മുംബൈ: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റില്‍. 14 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും, ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ പതിനേഴ് വയസ്സുള്ള രണ്ട് ആണ്‍കുട്ടികളാണ് തുലിഞ്ച് പൊലീസ് കസ്റ്റഡിയിലായത്.
സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കഴിഞ്ഞ ജൂലൈ 11ന് ഇന്‍സ്റ്റഗ്രാം സുഹൃത്ത് പെണ്‍കുട്ടിയെ കാണാന്‍ വിളിച്ചുവരുത്തി. തുടര്‍ന്ന് ചൗളിലെ ഒരു മുറിയിലെത്തിച്ച് രണ്ട് പ്രതികളും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു.
ഇക്കാര്യം പുറത്തുപറഞ്ഞാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ വകവരുത്തുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി. പിന്നീട് പ്രതികള്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഓഗസ്റ്റ് 15ന് പെണ്‍കുട്ടിയുടെ ബന്ധു വിഡിയോ കാണാനിടയായതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.







