ലണ്ടൻ ∙ ഗാർഹിക പീഡനത്തിൽനിന്ന് രക്ഷപ്പെടാൻ ഹോട്ടലിൽ അഭയം തേടിയ യുവതി നേരിട്ടത് ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. 2025 ഒക്ടോബറിൽ നടന്ന സംഭവത്തിലാണ് ഹോട്ടലിന് വൻ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. പീഡനത്തെത്തുടർന്നുള്ള ഭയത്തിൽനിന്ന് ഒരു രാത്രി മാറിനിൽക്കാനാണ് യുവതി ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ യുവതിയുടെ കാമുകനാണെന്ന് പറഞ്ഞെത്തിയ വ്യക്തി റിസപ്ഷനിൽനിന്ന് മുറിയുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞു.
യുവതിക്ക് അപസ്മാരം വന്നിരിക്കുകയാണെന്നും ഏത് മുറിയിലാണ് താമസിക്കുന്നതെന്നും ഇയാൾ ജീവനക്കാരോട് ചോദിച്ചു. തുടർന്ന് ജീവനക്കാർ മുറിയുടെ താക്കോൽ ഇയാൾക്ക് കൈമാറി. മുറിയിലെത്തിയ ഇയാൾ യുവതിയെ ആക്രമിക്കുകയും ഫോൺ പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നീട് ഇയാൾ പുറത്തുപോയെങ്കിലും വീണ്ടും ഹോട്ടലിലെത്തി വാതിലിൽ ശക്തമായി മുട്ടുകയും ബഹളംവയ്ക്കുകയും ചെയ്തു. ഭയന്ന യുവതി വാതിൽ തുറക്കാതിരുന്നതോടെ ഇയാൾ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി. തുടർന്ന് യുവതി താഴത്തെ നിലയിലേക്ക് ഓടി സഹായം തേടി.
എന്നാൽ സംരക്ഷണം നൽകുന്നതിന് പകരം മറ്റൊരു മുറി നൽകുകയാണ് ഹോട്ടൽ ജീവനക്കാർ ചെയ്തതെന്ന് യുവതി പറഞ്ഞു. സംഭവം തന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ രാത്രികളിലൊന്നായിരുന്നുവെന്നും അവർ പറഞ്ഞു. സംഭവത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ ആക്രമണകാരി യുവതിയുടെ മുഴുവൻ പേരും മുറി നമ്പറും റിസപ്ഷനിൽ പറഞ്ഞതായി ട്രാവലോഡ്ജ് സ്ഥിരീകരിച്ചു. ഒരു അതിഥി ഹോട്ടലിൽ താമസിക്കുന്നുണ്ടോ എന്ന് മൂന്നാം കക്ഷിയോട് പോലും സ്ഥിരീകരിക്കരുതെന്ന നയം ജീവനക്കാർ പാലിച്ചില്ലെന്നും കമ്പനി സമ്മതിച്ചു.
സംഭവത്തിന് പിന്നാലെ ഹോട്ടലിലെ മുറി സുരക്ഷാ നടപടികളിൽ മാറ്റം വരുത്തി. അതിഥിയുടെ വ്യക്തമായ അനുമതിയില്ലാതെ അധികമോ പകരമുള്ളതോ ആയ മുറിത്താക്കോലുകൾ നൽകില്ലെന്നാണ് പുതിയ നയം. ജീവനക്കാർക്ക് സുരക്ഷാ നടപടികളിൽ വീണ്ടും പരിശീലനവും നൽകി. ഇതിനു പിന്നാലെ സമാനമായ സുരക്ഷാ വീഴ്ചകൾ നേരിട്ടതായി മറ്റ് ഹോട്ടൽ അതിഥികളും പരാതിപ്പെട്ടിട്ടുണ്ട്. ചിലർക്ക് മറ്റുള്ളവരുടെ മുറികളുടെ താക്കോൽ വരെ ലഭിച്ച സംഭവങ്ങളും പുറത്തുവന്നു. മുറിയിൽ നടന്ന ആക്രമണത്തിന് ശേഷം ഹോട്ടലുകളിൽ താമസിക്കാൻ പോലും ഭയമാണെന്ന് യുവതി പറഞ്ഞു. ഹോട്ടലുകളിൽ കൂടുതൽ ശക്തമായ സുരക്ഷാ നടപടികൾ ആവശ്യമാണെന്നും അവർ വ്യക്തമാക്കി.








