ശാസ്‌താംകോട്ട ∙ ഓണദിനത്തിൽ വീട്ടുമുറ്റത്ത് അപ്രതീക്ഷിതമായി രൂപപ്പെട്ട അഗാധ ഗർത്തം കുടുംബത്തെ ആശങ്കയിലാക്കി. മൈനാഗപ്പള്ളി ഇടവനശേരി പ്ലാമൂട്ടിൽ ചന്തയ്ക്ക് സമീപം കൃഷ്ണവിലാസത്തിൽ പുഷ്പലതയുടെ വീട്ടിലാണ് സംഭവം. ഉത്രാട ദിനത്തിൽ രാവിലെ അടുക്കള ഭാഗത്തെ മുറ്റത്ത് ചെറിയൊരു കുഴി രൂപപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വീട്ടുകാർ പരിശോധന നടത്തിയത്. കുഴിക്കുള്ളിലേക്ക് നോക്കിയപ്പോൾ താഴേക്ക് ആഴത്തിൽ നീണ്ടുപോകുന്ന ഗർത്തവും മരങ്ങളുടെ വേരുകളും കണ്ടു.
ഗർത്തം വീടിന്റെ അടിത്തറയെയും ഘടനയെയും ബാധിക്കുമോ എന്ന ആശങ്കയിലാണ് കുടുംബം. ഉടൻ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചു. തുടർന്ന് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിനെ തുടർന്ന് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് ജിയോളജി വകുപ്പ് പഞ്ചായത്തിന് റിപ്പോർട്ട് നൽകുമെന്നാണ് അധികൃതർ അറിയിച്ചത്. ഗർത്തത്തിന്റെ കാരണം സംബന്ധിച്ചും വീടിന് അപകടസാധ്യതയുണ്ടോയെന്നതിലും റിപ്പോർട്ടിൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, അപകടസാധ്യത ഒഴിവാക്കുന്നതിനായി താൽക്കാലികമായി ഗർത്തത്തിന് മുകളിൽ പ്ലാസ്റ്റിക് വീപ്പ സ്ഥാപിച്ച് മൂടിയിരിക്കുകയാണ്. പ്രദേശത്ത് കൂടുതൽ പരിശോധനയും സുരക്ഷാ നടപടികളും ആവശ്യപ്പെട്ടിരിക്കുകയാണ് വീട്ടുകാർ.






