ലണ്ടൻ∙ മാസ്റ്റേഴ്സ് പഠനം പൂർത്തിയാക്കിയ സന്തോഷം ആഘോഷിക്കാൻ ഇന്ത്യൻ വിദ്യാർഥി വംശി മണ്ഡല (24) ബുക്ക് ചെയ്ത ഫ്ലൈറ്റ് എക്സ്പീരിയൻസ് യാത്ര എട്ട് മിനിറ്റിനകം ദുരന്തമായി. ജൂൺ 30ന് എസെക്‌സിലെ ഓംഗറിൽ തകർന്നുവീണ രണ്ട് സീറ്റുള്ള സെസ്ന വിമാനത്തിലുണ്ടായിരുന്ന വംശിയും പൈലറ്റ് ഹർലോയിൽ നിന്നുള്ള ഇന്ത്യൻ വംശജൻ എന്ന് കരുതപ്പെടുന്ന ഡിലൻ പട്ടേലും (26) അപകടത്തിൽ മരിച്ചു.
നോർത്ത് വീൾഡ് എയർഫീൽഡിൽ നിന്ന് പറന്നുയർന്ന വിമാനം അധികം വൈകാതെ മിൽ ലെയിനിന് സമീപത്തെ കൃഷിയിടത്തിലാണ് തകർന്നുവീണത്. 30 മിനിറ്റ് ഫ്ലൈറ്റ് എക്സ്പീരിയൻസായിരുന്നു വംശി ബുക്ക് ചെയ്തിരുന്നത്. വിമാനത്തിന്റെ ഡ്യുവൽ കൺട്രോളുകൾ മേൽനോട്ടത്തോടെ ഉപയോഗിക്കാനുള്ള അവസരവും യാത്രയിൽ ഉണ്ടായിരുന്നു.
∙ ആഴ്ചകൾക്ക് ശേഷം ഔദ്യോഗിക തിരിച്ചറിയൽ
അപകടത്തിന് പിന്നാലെ ഇരുവരുടെയും മൃതദേഹങ്ങൾ ഔദ്യോഗികമായി തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഡിഎൻഎയും വിരലടയാള പരിശോധനയും ഉൾപ്പെടെയുള്ള ഫോറൻസിക് പരിശോധനകൾ പൂർത്തിയാക്കിയതിന് പിന്നാലെ ഓഗസ്റ്റ് 13നാണ് എസെക്സ് പൊലീസ് ഇരുവരുടെയും തിരിച്ചറിയൽ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വംശി മണ്ഡല ഇന്ത്യയിൽ നിന്നുള്ള 24 വയസ്സുകാരനും ഡിലൻ പട്ടേൽ ഹർലോയിൽ നിന്നുള്ള 26 വയസ്സുകാരനായ പൈലറ്റുമാണെന്ന് പൊലീസ് അറിയിച്ചു.
തിരിച്ചറിയൽ നടപടികൾ സങ്കീർണമായിരുന്നുവെന്നും അതീവ സൂക്ഷ്മതയോടെയാണ് പൂർത്തിയാക്കിയതെന്നും ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് മോർഗൻ ക്രോണിൻ പറഞ്ഞു. വംശിയുടെയും ഡിലന്റെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം അറിയിച്ചു.
∙മരണത്തിന് പിന്നിലെ കാരണം തേടി ക്രിമിനൽ അന്വേഷണം
ചെംസ്ഫോർഡിലെ കൊറോണർ കോടതിയിൽ നടന്ന ഇൻക്വസ്റ്റ് ഹിയറിങ്ങിൽ ഇരുവരും ഒന്നിലധികം പരുക്കുകൾ മൂലമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഇപ്പോഴും അന്വേഷണത്തിലാണ്. ഇതിന്റെ ഭാഗമായി എസെക്‌സ് പൊലീസ് ക്രിമിനൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണത്തിന്റെ ഫലം വരുന്നതുവരെ ഇൻക്വസ്റ്റ് നടപടികൾ നിർത്തിവച്ചിരിക്കുകയാണ്. അപകടത്തിന്റെ സാങ്കേതിക കാരണങ്ങൾ കണ്ടെത്തുന്നതിനായി എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചും സമാന്തര അന്വേഷണം തുടരുകയാണ്.
∙മൂന്ന് ദിവസം നീണ്ട പരിശോധന
അപകടത്തെ തുടർന്ന് എസെക്സ് പൊലീസും എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചും ചേർന്ന് ജൂലൈ രണ്ടുവരെ അപകടസ്ഥലത്ത് വിശദമായ പരിശോധന നടത്തി. മൂന്ന് ദിവസം നീണ്ട പരിശോധനയ്ക്ക് ശേഷം വിമാനത്തിന്റെ അവശിഷ്ടങ്ങൾ സൂക്ഷ്മമായി അഴിച്ചുമാറ്റി സ്ഥലത്തുനിന്ന് നീക്കി. അപകടസമയത്ത് പ്രദേശത്തുകൂടി യാത്ര ചെയ്തിരുന്നവരിൽ ആരെങ്കിലും ഡാഷ്‌കാം ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെങ്കിൽ അന്വേഷണ സംഘത്തിന് കൈമാറണമെന്നും പൊലീസ് അഭ്യർഥിച്ചിട്ടുണ്ട്. സിസിടിവി, മൊബൈൽ ഫോൺ ദൃശ്യങ്ങൾ ഉൾപ്പെടെ സംഭവവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ ലഭ്യമായിട്ടുള്ളവരും പൊലീസിനെ സമീപിക്കണം.
∙കുടുംബങ്ങൾക്ക് ഉത്തരങ്ങൾ ലഭ്യമാക്കുക ലക്ഷ്യം
മാസ്റ്റേഴ്സ് പഠനം പൂർത്തിയാക്കിയതിന്റെ സന്തോഷം ആഘോഷിക്കാനായിരുന്നു വംശി ഫ്ലൈറ്റ് എക്സ്പീരിയൻസ് യാത്ര ബുക്ക് ചെയ്തതെന്ന് കുടുംബം അറിയിച്ചിരുന്നു. സന്തോഷത്തോടെ ആകാശത്തേക്ക് ഉയർന്ന ആ യാത്ര ഇത്രയും വലിയ ദുരന്തത്തിൽ അവസാനിച്ചതിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. വിമാനം തകർന്നുവീഴാൻ ഇടയാക്കിയ സാഹചര്യങ്ങൾ എന്തായിരുന്നു, അപകടത്തിന് പിന്നിൽ സാങ്കേതികമോ മറ്റേതെങ്കിലും കാരണമോ ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണ സംഘങ്ങളുടെ ശ്രദ്ധ. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തി വംശിയുടെയും ഡിലന്റെയും കുടുംബങ്ങൾക്ക് ആവശ്യമായ ഉത്തരങ്ങൾ നൽകുകയാണ് എസെക്സ് പൊലീസിന്റെയും എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിന്റെയും ലക്ഷ്യം.







