ന്യൂഡൽഹി∙ ഡൽഹിയിൽ ഇരുപത്തിയൊന്നുകാരിയെ വീടിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി. പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗറിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വീട്ടിലാണ് വിദ്യാർഥിനിയും മോഡലുമായ മുസ്കാൻ (21)) കൊല്ലപ്പെട്ടത്. യുവതിയുടെ ജിം ട്രെയിനറാണ് പ്രതിയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതിയായ ഇമ്രാൻ കത്തി ഉപയോഗിച്ച് യുവതിയെ ആക്രമിച്ച ശേഷം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. വാടകവീട്ടിൽ മുസ്കാൻ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
മുസ്കാന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവതിയെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിക്കായി തിരച്ചിൽ തുടരുകയാണും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം പരിശോധിച്ചുവരികയാണെന്നും അഡീഷനൽ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ (ഡിസിപി) അഭിഷേക് ഗുപ്ത മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മൂന്ന് സഹോദരിമാരിൽ ഏറ്റവും ഇളയാളായിരുന്നു മുസ്കാനെന്ന് സുഹൃത്ത് അമൻ പറഞ്ഞു. ‘‘ചണ്ഡീഗഢിലുള്ള അവളുടെ മൂത്ത സഹോദരി എന്നെ വിളിച്ച് എത്രയും വേഗം വീട്ടിലേക്ക് ചെല്ലാൻ ആവശ്യപ്പെടുകയായിരുന്നു. ആരോ മുസ്കാനെ കുത്തിയെന്നാണ് അവർ എന്നോട് പറഞ്ഞത്. ഞാൻ ഉടൻ തന്നെ മറ്റൊരു സുഹൃത്തിനെ വിളിച്ച് വേഗം അവിടെയെത്തി അവളെ ആശുപത്രിയിലാക്കാൻ ആവശ്യപ്പെട്ടു. ഞാൻ സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും ആംബുലൻസ് എത്തി അവളെ കൊണ്ടുപോയിരുന്നു.’’– അമൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുസ്കാനെ ഇമ്രാൻ നിരന്തരം ശല്യം ചെയ്തിരുന്നതായി അവളുടെ സഹോദരിമാർ പറഞ്ഞിരുന്നതായും അമൻ വെളിപ്പെടുത്തി. ‘‘മുൻപും അവൻ ഇങ്ങനെ ശല്യം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ സംശയം അവനിലേക്ക് നീളുകയായിരുന്നു.’’– അമൻ പറഞ്ഞു.








