ലക്നൗ∙ കാമുകനൊപ്പം പോയ ഭാര്യയുടെ വിവാഹം നടത്തി ഭർത്താവ്. മലിഹാബാദ് സ്വദേശികളായ ദമ്പതികളുടെ വിവാഹം ഒരു വർഷം മുൻപാണ് നടന്നത്. നാല് ദിവസം മുൻപ് യുവതി ഭർത്താവിന്റെ വീട്ടിൽനിന്ന് ഇറങ്ങി കാമുകനൊപ്പം പോയി. യുവതിയെ കാണാതായെന്ന പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കാമുകനോടൊപ്പം കണ്ടെത്തുകയായിരുന്നു.
തുടർന്ന്, ഇരുവരെയും തിരിച്ചെത്തിച്ച് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി. ഭർത്താവിനൊപ്പം ജീവിക്കാൻ താൽപര്യമില്ലെന്നും കാമുകനൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും യുവതി പൊലീസിനോടും കുടുംബത്തോടും പറഞ്ഞു. യുവതിയും കാമുകനും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നത്. ആ സമയത്ത് പ്രണയത്തിലായി. കുടുംബത്തിന്റെ സമ്മർദം മൂലമാണ് മറ്റൊരാളെ വിവാഹം കഴിച്ചതെന്നും യുവതി പറഞ്ഞു. തുടർന്ന് കാമുകനുമായുള്ള വിവാഹം നടത്താൻ ഭർത്താവ് മുൻകൈ എടുക്കുകയായിരുന്നു.








