ഉദയനിധി സ്റ്റാലിന്റെ അറസ്റ്റ് തമിഴ്‌നാട്ടില്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്. നടി തൃഷയ്‌ക്കെതിരെ നടത്തിയ പരാമര്‍ശമാണ് ഉദയനിധിയുടെ അറസ്റ്റിലേക്ക് നയിച്ചത്. കാവേരി നദീജല തര്‍ക്ക വിഷയത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കവെയായിരുന്നു ഉദയനിധിയുടെ വിവാദ പരാമര്‍ശം. നാല് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഉദയനിധിയെ വിട്ടയച്ചു.
തമിഴ്‌നാട്ടില്‍ ഉദയനിധി അകത്തായപ്പോള്‍ കേരളത്തില്‍ മലയാളികളെല്ലാം അന്വേഷിച്ചത് നടന്‍ ധ്യന്‍ ശ്രീനിവാസനെയായിരുന്നു. കുറച്ച് നാള്‍ മുമ്പ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യേയും നടി തൃഷയേയും കുറിച്ച് ധ്യാന്‍ നടത്തിയ പരാമര്‍ശം വൈറലായിരുന്നു. ഇതിന്റെ പേരില്‍ ധ്യാന് തമിഴ് ആരാധകരില്‍ നിന്നും കടുത്ത സൈബര്‍ ആക്രമണവും നേരിടേണ്ടി വന്നിരുന്നു.
ഇതിനിടെ ഇപ്പോഴിതാ വിഷയവുമായി ബന്ധപ്പെട്ടൊരു ട്രോളില്‍ ധ്യാന്‍ കമന്റുമായെത്തിയിരിക്കുകയാണ്. തൃഷയെ അവഹേളിച്ചതിന് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തു എന്നറിയുന്ന ധ്യാന്‍ ശ്രീനിവാസന്‍ എന്നു പറഞ്ഞു കൊണ്ട്, അണ്ണന്‍ തമ്പി സിനിമയിലെ മമ്മൂട്ടിയുടെ സീന്‍ ഉള്‍പ്പെടുത്തിയാണ് ട്രോള്‍ വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. ട്രോള്‍ വിഡിയോ വൈറലായതോടെ ധ്യാന്‍ കമന്റുമായെത്തുകയായിരുന്നു.
‘ഹഹഹ, അണ്ണനും അണ്ണിയും എന്‍ ഉയിര്‍ ഡാ…’ എന്നായിരുന്നു ധ്യാന്‍ ശ്രീനിവാസന്റെ കമന്റ്. നേരത്തെ ഒരു സിനിമയുടെ ലോഞ്ചിനിടെയാണ് ധ്യാന്‍ വൈറലായ പരാമര്‍ശം നടത്തിയത്. സദസിലുണ്ടായിരുന്ന നവ്യയോടായി, താന്‍ മുഖ്യമന്ത്രിയാകുമ്പോള്‍ തൃഷയെ പോലെ സാരിയുടുത്ത് വരണമെന്നായിരുന്നു ധ്യാന്‍ പറഞ്ഞത്. ഈ വിഡിയോ വൈറലായതോടെ താരത്തിനെതിരെ തമിഴ്‌നാട്ടില്‍ നിന്നും വിജയ് ആരാധകര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.
അതേസമയം, വിവാദ പരാമര്‍ശത്തില്‍ അറസ്റ്റിലായ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത് ഏതാണ്ട് നാലു മണിക്കൂറിനു ശേഷമായിരുന്നു മോചനം. ഉദയനിധിയെ ഇന്നലെ തന്നെ മോചിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.








