ഗുവാഹത്തി∙ കാമുകിക്കൊപ്പം കറങ്ങാന്‍ വീട്ടിൽനിന്ന് 50 ലക്ഷം രൂപ മോഷ്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. അസമിലെ ജോർഹത്ത് സ്വദേശിയായ യഷ് ധനുക അഗര്‍വാള്‍ (25) ആണ് അറസ്റ്റിലായത്. കാമുകിക്കൊപ്പം ആഡംബര ജീവിതവും സമ്മാനമായി ഐഫോണും മറ്റും വാങ്ങി നല്‍കുന്നതിനാണ് ഇയാൾ പണം ലോക്കറിൽനിന്ന് മോഷ്ടിച്ചതെന്നാണ് വിവരം. ജോർഹത്തിലെ വീട്ടിൽനിന്ന് അഹമ്മദാബാദിലേക്കു കടന്നുകളഞ്ഞ പ്രതിയെ ഇയാളുടെ അച്ഛനാണു പിടികൂടി പൊലീസിനു കൈമാറിയത്.
ഓഗസ്റ്റ് 11ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് വീട്ടിലെത്തിയ പ്രതി, അച്ഛന്റെ മുറിയിലുള്ള ലോക്കർ പൊളിച്ചു സ്വർണവും പണവും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ഇതിനായി വെൽഡിങ് ജോലിക്കാരന്റെ സഹായവും തേടിയെന്നും മൊഴിയിൽ പറയുന്നു. സംഭവശേഷം കടന്നു കളഞ്ഞ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ പിന്തുടർന്നാണു കണ്ടെത്തിയത്. ഈ സമയം യഷിനെ പിന്തുടർന്നെത്തിയ പിതാവ് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ജിത്തു സോമനി, രോഹിത്ത് പ്രസാദ് എന്നിവരുള്‍പ്പെടുന്ന സംഘമാണ് മോഷണത്തിനു പിന്നിലെന്നും അവരാണ് പണം മോഷ്ടിക്കാമെന്ന ആശയം പറഞ്ഞതെന്നും പ്രതി സമ്മതിച്ചു. ഇവരെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാമുകിയായ പുബലി ദത്തയ്ക്കു വേണ്ടിയാണ് പ്രതി പണം ഉപയോഗിച്ചത്. 5 ലക്ഷം രൂപയോളം ചെലവഴിച്ചു. 1.5 ലക്ഷത്തിന്റെ ഐഫോൺ കാമുകിക്കു വാങ്ങി നൽകി. ബാക്കി പണം ഇരുവരും വിവിധ ഹോട്ടലിലും റിസോർട്ടിലും താമാസിക്കാനാണു ചെലവഴിച്ചത്. കാമുകിയെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.
അതേസമയം, ഇത്രയും പണം വീട്ടിൽ സൂക്ഷിച്ചത് ബിസിനസ്സ് ആവശ്യത്തിനാണെന്നും യഷും ഇതിലുള്ളതാണെന്നും പണം ലോക്കറിൽ ഉണ്ടെന്ന് അവനറിയാമായിരുന്നെന്നുമാണ് വീട്ടുകാരുടെ മൊഴി. കേസിലെ ബാക്കി പ്രതികളെയും നഷ്ടമായ പണവും സ്വർണവും വീണ്ടെടുക്കാനും ഉള്ള ശ്രമത്തിലാണ് പൊലീസ്.








