നാട്ടിൽ നിന്ന് കൊടുത്തയച്ച പെട്ടിയിൽ ‘പെട്ടു’ യുവതി; പ്രവാസികളേ, ‘സൗഹൃദപ്പൊതി’കൾ വിശ്വസിക്കരുതേ, ഉറപ്പുവരുത്താതെ കൂടെ കൊണ്ടുവരരുതേ!

Spread the love

ദുബായ്∙ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരിയുടെ സ്യൂട്ട്‌കേസിന്റെ ഫ്രെയിമിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 460 ഗ്രാം 24 കാരറ്റ് അസംസ്കൃത സ്വർണം ദുബായ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. സ്വർണം ഉരുക്കി നേർത്ത കമ്പികളുടെ രൂപത്തിലാക്കി സ്യൂട്ട്‌കേസിന്റെ റബർ ഫ്രെയിമിലും ആന്തരിക ഘടനയിലും സമർഥമായി ഘടിപ്പിച്ച നിലയിലായിരുന്നു. സാധാരണ സ്യൂട്ട്‌കേസിന്റെ ഭാഗമാണെന്ന തോന്നൽ സൃഷ്ടിച്ച് പരിശോധനയിൽ നിന്ന് രക്ഷപ്പെടാനായിരുന്നു ശ്രമമെന്ന് അധികൃതർ അറിയിച്ചു.

 

പരിശോധനയ്ക്കിടെ എക്‌സ്-റേ സ്കാനറിൽ അസാധാരണ സൂചനകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തിയത്. തുടർന്ന് സ്യൂട്ട്‌കേസിന്റെ ഫ്രെയിമിനുള്ളിൽ ഒളിപ്പിച്ചിരുന്ന സ്വർണക്കമ്പികൾ കണ്ടെത്തി. സ്യൂട്ട്‌കേസിന്റെ യഥാർഥ ഭാഗങ്ങളുമായി സാമ്യമുള്ള രീതിയിലായിരുന്നു ഇവ രൂപകൽപന ചെയ്തിരുന്നതെന്നും കടത്തുസംഘങ്ങൾ കൂടുതൽ സങ്കീർണമായ മാർഗങ്ങൾ സ്വീകരിക്കുന്നതിന്റെ ഉദാഹരണമാണ് ഇതെന്നും കസ്റ്റംസ് വ്യക്തമാക്കി.

 

ചോദ്യം ചെയ്യലിൽ ഏഷ്യൻ സ്വദേശിനിയായ യാത്രക്കാരി സ്യൂട്ട്‌കേസ് സ്വന്തം നാട്ടിലെ ഒരാളിൽ നിന്ന് ലഭിച്ചതാണെന്നും അതിൽ സ്വർണം ഒളിപ്പിച്ചിട്ടുണ്ടെന്ന കാര്യം അറിയില്ലായിരുന്നുവെന്നുമാണ് മൊഴി നൽകിയതെന്ന് അധികൃതർ അറിയിച്ചു. മറ്റുള്ളവർക്കുവേണ്ടി ബാഗുകളോ പൊതികളോ സ്യൂട്ട്‌കേസുകളോ കൈവശം വഹിക്കരുതെന്നും പരിചയമുള്ളവരാണെങ്കിലും ഇത്തരത്തിലുള്ള അഭ്യർഥനകൾ സ്വീകരിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.

 

സ്വന്തം ലഗേജിലുള്ള എല്ലാ വസ്തുക്കൾക്കും നിയമപരമായ ഉത്തരവാദിത്തം യാത്രക്കാരനാണെന്നും യാത്രയ്ക്ക് മുൻപ് ഉള്ളടക്കം ഉറപ്പുവരുത്തണമെന്നും ഓർമിപ്പിച്ചു. കടത്തുസംഘങ്ങൾ പുതിയ ഒളിപ്പിക്കൽ മാർഗങ്ങൾ പരീക്ഷിക്കുന്നുണ്ടെങ്കിലും പരിചയസമ്പത്തും അത്യാധുനിക പരിശോധനാ സംവിധാനങ്ങളും ഉപയോഗിച്ച് ഉദ്യോഗസ്ഥർ ഇത്തരം ശ്രമങ്ങൾ കണ്ടെത്താൻ പ്രാപ്തരാണെന്ന് ദുബായ് കസ്റ്റംസിലെ യാത്രക്കാരുടെ പ്രവർത്തനവിഭാഗം ഡയറക്ടർ ഖാലിദ് അഹമ്മദ് പറഞ്ഞു.

 

ഉദ്യോഗസ്ഥർക്ക് പുതിയ ഒളിപ്പിക്കൽ രീതികൾ തിരിച്ചറിയുന്നതിനും യാത്രക്കാരുടെ പെരുമാറ്റവും ശരീരഭാഷയും വിലയിരുത്തുന്നതിനും പ്രത്യേക പരിശീലനം നൽകുന്നുണ്ട്. എക്‌സ്-റേ സ്കാനറുകൾ, ബോഡി സ്കാനറുകൾ, സ്മാർട്ട് പരിശോധനാ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങൾ വിമാനത്താവളങ്ങളിൽ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഓരോ സ്വർണക്കടത്ത് ശ്രമവും തടയുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സാമൂഹിക സുരക്ഷയെയും സംരക്ഷിക്കാൻ സഹായിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

  • Related Posts

    100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം കടന്നു; ലോകത്തെ ഞെട്ടിച്ച് ജപ്പാന്റെ ദീർഘായുസ് റെക്കോർഡ്

    Spread the love

    Spread the loveലോകത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിൽ പുതിയ റെക്കോർഡ്. രാജ്യത്ത് 100 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നിരിക്കുന്നു. ജപ്പാൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം…

    മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

    Spread the love

    Spread the loveഷാർജ ∙ മലയാളി യുവ ദന്ത ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. അലനല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യ മലപ്പുറം വണ്ടൂർ പൂക്കുളം സ്വദേശി ഡോ. അഫീന റഹീം (32) ആണ് മരിച്ചത്. ഇല്ലിക്കതൊടിക അബ്ദുറഹീമിന്റെ മകളാണ്. മൃതദേഹം ചൊവ്വാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *