ന്യൂഡൽഹി∙ ചണ്ഡീഗഡിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചണ്ഡീഗഡിലെ സെക്ടർ 43-ലെ ബസ് സ്റ്റാൻഡിന് സമീപത്തുനിന്നാണ് സ്ഫോടക വസ്തുക്കളുമായി മൂന്നുപേരെ പൊലീസ് പിടികൂടിയത്. ഖലിസ്ഥാൻ ഭീകരസംഘടനയുമായി ബന്ധമുള്ളവരാണ് പിടിയിലായത്.
ടിഫിൻ ബോക്സ് ബാഗിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ. തർൺ താരനിലെ സർഹാലി സ്വദേശി ലവ്പ്രീത് സിങ് (19), തർൺ താരനിലെ ഡിയോബത്ത് സ്വദേശി ജഷൻപ്രീത് സിങ് (21), അമൃത്സറിലെ തർസിക്ക സ്വദേശി പ്രഭ്പ്രീത് സിങ് (19) എന്നിവരാണ് അറസ്റ്റിലായവർ.
5 കിലോ ജെലാറ്റിൻ സ്റ്റിക്ക്, ഒരു ഡിറ്റൊണേറ്റർ, പിസ്റ്റൾ, അഞ്ച് തിരകൾ എന്നിവയാണ് പിടിച്ചെടുത്തത്. സ്ഫോടകവസ്തു നിയമത്തിലെയും ആയുധ നിയമത്തിലെയും വകുപ്പുകൾ പ്രകാരം പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
പ്രാഥമിക അന്വേഷണത്തിൽ പ്രതികൾ ബബ്ബർ ഖൽസ ഇന്റർനാഷനലുമായി ബന്ധമുള്ളവരാണെന്ന് മനസ്സിലായതായി പൊലീസ് അറിയിച്ചു. വിദേശത്തുള്ള സത്‌നാം എന്ന സത്ത നൗഷെറ എന്നയാളുമായി ഇവർക്ക് ബന്ധമുള്ളതായി കണ്ടെത്തി. ഇയാളുടെ നിർദേശപ്രകാരം ചണ്ഡീഗഡിൽ ഭീകരാക്രമണം നടത്താൻ സംഘം പദ്ധതിയിട്ടിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥർ പ്രതികളെ ചോദ്യം ചെയ്യുകയാണ്.








