സ്വന്തം അമ്മയേയും ഇളയ സഹോദരനേയും എഐയുടെ സഹായത്തോടെ ക്രൂരമായി കൊലപ്പെടുത്തിയ 17കാരൻ പിടിയിൽ. അമേരിക്കയിലെ മസാച്യുസെറ്റ്‌സിലാണ് സംഭവം. ഇന്ത്യൻ വംശജനായ അർജുൻ അരവിന്ദാണ് പൊലീസിന്റെ പിടിയിലായത്. ആക്റ്റൺ-ബോക്സ്ബറോ റീജിയണൽ ഹൈസ്‌കൂൾ വിദ്യാർഥിയാണ് യുവാവ്. 45കാരിയായ അമ്മ സുധ വെങ്കടേശൻ, 14കാരനായ സഹോദരൻ സിദ്ധാർത്ഥ് അരവിന്ദ് എന്നിവരെയാണ് ഇയാൾ കൊലപ്പെടുത്തിയത്.
കുറ്റക്രിത്യത്തിനു ശേഷം യുവാവ് അമ്മയുടെ ഹോണ്ട അക്കോർഡ് കാറുമായി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വീട്ടിൽ വന്ന ട്യൂഷൻ അധ്യാപികയാണ് സംഭവം പുറത്തറിയിക്കുന്നത്. അമ്മയുടെ മൃതദേഹം ബേസ്മെന്റിലും സഹോദരന്റെ മൃതദേഹം ഒന്നാം നിലയിലുമായാണ് കണ്ടെത്തിയത്. ഇരുവർക്കും ശരീരത്തിൽ ആഴത്തിൽ മുറിവേറ്റതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
വഴിത്തിരിവായത് ചാറ്റ്ജിപിടി തിരച്ചിലുകൾ
കൊലപാതകത്തിന് മുമ്പ് ഇയാൾ ചാറ്റ്ജിപിടിയിലും ഇന്റർനെറ്റിലും നടത്തിയ സെർച്ച് ഹിസ്റ്ററിയാണ് കേസിൽ വഴിത്തിരിവായത്. കുടുംബത്തെ കൊലപ്പെടുത്തുന്നതിനെക്കുറിച്ച് ചാറ്റ്ജിപിടിയിൽ പ്രതി ചോദ്യങ്ങൾ ചോദിക്കുകയും ഗോതിക് നോവലുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഫാന്റസി കഥകൾ സൃഷ്ടിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ ഇയാളെ വെയ്ലാൻഡിൽ വെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് പിന്നിലെ കാരണമെന്തെന്ന് അന്വേഷണം നടന്നുവരികയാണ്. നിലവിൽ കൊലപാതകം, വാഹന മോഷണം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ നിയമനടപടികൾ ആരംഭിച്ചു.







