മോസ്കോ ∙ മാതൃരാജ്യത്തെ ഉപേക്ഷിച്ച് റഷ്യയ്ക്ക് അനുകൂലമായി കൂറുമാറിയ യുക്രെയ്ൻ നാവികനെ സ്ഫോടനത്തിലൂടെ കൊലപ്പെടുത്തി യുവതി. 2014ൽ യുക്രെയ്നിൽനിന്നും റഷ്യ പിടിച്ചെടുത്ത ക്രൈമിയയിൽ വച്ചാണ് മുൻ യുക്രെയ്ൻ നാവികനായ റോബർട്ട് ഷാഗീവ് (49) കൊല്ലപ്പെട്ടത്. സംഭവത്തിൽ സ്ഫോടക വസ്തു കൊണ്ടുവന്ന 32 കാരിയായ മാർഗരിറ്റ റൂട്ട് എന്ന യുവതി റഷ്യയുടെ പിടിയിലായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ യുക്രെയ്നു പങ്കുള്ളതായും റിപ്പോർട്ടുകളുണ്ട്.
യുക്രെയ്നിന്റെ കൈവശമുള്ള ഏക അന്തർവാഹിനിയുടെ ആക്ടിങ് കമാൻഡറായിരുന്നു ഷാഗീവ്. എന്നാൽ 2014-ൽ ക്രൈമിയ യുക്രെയ്നു നഷ്ടമായതിനു പിന്നാലെ ഷാഗീവ് റഷ്യൻ ഭാഗത്തേയ്ക്ക് കൂറുമാറി. തുടർന്ന് യുക്രെയ്ൻ നാവികനു മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.
മാലിന്യം ഇടുന്നതിനുള്ള പാത്രത്തിലാണ് യുവതി സ്ഫോടക വസ്തു ഉപേക്ഷിച്ചത്. ഇതിനു സമീപം റോബർട്ട് ഷാഗീവ് എത്തിയപ്പോഴാണ് ഉഗ്രസ്ഫോടനം ഉണ്ടായത്. സംഭവസ്ഥലത്തുവച്ചുതന്നെ റോബർട്ട് ഷാഗീവ് കൊല്ലപ്പെട്ടു. സ്ഫോടന ശബ്ദം കേട്ട് യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്നാണ് പ്രദേശവാസികൾ ആദ്യം കരുതിയത്. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിലാണ് മാലിന്യപാത്രത്തിൽ സൂക്ഷിച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് കണ്ടെത്തിയത്.
പിടിയിലായ യുവതി കുറ്റസമ്മതം നടത്തിയതായി റഷ്യൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ആക്രമണത്തിനു ശേഷം മാർഗരിറ്റ റഷ്യ വിടാനും ശ്രമം നടത്തിയിരുന്നു. എസ്കോർട്ട് വെബ്‌സൈറ്റുകളുമായി ബന്ധപ്പെട്ട് മാർഗരിച്ച പ്രവർത്തിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. മുൻപും യുക്രെയൻ അനുകൂല പരാമർശം നടത്തിയതിനു യുവതി നിയമനടപടി നേരിട്ടിരുന്നു.







