ആദ്യ ഭർത്താവിൽ നിന്ന് ക്രൂരപീഡനം; മുറിവുകൾ മറച്ചത് മേക്കപ്പിലൂടെ, കരഞ്ഞുതീര്‍ത്ത രാത്രികൾ: ദുരനുഭവങ്ങൾ പങ്കുവച്ച് നടി

Spread the love

തന്റെ ആദ്യ വിവാഹജീവിതത്തിൽ നേരിടേണ്ടി വന്ന കഠിനമായ ഗാർഹിക പീഡനങ്ങളെക്കുറിച്ചും മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്നുപറഞ്ഞ് പ്രശസ്ത ടെലിവിഷൻ താരം കാമ്യ പഞ്ചാബി. വർഷങ്ങൾ നീണ്ട വൈകാരിക സമ്മർദങ്ങൾക്കും വഴക്കുകൾക്കുമൊടുവിൽ, തന്റെ മകൾ ആര്യ ഇതൊക്കെ കാണാൻ ഇടയായപ്പോഴാണ് ആ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് കാമ്യ വ്യക്തമാക്കുന്നു. മുഖത്തെ പീഡന മുറിവുകൾ മേക്കപ്പ് കൊണ്ട് മറച്ച് പൊതുവേദികളിലും ഷൂട്ടിങ് സെറ്റുകളിലും പോകേണ്ടി വന്ന നാളുകളെക്കുറിച്ചാണ് സിദ്ധാർഥ് കണ്ണന് നൽകിയ അഭിമുഖത്തിൽ കാമ്യ വെളിപ്പെടുത്തിയത്. വ്യാപാരിയായ ബണ്ടി നേഗിയായിരുന്നു കാമ്യയുടെ ആദ്യ ഭർത്താവ്. 13 വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിഞ്ഞത്. 2020ൽ കാമ്യ, ശലഭ് ദാംഗിനെ വിവാഹം കഴിച്ചു.

 

∙ ആദ്യ പ്രണയവും തെറ്റായ തീരുമാനവും

 

25-ാം വയസ്സിലായിരുന്നു ബണ്ടിയുമായുള്ള വിവാഹമെന്ന് കാമ്യ ഓർത്തെടുക്കുന്നു. മൂന്ന് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. എന്നാൽ വിവാഹത്തിന് മുൻപ് തന്നെ തങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളും പതിവായിരുന്നു.”ഞങ്ങൾ തമ്മിൽ ചേർച്ചയില്ലായിരുന്നു. വിവാഹത്തിന് മുൻപ് തന്നെ വഴക്കുകൾ ഉണ്ടായിരുന്നു. ആ സമയത്ത് തന്നെ ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകേണ്ടതില്ല എന്ന് തീരുമാനിക്കേണ്ടതായിരുന്നു. എന്നാൽ ആദ്യ പ്രണയം അങ്ങനെയൊക്കെയാണല്ലോ, ഈ വ്യക്തി തന്നെയാണ് എനിക്കെല്ലാം എന്ന ചിന്തയിലായിരുന്നു ഞാൻ. ഈ ബന്ധം ശരിയല്ലെന്നും ഞങ്ങൾ പരസ്പരം യോജിച്ചവരല്ലെന്നും മാതാപിതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അന്ന് അത് കേൾക്കാൻ ഞാൻ തയാറായില്ല,” കാമ്യ പറഞ്ഞു.

 

∙ 13 വർഷത്തെ ശ്രമങ്ങളും മാനസിക തകർച്ചയും

 

വിവാഹബന്ധം വേർപിരിയുന്നതിന് മുൻപ് അത് നിലനിർത്താൻ താൻ പരമാവധി ശ്രമിച്ചിരുന്നുവെന്ന് കാമ്യ വ്യക്തമാക്കുന്നു. “ആളുകൾ എന്നോട് പറയാറുണ്ട് ഞാൻ 13 വർഷം വെറുതെ പാഴാക്കിയെന്ന്. എന്നാൽ ഒരു ശ്രമവും നടത്താതെയാണ് ബന്ധം ഉപേക്ഷിച്ചതെന്ന കുറ്റബോധം പിന്നീട് ഉണ്ടാകരുത് എന്നെനിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് അവസാന നിമിഷം വരെ ഞാൻ പരിശ്രമിച്ചത്. എന്നാൽ അത് പൂർണമായും പരാജയപ്പെടുമെന്ന് എനിക്ക് അറിയാമായിരുന്നു. ഒന്നിച്ച് ജീവിക്കാനോ വേർപിരിയാനോ കഴിയാത്ത അവസ്ഥ. രണ്ടുപേരും അത്രയേറെ അസന്തുഷ്ടരായിരുന്നു,” കാമ്യ കൂട്ടിച്ചേർത്തു.

 

∙ മേക്കപ്പിന് പിന്നിലെ മുറിവുകളും കരച്ചിലും

 

വിവാഹജീവിതത്തിൽ നേരിടേണ്ടി വന്ന ക്രൂരമായ ശാരീരിക പീഡനങ്ങളെക്കുറിച്ച് വളരെ വൈകാരികമായാണ് നടി സംസാരിച്ചത്. “ഞാൻ ഗാർഹിക പീഡനത്തിന് ഇരയായിട്ടുണ്ട്. പുറത്തുപോകുമ്പോൾ മുഖത്തെ പീഡന മുറിവുകൾ മറയ്ക്കാനായി പ്രത്യേകം മേക്കപ്പ് ഇടേണ്ടി വന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. ഒരു അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്ത കാര്യം ഞാൻ ഓർക്കുന്നു. വീട്ടിൽനിന്ന് അടി വാങ്ങി കൂട്ടിയിട്ട് പുറത്തുവന്ന് അവാർഡ് വാങ്ങുന്ന എന്റെ അവസ്ഥയോർത്ത് എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നി. ഞാൻ എന്താണ് ചെയ്യുന്നത്? ആർക്ക് വേണ്ടിയാണ് ഇതൊക്കെ തെളിയിക്കാൻ ശ്രമിക്കുന്നത്?– എന്ന് ‌ചിന്തിച്ചുപോയി.”

 

പലപ്പോഴും ബാത്ത്റൂമിൽ കയറി മണിക്കൂറുകളോളം, രാത്രി മുഴുവൻ കരഞ്ഞിട്ടുണ്ടെന്നും കാമ്യ ഓർത്തെടുക്കുന്നു. ഒരു കോമഡി ഷോയുടെ റീഹേഴ്സലിന് പോയപ്പോൾ മുഖത്തെ പാടുകൾ മറയ്ക്കാൻ മേക്കപ്പ് ഇട്ടതും, സെറ്റിലുള്ളവർ എന്തിനാണ് റീഹേഴ്സലിന് ഇത്രയും മേക്കപ്പ് എന്ന് അദ്ഭുതപ്പെട്ടതും അവർ പങ്കുവെച്ചു. വാനിറ്റി വാനിലിരുന്ന് ഒരുപാട് കരയുമായിരുന്നെന്നും, 24 മണിക്കൂറും അഭിനയിക്കുകയായിരുന്നു താനെന്നും കാമ്യ പറഞ്ഞു.

 

∙ സംശയങ്ങളും അഭിനയം നിർത്താനുള്ള സമ്മർദവും

 

കരിയർ ഉപേക്ഷിക്കാൻ ഭർത്താവ് സമ്മർദം ചെലുത്തിയിരുന്നതായും കാമ്യ വെളിപ്പെടുത്തി. എന്നാൽ സ്വന്തം കുടുംബത്തെയും മാതാപിതാക്കളെയും പിന്തുണയ്ക്കേണ്ട ഉത്തരവാദിത്തം ഉള്ളതിനാൽ ജോലി ഉപേക്ഷിക്കാൻ താൻ തയാറായില്ല. ജോലിയെക്കുറിച്ചും ഫോൺ കോളുകളെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചും നിരന്തരം സംശയങ്ങളായിരുന്നു. “ഓരോ 10 മിനിറ്റിലും ഫോൺ വിളിക്കും. കോൾ എടുത്തില്ലെങ്കിൽ എവിടെയായിരുന്നു, ആരുടെ കൂടെയായിരുന്നു എന്നൊക്കെ ചോദ്യം ചെയ്യും. എന്ത് വസ്ത്രം ധരിക്കുന്നു എന്നതിനെ വരെ സംശയത്തോടെയാണ് കണ്ടിരുന്നത്,” കാമ്യ പറഞ്ഞു.

 

∙ തീരുമാനത്തിലേക്ക് നയിച്ച ആ നിമിഷം

 

ഇത്രയുമൊക്കെ സഹിച്ച് മുന്നോട്ട് പോയെങ്കിലും, ഒരു ദിവസം തങ്ങളുടെ വഴക്കിന് മകൾ ആര്യ സാക്ഷിയാകേണ്ടി വന്നതാണ് വലിയൊരു മാറ്റത്തിന് കാരണമായത്. ഈ അന്തരീക്ഷത്തിൽ മകൾ വളരുന്നത് ശരിയല്ലെന്നും, ഇനിയും ഈ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നും മനസ്സിലാക്കിയ കാമ്യ ഒടുവിൽ ആ ദാമ്പത്യം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. തന്റെ ജീവിതത്തിലെ ആ കറുത്ത അധ്യായങ്ങളെല്ലാം അതിജീവിച്ച കാമ്യ, 2020ൽ ശലഭ് ദാംഗിനെ വിവാഹം കഴിക്കുകയും സന്തോഷകരമായ ഒരു പുതിയ ജീവിതം നയിക്കുകയും ചെയ്യുന്നു.

  • Related Posts

    ആഴ്ചയിലൊരിക്കൽ ബെഡ്ഷീറ്റ് മാത്രം കഴുകിയിട്ട് കാര്യമില്ല, കിടക്കയും തലയിണയും എപ്പോൾ വൃത്തിയാക്കണം?

    Spread the love

    Spread the loveദിവസവും ഉപയോഗിക്കുന്ന കിടക്കയും തലയിണയും വൃത്തിയായി സൂക്ഷിക്കേണ്ടത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ പലരും ബെഡ്ഷീറ്റ് ഇടയ്ക്കിടെ മാറ്റുന്നതിൽ മാത്രം ശ്രദ്ധിക്കുകയും കിടക്ക, മെത്ത, തലയിണ, തലയിണയ്ക്കുള്ളിലെ ഫില്ലിങ് എന്നിവ വൃത്തിയാക്കുന്നതിനെക്കുറിച്ച് മറക്കുകയും ചെയ്യാറുണ്ട്. നമ്മുടെ വിയർപ്പ്, ചർമത്തിലെ…

    അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചിത്രങ്ങൾ

    Spread the love

    Spread the loveനടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. നടി അഹാന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. തിരുവനന്തപുരം കോവളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം. ഞായറാഴ്ച നടന്ന വിവാഹത്തിന്റെ ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെ വിവാഹച്ചടങ്ങിൽ…

    Leave a Reply

    Your email address will not be published. Required fields are marked *