ഹൈദരാബാദ്: തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയില്‍ വേപ്പ് മരത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഭൂക്യ സൈദ, വെങ്കടേശ്വര്‍ലു എന്നിവരാണ് മരിച്ചത്. ഇരുവരും തമ്മില്‍ ഏതാനും ദിവസങ്ങളായി വേപ്പ് മരത്തെച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. വെങ്കടേശ്വര്‍ലു മരത്തിന്റെ കൊമ്പുകള്‍ മുറിക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്. മരത്തിന്റെ കൊമ്പുകള്‍ മുറിക്കാന്‍ ശ്രമിക്കുന്നത് കണ്ട സൈദ ഇത് തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് സൈദയുടെ മകന്‍ രാമു സ്ഥലത്തെത്തുകയും കയ്യിലിരുന്ന കോടാലി ഉപയോഗിച്ച് വെങ്കടേശ്വര്‍ലുവിനെ ആക്രമിക്കുകയുമായിരുന്നു.വെങ്കടേശ്വര്‍ലു തല്‍ക്ഷണം മരിച്ചു.
പിന്നാലെ കുടുംബാംഗങ്ങളും ചില നാട്ടുകാരും ചേര്‍ന്ന് സൈദയെയും മകന്‍ രാമുവിനെയും ആക്രമിച്ചു. സാരമായി പരിക്കേറ്റ ഇയാളും കൊല്ലപ്പെട്ടു. പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയായി.
ആക്രമണത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും ക്രമസമാധാനം ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അക്രമങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്ത് കൂടുതല്‍ ആക്രമണസംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.








