നിലയ്ക്കൽ ∙ ശബരിമല നിലയ്ക്കലിലെ ഹെലിപാഡിൽ ഹെലികോപ്റ്റർ ഇറക്കാൻ ശ്രമിച്ചു. വ്യോമസേനയുടെ ഹെലികോപ്റ്ററാണ് നിലയ്ക്കലിൽ എത്തിയത്. എന്നാൽ നിലത്തിറക്കാതെ താഴ്ന്ന ഹെലികോപ്റ്റർ 10 സെക്കൻഡിനു ശേഷം തിരികെ പറക്കുകയായിരുന്നു. അതേസമയം, ഈ ഹെലികോപ്റ്റർ എന്താവശ്യത്തിനാണ് എത്തിയതെന്നും എന്തിനാണ് ഇറക്കാൻ ശ്രമിച്ചതെന്നും വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുൻപ് ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിനു തൊട്ടു മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്നത് വിവാദമായിരുന്നു. കാലാവസ്ഥാ പ്രശ്‌നം മൂലമാണ് താഴ്ന്നു പറന്നതെന്നാണ് അന്ന് കോസ്റ്റ് ഗാർഡ് പറഞ്ഞിരുന്നത്. അന്ന് ക്ഷേത്രത്തിന് 5 മീറ്റർ ഉയരം വരെ ഹെലികോപ്റ്റർ എത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ.






