തിരുവനന്തപുരം∙ അച്ഛനെ കൊന്ന ശേഷം കേരളത്തിലേക്ക് എത്തിയ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. ശ്രീകാര്യം പൊലീസാണ് അലിപുരില്‍നിന്നുള്ള പ്രശന്‍ജിത്ത് ദാസ് (27) എന്നയാളെ അറസ്റ്റ് ചെയ്തത്. കേരളത്തില്‍ നിര്‍മാണ തൊഴിലാളി ആയി പ്രവര്‍ത്തിച്ചിരുന്ന പ്രശന്‍ജിത്ത് ഓഗസ്റ്റ് 31ന് അവധിക്കു നാട്ടില്‍ എത്തിയപ്പോഴാണ് പിതാവ് സഞ്ജയ് ദാസിനെ കൊന്നത്.
അച്ഛന്‍ അമ്മയെ മര്‍ദിക്കുന്നതു കണ്ട് വിറക് കമ്പു കൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് അമ്മ ഉഷാറാണിയും പ്രശന്‍ജിത്തും ചേര്‍ന്ന് സഞ്ജയ് ദാസിനെ മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണു പൊലീസ് പറയുന്നത്. ഉഷാറാണിയെ ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പ്രശന്‍ജിത്ത് കേരളത്തിലേക്കു കടക്കുകയായിരുന്നു. പശ്ചിമബംഗാള്‍ പൊലീസ് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ശ്രീകാര്യം ചക്കാലമുക്കിലുള്ള ലേബര്‍ ക്യാംപില്‍നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. അടുത്ത ദിവസം തന്നെ ബംഗാള്‍ പൊലീസിനു കൈമാറും.






