മലപ്പുറം: എലിശല്യം കൊണ്ട് പൊറുതിമുട്ടിയ മലപ്പുറം സിവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഒടുവിൽ എലിയെ പിടിക്കാൻ കണ്ടെത്തിയത് വ്യത്യസ്തമായൊരു മാർഗം. മലപ്പുറം സിവിൽ സ്റ്റേഷനിലെ മൈനർ ഇറിഗേഷൻ ഡിവിഷൻ ഓഫീസിലാണ് സംഭവം.
ഓഫീസിൽ സ്ഥിരമായി ശല്യം സൃഷ്ടിച്ചിരുന്ന എലിയെ പലവിധത്തിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് ഉദ്യോഗസ്ഥനായ റോഷൻ അരീക്കോട് എലിയെ പിടിക്കാൻ പൂച്ചയെ തന്നെ ഇറക്കിയത്.
പൂച്ച എത്തിയതോടെ ദൗത്യം വിജയിച്ചു. എലിയെ പിടികൂടിയതോടെ പൂച്ചയും ചുറ്റുമുണ്ടായിരുന്ന കുട്ടികളും ഹാപ്പി; എലിശല്യം ഒഴിഞ്ഞതോടെ ഉദ്യോഗസ്ഥരും ഹാപ്പി. ഇനി എലിശല്യം ഒഴിവാക്കാൻ ‘പൂച്ച സാർ’ ഓഫീസിൽ തന്നെ തുടരാനാണ് തീരുമാനം.
സംഭവത്തിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം ഒരു കോടിയിലേറെ ആളുകളാണ് വീഡിയോ കണ്ടത്. വ്യത്യസ്തമായ എലി പിടിത്തം സമൂഹമാധ്യമങ്ങളിലും വലിയ കൗതുകമാണ് സൃഷ്ടിക്കുന്നത്.





