പട്യാല∙ പിറ്റ്ബുൾ നായയുടെ ആക്രമണത്തിൽ ദമ്പതികൾക്കു ഗുരുതര പരുക്ക്. പഞ്ചാബിലെ ഘുമാൻ നഗറിലാണ് സംഭവം. പട്യാല സ്വദേശികളായ അങ്കിത് സഭർവാളും ഭാര്യ ഷിഫാലിയുമാണ് നായയുടെ ആക്രമണത്തിനിരയായത്.
വാടക വീട് കാണുന്നതിനായാണു ഇരുവരും ഘുമാൻ നഗറിലെത്തിയത്. വീടിന്റെ ഗേറ്റ് തുറന്നപ്പോൾ നായ ചാടി വന്ന് ആക്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഷിഫാലിയുടെ കൈയിൽ കടിച്ചുകുടഞ്ഞ നായ ശരീരമാസകലം പരുക്കേൽപ്പിച്ചതായി അങ്കിത് പറഞ്ഞു. ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അങ്കിത്തിനും സാരമായി പരുക്കേറ്റു. യുവാവിന്റെ കാലിലും പുറകിലും നായ കടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
സമീപവാസികൾ ദമ്പതികളെ രക്ഷിക്കാനെത്തിയെങ്കിലും അവർക്ക് നേരെയും നായ തിരിഞ്ഞു. ആദ്യമൊരു സ്ത്രീ നായയെ ഓടിക്കാനായി വടിയുമായി എത്തിയെങ്കിലും നായ ആക്രമണം തുടർന്നു. പിന്നീട് മൂന്നു പേർ വടിയുമായി എത്തി നായയെ ഓടിച്ചാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. ഗുരുതതമായി പരുക്കേറ്റ ഭാര്യയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയതായി അങ്കിത് കൂട്ടിച്ചേർത്തു.
സംഭവത്തിന് പിന്നാലെ പൊലീസിൽ പരാതി നൽകിയതായി അങ്കിത് പറഞ്ഞു. നായയെ തുറന്നുവിട്ടവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ആക്രമകാരികളായ നായകളെ നഗരത്തിൽ വളർത്തുന്നതിന് നിരോധനം ഏർപ്പെടുത്തണമെന്ന് പട്യാല മേയർ കുന്ദൻ ഗോഗിയ പറഞ്ഞു,








