ന്യൂഡൽഹി: എവറസ്റ്റ്, എൽജി എന്നീ കമ്പനികളുടെ കായപ്പൊടികൾ നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി എഫ്‌എസ്‌എസ്‌എഐ. ഇതോടെ ഈ രണ്ട് പ്രമുഖ കമ്പനിയുടേയും കായപ്പൊടിക്ക് എഫ്എസ്എസ്എഐ അടിയന്തര വിലക്ക് ഏർപ്പെടുത്തി.
ലാബ് പരിശോധനയിൽ ഈ ഉൽപ്പന്നങ്ങൾക്ക് നിലവാരമില്ലെന്നും തെറ്റായ ലേബലിങ് നടത്തിയെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് നടപടിയെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
ഒരു ഉപഭോക്താവ് നൽകിയ പരാതിയെത്തുടർന്നായിരുന്നു എഫ്എസ്എസ്എഐ പരിശോധന നടത്തിയത്. എവറസ്റ്റിന്റെ കേന്ദ്രീകൃത ലൈസൻസുള്ള ഫാക്ടറിയിൽ നിന്നും മുംബൈയിലെ എൽജി ബ്രാൻഡ് യൂണിറ്റിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ശേഖരിച്ച എല്ലാ സാമ്പിളുകളിലും ഗുണനിലവാരമില്ലെന്ന് കണ്ടെത്തുകയായിരുന്നു.
ഭക്ഷ്യസുരക്ഷാ ചട്ടപ്രകാരം കായത്തിൽ കുറഞ്ഞത് 5% ആൽക്കഹോളിൽ ലയിക്കുന്ന ഘടകം ഉണ്ടായിരിക്കണം. എന്നാൽ പരിശോധിച്ച സാമ്പിളുകളിൽ ഇത് 0 മുതൽ 3% വരെ മാത്രമാണ് കണ്ടെത്തിയത്. നിശ്ചിത അളവിലും 30 മുതൽ 40% വരെ കുറവാണ് അസംസ്കൃത കായം ഉപയോഗിച്ചതെന്നും പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.
കൂടാതെ, മുംബൈയിലെ എൽജി ബ്രാൻഡ് യൂണിറ്റിൽ നിന്നുള്ള ആറ് തരം അസംസ്കൃത കായവും പരിശോധനക്ക് അയച്ചിരുന്നു. അസംസ്കൃത കായത്തിൽ പരമാവധി 1% സ്റ്റാർച്ച് മാത്രമാണ് അനുവദനീയമെങ്കിലും, ലാബ് പരിശോധനയിൽ 15% മുതൽ 32% വരെ സ്റ്റാർച്ച് അടങ്ങിയിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. 12% ആൽക്കഹോളിൽ ലയിക്കുന്ന ഘടകം ഉണ്ടായിരിക്കേണ്ട സ്ഥാനത്താണിത്. ഉപഭോക്താക്കളുടെ ആരോഗ്യം മുൻനിർത്തിയാണ് ഈ മുൻകരുതൽ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ വിപണിയിലുള്ള നിലവാരമില്ലാത്ത കായപ്പൊടി നിരോധിക്കാൻ എഫ്എസ്എസ്എഐ ഇരുകമ്പനികളോടും നിർദേശിച്ചിട്ടുണ്ട്.








