തിരുവനന്തപുരം ∙ ഉത്തരേന്ത്യയിലെ മഴയിൽ പ്രതീക്ഷയർപ്പിച്ച് കെഎസ്ഇബി. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിലും യുപിയിലും പെയ്ത മഴയെത്തുടർന്ന് ഉത്തരേന്ത്യയിലെ വൈദ്യുതി ഉപയോഗം കുറഞ്ഞതോടെ സംസ്ഥാനത്തിന് ആവശ്യമായ അധിക വൈദ്യുതി എക്സ്ചേഞ്ചിൽനിന്നു ലഭിച്ചിരുന്നു. ഇതോടെയാണ് കേരളത്തിൽ വൈദ്യുതി നിയന്ത്രണം ഒഴിവായത്.
ജലവൈദ്യുത പദ്ധതികളുടെ പ്രവർത്തനം പകൽ പരമാവധി കുറച്ച്, രാത്രി ആവശ്യാനുസരണം ഉൽപാദനം നടത്താൻ കെഎസ്ഇബി മാനേജ്മെന്റ് നിർദേശിച്ചിട്ടുണ്ട്. 3ന് വൈകിട്ട് കെഎസ്ഇബി വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചെങ്കിലും അധിക വൈദ്യുതി തത്സമയ വിപണിയിൽ ലഭിച്ചതോടെ നിയന്ത്രണം ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. ഈമാസം ആദ്യ 2 ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 300-600 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പീക്ക് സമയത്ത് കേരളത്തിൽ അനുഭവപ്പെടുന്നത്. 3ന് 4850 മെഗാവാട്ട് വൈദ്യുതിയാണ് പീക്ക് സമയത്ത് വേണ്ടിവന്നത്.






