തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നും നിറയെ വിവാഹങ്ങള്‍. 356 വിവാഹങ്ങളാണ് ശീട്ടാക്കിയിരിക്കുന്നത്. ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെയാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു. തിരക്ക് കണക്കിലെടുത്ത് ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍ ആരംഭിച്ചു. വിവാഹങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് പുലര്‍ച്ചെ 4 മണി മുതല്‍ കല്യാണങ്ങള്‍ ആരംഭിച്ചത്. താലികെട്ടിനായി 6 മണ്ഡപങ്ങളാണ് സജ്ജമാക്കിയത്. താലികെട്ട് ചടങ്ങ് നിര്‍വ്വഹിക്കാന്‍ ക്ഷേത്രം കോയ്മമാരെ വിവാഹ മണ്ഡപത്തിലേക്ക് അധികമായി നിയോഗിച്ചിട്ടുണ്ട്.
ക്ഷേത്രം കിഴക്കേ നട പൂര്‍ണമായും വണ്‍വേ ആക്കിയിട്ടുണ്ട്. ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ടാണ് തിരക്ക് നിയന്ത്രിക്കുന്നത്. വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തിന് തെക്ക് ഭാഗത്തെ പുതിയ നടപ്പന്തലിലെ കൗണ്ടറിലെത്തി ടോക്കണ്‍ വാങ്ങണം. ഇവര്‍ക്ക് ആ പന്തലില്‍ വിശ്രമിക്കാം. താലികെട്ട് സമയമാകുമ്പോള്‍ ഇവരെ മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ പ്രവേശിപ്പിക്കുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.
തുടര്‍ന്ന് കിഴക്കേ നടയിലെ മണ്ഡപത്തിലെത്തി ഊഴമെത്തുമ്പോള്‍ വിവാഹ ചടങ്ങ് നടത്താം. കല്യാണം കഴിഞ്ഞാല്‍ വിവാഹ സംഘം ക്ഷേത്രം തെക്കേ നട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാന്‍ അനുവദിക്കില്ല. വധു വരന്‍മാര്‍ക്കൊപ്പം ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ 24പേര്‍ക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കൂ. ചടങ്ങിനെത്തുന്നവരുടെ എണ്ണം വധു -വരന്‍മാരുടെ കുടുംബാംഗങ്ങള്‍ പരമാവധി നിയന്ത്രിക്കണമെന്നും ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.
വിവാഹത്തിനും ദര്‍ശനത്തിനും ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ഗുരുവായൂരിലേക്ക് അനാവശ്യ യാത്ര ഒഴിവാക്കണം. ക്ഷേത്രം ഇന്നര്‍ റിംഗ്, ഔട്ടര്‍ റിങ്ങ് റോഡുകളില്‍ വാഹന പാര്‍ക്കിങ്ങ് അനുവദിക്കില്ല. പാര്‍ക്കിങ്ങ് അനുവദനീയ കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും. ദേവസ്വം ശ്രീകൃഷ്ണ എച്ച് എസ് എസ്, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൈതാനങ്ങളില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം. ക്ഷേത്രപരിസരത്ത് ഭക്തജനങ്ങള്‍ക്ക് യഥേഷ്ടം കുടിവെള്ളം ലഭ്യമാക്കും. ഗുരുവായൂരിലേക്കുള്ള പ്രധാന റോഡ് മാര്‍ഗ്ഗങ്ങളായ കുന്നംകുളം – ഗുരുവായൂര്‍, ചൂണ്ടല്‍- ഗുരുവായൂര്‍, ചാവക്കാട് – ഗുരുവായൂര്‍ എന്നീ പാതകളുടെ ഓരത്ത് വാഹനങ്ങള്‍ കൂട്ടമായി പാര്‍ക്ക് ചെയ്യാതിരിക്കാന്‍ യാത്രക്കാര്‍ ശ്രദ്ധിക്കണം. ക്ഷേത്ര ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഭക്തജനങ്ങളുടെ പിന്തുണയും സഹായവും അഭ്യര്‍ത്ഥിക്കുന്നതായി ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ് അറിയിച്ചു.






