‘ബിക്കിനി ധരിച്ച് രാഖി കെട്ടുന്നു’: വിവാദങ്ങൾക്കു പിന്നാലെ കൃതി സാനൻ അഭിനയിച്ച പരസ്യചിത്രം പിൻവലിച്ച് ജ്വല്ലറി ബ്രാൻഡ്

Spread the love

‌മുംബൈ ∙ രക്ഷാബന്ധനോടനുബന്ധിച്ചു തയാറാക്കിയ പരസ്യചിത്രത്തിൽ ബോളിവുഡ് നടി കൃതി സാനൻ ധരിച്ച വസ്ത്രത്തെച്ചൊല്ലി വിവാദം ഉയർന്നതോടെ പരസ്യചിത്രം പിൻവലിച്ച് പ്രമുഖ ജ്വല്ലറി ബ്രാൻഡായ ‘ഗിവ’. പരസ്യത്തിൽ കൃതി സാനൻ ധരിച്ച വസ്ത്രത്തെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ‘ബിക്കിനി ധരിച്ച് രാഖി കെട്ടുന്നു’ എന്ന് പറഞ്ഞ് നടി കൂടിയായ ബിജെപി എംപി കങ്കണ റനൗട്ടും കൃതി സാനനെതിരെ രംഗത്തെത്തിയിരുന്നു.

 

വിവാദങ്ങൾക്കൊടുവിൽ, ഇന്ത്യൻ സംസ്കാരത്തോടും പാരമ്പര്യത്തോടുമുള്ള ബഹുമാനം ഊന്നിപ്പറഞ്ഞുകൊണ്ട് ഗിവ അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പ്രസ്താവന പങ്കുവച്ചു. പരസ്യം എല്ലാ മാധ്യമങ്ങളിൽനിന്നും പിൻവലിച്ചതായും അവർ അറിയിച്ചു. ‘‘ഇന്ത്യൻ സംസ്കാരത്തോടും പാരമ്പര്യങ്ങളോടും ഉത്സവങ്ങളോടും ഞങ്ങൾക്ക് അങ്ങേയറ്റത്തെ ആദരവും ആഴമേറിയ ബഹുമാനവുമുണ്ട്. ഒരു ബ്രാൻഡ് എന്ന നിലയിൽ, ഈ സന്തോഷകരമായ നിമിഷങ്ങൾ മുഴുവൻ കുടുംബത്തോടുമൊപ്പം ആഘോഷിക്കാനാണ് ഞങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നത്. ഇത്തവണ ഈ സ്നേഹവും ആഘോഷവും നമ്മുടെ അരുമകളിലേക്കും വ്യാപിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു.

 

‘‘ഞങ്ങളുടെ പുതിയ പരസ്യം സമൂഹത്തിലെ ചില വിഭാഗങ്ങളുടെ വികാരങ്ങളെ മുറിവേൽപ്പിച്ചിട്ടുണ്ടെങ്കിൽ, അത് മനഃപൂർവം ആയിരുന്നില്ല. അവരോടുള്ള ആദരമായി, ഈ പരസ്യം എല്ലാ മാധ്യമങ്ങളിൽനിന്നും ഞങ്ങൾ പിൻവലിച്ചിരിക്കുന്നു. ഈ ഉത്സവകാലത്ത് നിങ്ങൾക്ക് എല്ലാവർക്കും സ്നേഹവും പോസിറ്റിവിറ്റിയും നേരുന്നു!’ ഗിവ പ്രസ്താവനയിൽ വ്യക്തമാക്കി.

 

ബ്രാ ലെറ്റ് ശൈലിയിലുള്ള ബ്ലൗസും കേപ് ഷ്രഗും ധരിച്ച കൃതി സഹോദരനും വളർത്തുനായയ്ക്കും രാഖി കെട്ടുന്നതാണ് പരസ്യചിത്രത്തിലുള്ളത്. കൃതിയുടെ ഈ വസ്ത്രധാരണത്തെച്ചൊല്ലിയാണ് തർക്കം. നടിയും ബിജെപി എംപിയുമായ കങ്കണ, ഇത് അറപ്പുളവാക്കുന്നതാണെന്ന് വിമർശിച്ചത്. ‘‘സ്ത്രീയായിരിക്കാൻ ഏറ്റവും മികച്ച കാലമാണിത്. അത്രയും വൈവിധ്യമാർന്ന വസ്ത്രങ്ങളുണ്ട്. എന്നിട്ടെന്തിനാണ് ബിക്കിനിയിലോ അടിവസ്ത്രങ്ങളിലോ രാഖി കെട്ടുന്നത്? നിങ്ങളുടെ സ്റ്റൈലിങ് ഓപ്ഷനുകളൊക്കെ എവിടെപ്പോയി?’’ എന്നായിരുന്നു കങ്കണയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി.

 

കങ്കണയുടെ പോസ്റ്റ് വന്ന് മണിക്കൂറുകൾക്കകം കൃതി സാനൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ മറുപടി നൽകി. ‘സംസ്കാരവും പാരമ്പര്യവും മനസ്സിലാണ്, അല്ലാതെ വസ്ത്രത്തിന്റെ കഴുത്തിലല്ല. സ്ത്രീകളോട് എന്തു ധരിക്കണം എന്ന ഉപദേശം നമ്മൾ എപ്പോഴാണ് അവസാനിപ്പിക്കുക?’ എന്ന മറുപടിയുമായി കൃതിയും തിരിച്ചടിച്ചു. വസ്ത്രം നോക്കിയല്ല ഒരു സ്ത്രീയെ അളക്കേണ്ടതെന്ന് കുറിച്ച കൃതി, രക്ഷാബന്ധൻ പരസ്പരം സംരക്ഷിക്കുമെന്ന ഉറപ്പാണെന്നും നായ്ക്കളെയും കുടുംബത്തിലെ അംഗങ്ങളായാണ് കാണുന്നതെന്നും വ്യക്തമാക്കി. വളർത്തുനായയ്ക്ക് രാഖി കെട്ടിയതിനെതിരെയും വിമർശനമുയർന്നിരുന്നു.

 

കൃതിക്ക് പിന്തുണയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ‘‘ഒരു സ്ത്രീ എന്ത് ധരിക്കുന്നു, എന്ത് ചെയ്യുന്നു, എവിടെ പോകുന്നു എന്നത് അവളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. സ്ത്രീകൾ അവരുടെ സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിന്റെ പേരിൽ അവരെ ട്രോളുന്നത് അവസാനിപ്പിക്കൂ.’’– #SmashThePatriarchy (പുരുഷാധിപത്യത്തെ തകർക്കുക) എന്ന ഹാഷ്‌ടാഗ് സഹിതം രാഹുൽ ഗാന്ധി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. അടുത്തിടെ പുണെയിൽ നടന്ന ‘ഛാത്രോം കി ഗൂഞ്ച്’ എന്ന വനിതാ റാലിയിലും രാഹുൽ ഈ ഹാഷ്ടാഗ് ഉപയോഗിച്ചിരുന്നു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *