ വിവരങ്ങൾ പങ്കുവെച്ചുകൊണ്ട്, ക്ഷേത്രത്തിൽനിന്ന് പ്രതിവർഷം ഏകദേശം 18 കോടി രൂപ മോഷണം പോകുന്നുവെന്ന് മഹാരാഷ്ട്ര നവനിർമ്മാൺ സേന തലവൻ രാജ് താക്കറെ ആരോപിച്ചതോടെയാണ് വിഷയം രാഷ്ട്രീയ വിവാദമായത്.

 

ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽനിന്ന് പണം മോഷ്ടിക്കപ്പെട്ടുവെന്ന ആരോപണത്തിൽ ഉന്നതതല സർക്കാർ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് 2026 ഏപ്രിൽ 21-നാണ് ട്രസ്റ്റ് അംഗങ്ങൾ മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. പണം മോഷ്ടിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ജീവനക്കാർ അറസ്റ്റിലായതിന് ശേഷം ക്ഷേത്രത്തിലെ പ്രതിവാര കാണിക്കയിൽ വലിയ വർധനവുണ്ടായതായി ട്രസ്റ്റികൾ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

ഇത് ദീർഘകാലമായി പണം തട്ടിയെടുക്കപ്പെട്ടിരുന്നു എന്നതിന്റെ സൂചനയാണ് എന്നാണ് അവർ ആരോപിക്കുന്നത്. താഴ്ന്ന തട്ടിലുള്ള ജീവനക്കാരിൽ മാത്രം ഒതുങ്ങുന്നതല്ല ഈ മോഷണമെന്നും മുതിർന്ന ഭരണാധികാരികൾക്കും ഇതിൽ പങ്കുണ്ടാകാമെന്ന് വിശ്വസിക്കാൻ തങ്ങൾക്ക് ‘ശക്തമായ കാരണങ്ങളുണ്ട്’ എന്നും ട്രസ്റ്റികൾ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

കത്തിലെ വിവരങ്ങൾ പ്രകാരം, പ്രതികൾ പിടിയിലാകുന്നതിന് മുമ്പ് ക്ഷേത്രത്തിലെ പ്രതിവാര കാണിക്ക ശേഖരണം സാധാരണയായി 50 ലക്ഷം രൂപയിൽ താഴെയായിരുന്നു. എന്നാൽ, ഇവരുടെ അറസ്റ്റിന് ശേഷമുള്ള മൂന്നാഴ്ചകളിൽ ഓരോ ബുധനാഴ്ചയും ശേഖരിക്കുന്ന തുക ഏകദേശം 1.5 കോടി രൂപയായി ഉയർന്നിട്ടുണ്ട്.

 

‘പണം എണ്ണുന്നതിന് മുമ്പ് തന്നെ ഓരോ ആഴ്ചയും ശേഖരിക്കുന്ന കാണിക്കയുടെ വലിയൊരു ഭാഗം തട്ടിയെടുക്കപ്പെട്ടിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ, ക്ഷേത്രത്തിന് പ്രതിവർഷം ഏകദേശം 18 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടാകാമെന്ന് ഞങ്ങൾ സംശയിക്കുന്നു.’ ട്രസ്റ്റികൾ ആരോപിച്ചു.

 

‘ഈ വിഷയത്തിലെ കണ്ണികൾ ഉന്നത തലങ്ങളിലേക്ക് നീളുന്നുണ്ടെന്ന് വിശ്വസിക്കാൻ ഞങ്ങൾക്ക് ശക്തമായ കാരണങ്ങളുണ്ട്, അതിനാൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്.’ ഭരണകൂടവുമായി ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണമടക്കം ഒരു ‘ഉന്നതതല സർക്കാർ അന്വേഷണത്തിന്’ ഉത്തരവിടണമെന്ന് അവർ ഷിന്ദെയോട് അഭ്യർത്ഥിച്ചു.

 

അതുൽ ലോധെ, ഭാസ്‌കർ റാവത്ത്, മഹേഷ് മുരളീധർ, ജിതേന്ദ്ര റാവത്ത്, മീന കാംബ്ലെ, മംഗള തുപെ, ഗോപാൽ ഡാൽവി, സുദർശൻ സംഗാലെ എന്നിവർ ഒപ്പിട്ട കത്തിൽ, കഴിഞ്ഞ ഒന്നര വർഷത്തിനിടെ വിവിധ ഭരണനടപടികളിലൂടെ ക്ഷേത്രത്തിന്റെ വരുമാനം ഏകദേശം 25% വർദ്ധിപ്പിക്കാൻ ഭരണസമിതിക്ക് കഴിഞ്ഞതായും അവകാശപ്പെട്ടിട്ടുണ്ട്.

 

മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) അധ്യക്ഷൻ രാജ് താക്കറെ ശനിയാഴ്ച നടന്ന ഒരു പരിപാടിയിൽ ഈ വിഷയം പരസ്യമായി ഉന്നയിച്ചതോടെയാണ് വിഷയത്തിന് രാഷ്ട്രീയമാനം കൈവന്നത്. ട്രസ്റ്റികളുടെ കത്തിലെ ഭാഗങ്ങൾ വായിച്ചുകൊണ്ട് അദ്ദേഹം ആരോപിച്ചത്, സിദ്ധിവിനായക ക്ഷേത്രത്തിൽ നിന്ന് ‘ഓരോ വർഷവും 18 കോടി രൂപ മോഷ്ടിക്കപ്പെടുന്നു’ എന്നാണ്.

 

അയോധ്യയിലെ രാമക്ഷേത്രത്തിൽനിന്ന് 1,400 കോടി രൂപ മോഷ്ടിക്കപ്പെട്ടതായി ആരോപിച്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ടു. ‘നിരാശരായ യുവാക്കൾ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നു, എന്നാൽ ക്ഷേത്രങ്ങൾ പോലും അഴിമതിയിൽനിന്ന് മുക്തമല്ല.’ താക്കറെ പറഞ്ഞു. എന്നാൽ, ക്ഷേത്ര ട്രസ്റ്റ് ഈ ആരോപണങ്ങൾ നിഷേധിക്കുകയും ക്രമക്കേടുകൾ തങ്ങൾ തന്നെയാണ് കണ്ടെത്തി സർക്കാരിനെ അറിയിച്ചതെന്നും അവകാശപ്പെട്ടു.

 

ആരോപണങ്ങളോട് പ്രതികരിച്ച സിദ്ധിവിനായക ടെമ്പിൾ ട്രസ്റ്റ് ചെയർമാൻ സദാ സർവാങ്കർ, മോഷണവുമായി ബന്ധപ്പെട്ട് ഒൻപത് ജീവനക്കാരെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ചു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *