കോഴിക്കോട് ∙ കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയും 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുമായ എരഞ്ഞിക്കൽ തടങ്ങാട്ടുവയൽ സാഗേഷ് കുമ്പാളിയെ (31) സാഹസിക നീക്കത്തിലൂടെ എലത്തൂർ പൊലീസ് പിടികൂടി. ഒന്നര മാസത്തോളമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ പ്രതിയെ വയനാട് ബത്തേരിയിൽ വനമേഖലയ്ക്കു സമീപമുള്ള റിസോർട്ട് വളഞ്ഞാണ് ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എലത്തൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളും കാപ്പ നിയമപ്രകാരം ശിക്ഷ അനുഭവിച്ച ആളുമാണ് സാഗേഷ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
അന്തർ സംസ്ഥാന ലഹരി ശൃംഖലയിലെ ‘റോളക്സ്’ എന്ന് അറിയപ്പെടുന്ന ഇയാൾ സോഷ്യൽ മീഡിയയിലൂടെ സ്കൂൾ വിദ്യാർഥിനികളുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് പ്രണയം നടിച്ച് വിവിധ ലോഡ്ജുകളിലും മറ്റും എത്തിച്ച് ലഹരി നൽകി ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തുകയും ചെയ്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
എലത്തൂർ ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തിന്റെയും സബ് ഇൻസ്‌പെക്ടർ വി.ടി.ഹരീഷ് കുമാറിന്റെയും നേതൃത്വത്തിൽ ഗ്രേഡ് എഎസ്ഐ ജയേഷ്, എസ്‌സിപിഒമാരായ നിജിലേഷ്, പ്രശാന്ത്, അതുൽ, സിപിഒമാരായ സുജിത് കുമാർ, വിഷ്ണുലാൽ, ലജിഷ, ശ്രുതി, വൈശാഖ്, ആർ.പി.അനീഷ് എന്നിവരടങ്ങിയ സംഘമാണ് റിസോർട്ട് വളഞ്ഞ് പ്രതിയെ പിടികൂടിയത്. പൊലീസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
പതിനഞ്ചോളം കേസുകളിൽ പ്രതിയായ സാഗേഷ് കുമ്പാളി പത്തു വർഷം മുൻപ് കഞ്ചാവ് കൈവശം വച്ച കേസിൽ ജയിൽശിക്ഷ അനുഭവിച്ചിരുന്നു. ലഹരി കൈവശം വയ്ക്കൽ, ലഹരി ഉപയോഗം, വധശ്രമം തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളാണ്. സോഷ്യൽ മീഡിയയിലൂടെ വിദ്യാർഥിനികളുമായി ബന്ധം സ്ഥാപിച്ച് അവരെ ലഹരിക്ക് അടിമകളാക്കിയ ശേഷം അവരെ ലഹരി ഇടപാടുകൾക്കായി ഉപയോഗിച്ചതായും മറ്റുള്ളവർക്ക് കൈമാറിയതായും അന്വേഷണത്തിൽ സൂചന ലഭിച്ചു.
∙ ‘റോളക്സ്’ മോഡൽ; ഡോൺ ഇമേജ്
തമിഴ് സിനിമയിലെ ‘റോളക്സ്’ എന്ന കഥാപാത്രത്തിന്റെ മാതൃകയിൽ സ്വയം ഒരു ഡോൺ എന്ന പ്രതിഛായ സൃഷ്ടിച്ചാണ് ഇയാൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നത്. ‘റോളക്സ്’ മാതൃകയിലുള്ള സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഉപയോഗിക്കുകയും യുവാക്കളെ സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുള്ളവരും മാർഷൽ ആർട്സ്, ജിം മേഖലകളുമായി ബന്ധപ്പെട്ട യുവാക്കളും ഉൾപ്പെടെയുള്ളവരെ ലഹരി നൽകി സ്വാധീനിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ സൂചന ലഭിച്ചു.
∙ നിർണായകമായത് പെൺകുട്ടിയുടെ മൊഴി
പ്രതിയുടെ ക്രൂരപീഡനത്തിന് ഇക്കഴിഞ്ഞ മേയ് മാസം ഇരയായ ഒരു പെൺകുട്ടി എലത്തൂർ പൊലീസ് സ്റ്റേഷനിലെത്തി നൽകിയ മൊഴിയാണ് കേസിൽ നിർണായകമായത്. തുടർന്ന് പോക്സോ നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ ഇയാളുടെ ലഹരി ഇടപാടുകളുടെയും പെൺകുട്ടികളെ ചൂഷണം ചെയ്തതിന്റെയും കൂടുതൽ വിവരങ്ങൾ പുറത്തുവരികയായിരുന്നു. പ്രതിയെ പിടികൂടുന്നതിനായി കുണ്ടുപറമ്പിലെ ഇയാളുടെ കുടുംബവീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഒളിപ്പിച്ച നിലയിൽ മതിയായ രേഖകളില്ലാതെ പിസ്‌റ്റളും വടിവാളുകളും കണ്ടെത്തി.
∙ പൊലീസിനെ വെട്ടിക്കാൻ ‘ഡിജിറ്റൽ ഒളിത്താവളം’
പൊലീസിന്റെ കണ്ണുവെട്ടിച്ച് കഴിയാൻ പ്രതി നിരന്തരം സിം കാർഡുകളും വാട്സാപ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും മാറ്റിയിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വൈഫൈ ഡോംഗിൾ ഉപയോഗിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ മാത്രം ബന്ധപ്പെടുകയും കൂടുതൽ സമയവും കാറിൽ യാത്ര ചെയ്ത് താമസസ്ഥലം മാറ്റുകയും ചെയ്തിരുന്നതായും പൊലീസ് പറയുന്നു.
∙ ‘ഓപ്പറേഷൻ തൂഫാൻ’ മുതൽ ‘ഓപ്പറേഷൻ റോളക്സ്’ വരെ
കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ.പി.ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സാഗേഷിന്റെ ശൃംഖലയിലെ നിരവധി കണ്ണികൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. കുണ്ടുപറമ്പിൽ ലഹരിമരുന്ന് കൈവശം വച്ച കേസിൽ ഇയാളുടെ പങ്കാളിയെയും, ആർജെ റസിഡൻസിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ലഹരി ശൃംഖലയിലെ മറ്റ് പങ്കാളികളെയും എലത്തൂർ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ അടുത്ത സുഹൃത്തും ലഹരി ഇടപാടിലെ പങ്കാളിയുമായ ‘താടി കിരൺ’ ഉൾപ്പെടെയുള്ളവരെ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിലും അറസ്റ്റ് ചെയ്തതോടെ സാഗേഷ് കോഴിക്കോട് നഗരം വിട്ട് കടന്നുകളയുകയായിരുന്നു.
∙ പരിശോധിച്ചത് നൂറുകണക്കിന് മൊബൈൽ നമ്പറുകൾ
കോഴിക്കോട് ടൗൺ എസിപി ആയി തിരിച്ചെത്തിയ ടി.പി.അഷ്റഫിന്റെ നിർദേശപ്രകാരം ‘ഓപ്പറേഷൻ റോളക്സ്’ എന്ന പേരിൽ എലത്തൂർ പൊലീസും സൈബർ സെല്ലും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ നൂറുകണക്കിന് മൊബൈൽ കോളുകളും ഡേറ്റാ ഉപയോഗവും മറ്റും പരിശോധിച്ച് പ്രതിയുടെ ഡിജിറ്റൽ നീക്കങ്ങൾ പിന്തുടർന്നാണ് ഒടുവിൽ ഇയാൾ വയനാട്ടിലെ റിസോർട്ടിൽ ഒളിവിൽ കഴിയുന്നതായി പൊലീസ് കണ്ടെത്തിയത്. തുടർന്ന് രാത്രിയിൽ രണ്ടു കിലോമീറ്ററോളം നടന്ന് ബത്തേരിയിൽ വനമേഖലയ്ക്കടുത്തുള്ള റിസോർട്ട് പുലർച്ചെ വളഞ്ഞ പൊലീസിലെ ചടുല നീക്കത്തിലാണ് പ്രതി വലയിലായത്. പൊലീസ് സംഘം പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതി ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.
∙ കൂടുതൽ പെൺകുട്ടികൾ ഇരകളായോ? അന്വേഷണം വ്യാപിപ്പിക്കും
നഗരത്തിൽ താമസസൗകര്യം ഒരുക്കുന്ന രണ്ട് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരുമായി പ്രതിയുടെ ബന്ധം, ഇയാൾക്ക് ലഹരി വസ്തുക്കൾ എത്തിച്ചു നൽകിയ സംഘങ്ങൾ, ഇയാളുടെ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് കൂടുതൽ പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് എലത്തൂർ പൊലീസ് ഇൻസ്‌പെക്ടർ കെ.ആർ. രഞ്ജിത്ത് അറിയിച്ചു. പ്രതിയുടെ മൊബൈൽ ഫോണുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, സാമ്പത്തിക ഇടപാടുകൾ, ബന്ധപ്പെടുന്ന വ്യക്തികൾ എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കും. ഇതോടെ കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ലഹരി ശൃംഖലയുടെ കൂടുതൽ കണ്ണികൾ പുറത്തുവരുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.





