ഹൈദരാബാദ്∙ നിരോധിത സംഘടനയായ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) വനിത നേതാവ് പൊലീസിൽ കീഴടങ്ങി. 60 വയസ്സുള്ള കകരാല സമതയാണ് തെലങ്കാന ഡിജിപിക്ക് മുൻപാകെ തിങ്കളാഴ്ച വൈകിട്ട് കീഴടങ്ങിയത്. മുൻ മാവോയിസ്റ്റ് നേതാവ് സുധാകർ റെഡ്ഡിയുടെ ഭാര്യയാണ് കകരാല സമത. 2009 മേയ് 24 ന് സുധാകർ റെഡ്ഡി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
കീഴടങ്ങിയ സമതയും മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ സജീവമായിരുന്നു. ഇവരുടെ തലയ്ക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കീഴടങ്ങിയതിനെ തുടർന്ന് മാനദണ്ഡങ്ങൾക്ക് അനുസൃതമായുള്ള സാമ്പത്തിക സഹായം നൽകുമെന്ന് പൊലീസ് പറഞ്ഞു. അടിയന്തര സഹായമായി 25,000 രൂപ നൽകി.
ഇനി മൂന്ന് മാവോയിസ്റ്റ് നേതാക്കൾ മാത്രമേ സംസ്ഥാനത്ത് ഒളിവിൽ കഴിയുന്നുള്ളു എന്ന് ഡിജിപി പറഞ്ഞു. ഗണപതി, ജേഡ് രത്‌ന ബായ് എന്ന സുജാത, വർദ്ധ ശേഖർ എന്നിവരാണ് ഇപ്പോഴും ഒളിവിലുള്ളത്. ഇവരോടും കീഴടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടു.








