ന്യൂഡൽഹി∙ പ്രതിരോധ വിവരങ്ങൾ ചോർത്തിയെന്ന് ആരോപിച്ച് ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡറെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥനെതിരെ ഔദ്യോഗിക രഹസ്യ നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു.
സൈനിക രഹസ്യങ്ങൾ ചോർത്തുന്ന വലിയൊരു ചാര ശൃംഖലയിലേക്കാണ് ഈ അറസ്റ്റ് വിരൽ ചൂണ്ടുന്നതെന്ന് ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഒരുക്കിയ ഹണി ട്രാപ്പിൽ വിങ് കമാൻഡർ പെടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ ഉദ്യോഗസ്ഥൻ സഹപ്രവർത്തകന്റെ മൊബൈൽ ഫോണിന്റെ നിയന്ത്രണം കൈക്കലാക്കുന്നതിനായി ഡേറ്റ ചോർത്തുന്ന സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തതായും പൊലീസ് പറഞ്ഞു.
വ്യോമസേനയുടെ ഇന്റലിജൻസ് വിഭാഗം അറിയിച്ചതിനെ തുടർന്ന് ഡൽഹി പൊലീസ് മെയ് 31ന് രാത്രിയിലാണ് വിങ് കമാൻഡറെ അറസ്റ്റ് ചെയ്തത്. നിലവിൽ തിഹാർ ജയിലിലാണ് ഉദ്യോഗസ്ഥൻ. വിങ് കമാൻഡർ നിരീക്ഷണത്തിൽ ആയിരുന്നെന്നും തുടർന്ന് പൊലീസിനു കൈമാറിയെന്നും വ്യോമസേനാ വക്താവ് പറഞ്ഞു. ഉദ്യോഗസ്ഥനെ ഹണിട്രാപ്പിൽ കുടുക്കിയ സ്ത്രീ പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരുടെ നിർദേശപ്രകാരമാണ് പ്രവർത്തിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു.








