കോട്ടയം: കോട്ടയം മെഡിക്കൽ കോളജിനെതിരെ ചികിത്സാപ്പിഴവ് പരാതി. ഒരു വയസുള്ള കുഞ്ഞിന്‍റെ ശരീരത്തിൽ സൂചി കുടുങ്ങിയത് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നാണെന്നാണ് പരാതി. കുഞ്ഞിന്‍റെ അമ്മയുടെ പരാതിയിൽ മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വർഷം ജൂണിനാണ് ഏറ്റുമാനൂർ സ്വദേശിനി അഞ്ജു കോട്ടയം മെഡിക്കൽ കോളജിൽ പെൺകുഞ്ഞിനെ പ്രസവിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് അന്ന് മാറ്റിയിരുന്നു. കുഞ്ഞിനെ തിരികെ നൽകിയപ്പോൾ വലതുവശത്തെ വാരിയെല്ലിനോട് ചേർന്ന് ചെറിയൊരു മുഴയുണ്ടായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ഇത് ഡോക്ടർമാരെ അന്ന് തന്നെ അറിയിച്ചിരുന്നു എന്നും കുടുംബം പറയുന്നു.
ഇത് സാധാരണ തടിപ്പ് ആണെന്ന് പറഞ്ഞു ഡോക്ടർമാർ അന്ന് കൂടുതൽ പരിശോധന നടത്തിയില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി. ശേഷം ഒരു വർഷം കഴിഞ്ഞു കുഞ്ഞിന്‍റെ വാരിയെല്ലിന്‍റെ ഭാഗത്തെ തടിപ്പ് കൂടുന്നതായി ശ്രദ്ധിയിൽ പെട്ടപ്പോഴാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. അവിടെ വെച്ച് നടത്തിയ എക്സ് റേ പരിശോധനയിലാണ് കുഞ്ഞിന്‍റെ ശരീരത്തിൽ സൂചി തറച്ചിരിക്കുനതായി കണ്ടെത്തിയത്. ഈ കഴിഞ്ഞ ജൂലൈയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് നടത്തിയ ശസ്ത്രക്രിയയിൽ സൂചി പുറത്തെടുത്തു.
കോട്ടയം മെഡിക്കൽ മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നാണ് സൂചി തറച്ചുകയറിയതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ആരോഗ്യമന്ത്രിക്കും ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലും കുടുംബം പരാതി നൽകി. കുടുംബത്തിന്‍റെ പരാതിയിൽ കോട്ടയം മെഡിക്കൽ കോളജിലെ ഡെപ്യൂട്ടി സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.






