അമ്പലവയൽ ∙ സീസണായതോടെ റോഡരികിലും പൊതുയിടങ്ങളിലുമെല്ലാം റംബുട്ടാൻ വിൽപന സജീവമായി. കഴിഞ്ഞ വർഷം കിലോയ്ക്ക് 200 മുതൽ 220 രൂപവരെയായിരുന്നു വിലയെങ്കിൽ ഇപ്പോൾ 250 മുതൽ 300 രൂപ വരെയാണ്. മുൻ വർഷത്തേക്കാൾ ഉൽപാദനവും റംബുട്ടാന്റെ വരവും കുറഞ്ഞതാണ് വിലയിൽ വർധനയുണ്ടാകാൻ കാരണമെന്നാണ് വിൽപനക്കാർ പറയുന്നത്. ജില്ലയിലെ കർഷകർ ഉൽപാദിപ്പിക്കുന്നവയും ശേഖരിച്ച് ജില്ലയിൽ തന്നെ വിൽപന നടത്തുന്നവരും മറ്റിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നവരുമുണ്ട്. കർഷകർ തന്നെ നേരിട്ട് വീടിന് സമീപത്തടക്കം കൗണ്ടറൊരുക്കി വിൽപന നടത്തുന്നവരുമുണ്ട്. വിലയിൽ വർധനയുണ്ടായെങ്കിലും വാങ്ങുന്നവരുടെ എണ്ണത്തിൽ കുറവ് വരാത്തതിനാൽ റംബുട്ടാൻ വിൽപന സജീവമാണ്.








