പൂനെ: മട്ടൻ കഴിക്കണമെന്ന് വാശിപിടിച്ച മകനെ പിതാവ് മർദിച്ച് കൊലപ്പെടുത്തി. പുനെ സ്വദേശിയായ മഹേഷ് ഗെയ്ക്‌വാദ് (30) ആണ് കൊല്ലപ്പെട്ടത്. ശ്രാവണ മാസത്തിൽ പൂജകൾ നടത്തുന്നതിനാൽ മാംസാഹാരം കഴിക്കുന്നത് കുടുംബം ഒഴിവാക്കിയിരുന്നു. എന്നാൽ, സംഭവ ദിവസം വീട്ടിൽ മട്ടൻ വാങ്ങണമെന്ന് മഹേഷ് വാശിപിടിക്കുകയായിരുന്നു.
ഇതേത്തുടർന്ന് പിതാവും മകനും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പിന്നീടത് കയ്യാങ്കളിയിലേക്കെത്തുകയായിരുന്നു. പ്രകോപിതനായ പിതാവ് മകനെ ക്രൂരമായി മർദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റതോടെ മഹേഷ് സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. മകന്റെ മരണ വിവരം പൊലീസിനെ അറിയിക്കുന്നതിന് പകരം ഭർത്താവിനെ രക്ഷിക്കാൻ മഹേഷിന്റെ മാതാവ് തെളിവുകൾ നശിപ്പിക്കാൻ ഭർത്താവിനെ സഹായിച്ചതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പൊലീസിന് സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. കൊലപാതകവും തെളിവ് നശിപ്പിക്കാനുള്ള ശ്രമവും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കൊലപാതക കുറ്റത്തിനും തെളിവ് നശിപ്പിച്ചതിനും മഹേഷിന്റെ മാതാപിതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.








