ന്യൂഡൽഹി: ഡൽഹിയിൽനിന്നുള്ള ഒരു വിനോദസഞ്ചാരി ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം ഉദയ്പുരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ തങ്ങിയ ശേഷം പണം നൽകാതെ കടന്നുകളഞ്ഞതായി പരാതി. 5.74 ലക്ഷം രൂപയുടെ ബിൽ നൽകാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹോട്ടൽ അധികൃതർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അനുരാഗ് യാദവ് എന്നയാളാണ് ഭാര്യക്കും മക്കൾക്കുമൊപ്പം പഞ്ചനക്ഷത്ര ഹോട്ടലിൽ അവധി ആഘോഷിച്ചശേഷം കടന്നുകളഞ്ഞതായി പരാതിയിൽ പറയുന്നത്.
‘ദി ഒബ്റോയ് ഉദയ്‌വിലാസ്’ എന്ന ഹോട്ടലിലാണ് ഇവർ താമസിച്ചിരുന്നത്. ഓഗസ്റ്റ് 12-ന് ഒരു ട്രാവൽ ഏജൻസിയാണ് യാദവിനായി റൂം ബുക്കിങ് നടത്തിയത്. ഓഗസ്റ്റ് 14 മുതൽ 23 വരെ കുടുംബം ഈ ഹോട്ടലിൽ താമസിച്ചു. താമസത്തിനിടെ ഉച്ചഭക്ഷണവും അത്താഴവും ഉൾപ്പെടെ ഹോട്ടൽ നൽകുന്ന വിവിധ സേവനങ്ങൾ അവർ പ്രയോജനപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
താമസവും അനുബന്ധ സേവനങ്ങളും ചേർത്ത് ആകെ 5.74 ലക്ഷം രൂപയുടെ ബില്ലാണ് വന്നത്. 24-ന് കുടുംബം ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്തു. 10 ദിവസത്തെ താമമസത്തിനും ഹോട്ടലിൽ നിന്ന് ലഭിച്ച മറ്റ് സേവനങ്ങൾക്കുമായി 5.74 ലക്ഷം രൂപയുടെ ബിൽ കുടുംബത്തിന് നൽകിയിരുന്നു. ബുക്കിങ് നടത്തിയ ട്രാവൽ ഏജൻസി തനിക്ക് പകരം ബിൽ തുക കൈമാറുമെന്ന് ജീവനക്കാരെ അറിയിച്ചാണ് അനുരാഗ് യാദവും കുടുംവും കടന്നുകളഞ്ഞതെന്നാണ് പരാതിയിൽ പറയുന്നത്.
എന്നാൽ, ഈ അവകാശവാദം ട്രാവൽ ഏജൻസി നിഷേധിച്ചു. ‘ദി ഒബ്റോയ് ഉദയ്‌വിലാസ്’ ഹോട്ടലിലെ ലെയ്സൺ മാനേജറായ രവീന്ദ്ര സിങ് നൽകിയ പരാതിയിൽ, ഏജൻസിയുമായി ബന്ധപ്പെട്ടപ്പോൾ യാദവുമായി അത്തരത്തിലുള്ള ഒരു ധാരണയും ഇല്ലെന്ന് അവർ വ്യക്തമാക്കിയതായി പറയുന്നു.
ഡൽഹിയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് അനുരാഗ് യാദവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഹോട്ടൽ ബിൽ തുക നൽകാത്തതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.








