*സിലിണ്ടർ കിട്ടാതാകുമോ; ഒക്ടോബർ ഒന്നുമുതൽ എൽപിജി ബുക്കിങ്ങിൽ മാറ്റം, ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന പൂർത്തിയാക്കമെന്ന് കേന്ദ്ര സർക്കാർ*
ന്യൂഡൽഹി: ഒക്ടോബർ ഒന്നുമുതൽ രാജ്യത്ത് സബ്സിഡി നിരക്കിൽ പാചക വാതക സിലിണ്ടർ (എൽപിജി) വാങ്ങുന്നവർക്ക് നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. ഒക്ടോബർ ഒന്നുമുതൽ സബ്‌സിഡി നിരക്കിൽ ഗാർഹിക എൽപിജി റീഫില്ലുകൾ ബുക്ക് ചെയ്യുന്നതിന് ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന പൂർത്തിയാക്കണം. അർഹരായവരിലേക്ക് സബ്‌സിഡി എത്തുന്നതിനും സബ്സിഡി സംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനുമാണ് ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധനയെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
അർഹരായ കുടുംബങ്ങൾക്ക് സബ്‌സിഡി നിരക്കിലുള്ള എൽപിജി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഒന്നിലധികം കണക്ഷനുകളോ അർഹതയില്ലാത്ത കണക്ഷനുകളോ ഒഴിവാക്കുന്നതിനുമാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് സർക്കാർ അറിയിച്ചു. ബയോമെട്രിക് പരിശോധന നടത്തിയവർക്ക് സാധാരണ പോലെ സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയും. കേന്ദ്ര സർക്കാർ കണക്കുകൾ പ്രകാരം സെപ്റ്റംബർ 19ഓടെ 27.43 കോടി സജീവ ഗാർഹിക എൽപിജി ഉപഭോക്താക്കൾ (ആകെ ഉപഭോക്താക്കളുടെ 89.9 ശതമാനം) ഇതിനകം ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന പൂർത്തിയാക്കി.
ഒക്ടോബർ ഒന്നുമുതലുള്ള മാറ്റങ്ങൾ എന്തൊക്കെ?
ഒക്ടോബർ ഒന്നുമുതൽ ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന പൂർത്തിയാക്കിയ ഉപഭോക്താക്കൾക്ക് പഴയതുപോലെ തന്നെ സബ്‌സിഡി നിരക്കിൽ എൽപിജി റീഫില്ലുകൾ ബുക്ക് ചെയ്യുന്നത് തുടരാം. ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന പൂർത്തിയാക്കാൻ സാധിക്കാത്തവർക്ക് നടപടിക്രമം പൂർത്തിയാക്കിയ ശേഷം സബ്‌സിഡി സഹിതം ചില്ലറ വിൽപ്പന വില (RSP) നിരക്കിൽ റീഫില്ലുകൾ ബുക്ക് ചെയ്യാൻ സാധിക്കും.
ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന എങ്ങനെ നടത്താം?
ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് ഇനിയും അവസരമുണ്ട്. എൽപിജി വിതരണ സമയത്തോ, വിതരണക്കാരന്റെ ഷോറൂമിലോ അല്ലെങ്കിൽ ബന്ധപ്പെട്ട ഓയിൽ മാർക്കറ്റിങ് കമ്പനിയുടെ (OMC) മൊബൈൽ ആപ്പ് വഴിയോ പ്രാമാണീകരണം പൂർത്തിയാക്കാം. എൽപിജി എത്തിച്ചുനൽകുന്ന വേളയിൽ വിതരണക്കാരന് ഓയിൽ മാർക്കറ്റിങ് കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഈ നടപടിക്രമം പൂർത്തിയാക്കാൻ സാധിക്കും. ഉപഭോക്താക്കൾക്ക് നേരിട്ട് എൽപിജി വിതരണക്കാരന്റെ ഷോറൂമിലെത്തിയും പ്രാമാണീകരണം പൂർത്തിയാക്കാവുന്നതാണ്.
മൊബൈൽ ആപ്പുകൾ വഴിയുള്ള പ്രാമാണീകരണം
ഉപഭോക്താക്കൾക്ക് തങ്ങളുടെ എൽപിജി സേവനദാതാക്കളുടെ മൊബൈൽ ആപ്പുകൾ വഴി നടപടിക്രമം പൂർത്തിയാക്കാം.
* Indane ഉപഭോക്താക്കൾക്ക് ‘IndianOil ONE’
* Bharatgas ഉപഭോക്താക്കൾക്ക് ‘HelloBPCL’
* HP Gas ഉപഭോക്താക്കൾക്ക് ‘HP PAY’
* സ്വയം e-KYC പൂർത്തിയാക്കുന്നതിനെക്കുറിച്ചുള്ള വീഡിയോ ട്യൂട്ടോറിയലുകൾ PMUY പോർട്ടലിലും ലഭ്യമാണ്.
ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന പൂർത്തിയാക്കിയില്ലെങ്കിൽ എന്ത് സംഭവിക്കും?
ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന പൂർത്തിയാക്കിയില്ലെങ്കിൽ സബ്സിഡി ഉൾപ്പെടെയുള്ള ആനുകൂലൂം തടസ്സപ്പെടും. ഇവർ ബന്ധപ്പെട്ട ഓയിൽ മാർക്കറ്റിങ് കമ്പനിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഉപഭോക്തൃ വെബ് പോർട്ടൽ, മൊബൈൽ ആപ്പ്, വാട്സ്ആപ്പ് ചാറ്റ്‌ബോട്ട്, IVRS അല്ലെങ്കിൽ ലഭ്യമായ മറ്റ് മാർഗങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത്തരം ഉപഭോക്താക്കൾക്ക് ഓയിൽ മാർക്കറ്റിങ് കമ്പനിയുടെ കൈവശമുള്ള ലഭ്യതയ്ക്കനുസൃതമായി സബ്‌സിഡിയില്ലാതെ ബാധകമായ വിപണി വിലയിൽ 5 കിലോ അല്ലെങ്കിൽ 10 കിലോ സിലിണ്ടറുകളിൽ എൽപിജി ലഭിക്കും.
ഒക്ടോബർ ഒന്നുമുതൽ എൽപിജി ബുക്കിങ്ങിൽ ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന നിർബന്ധമാക്കുന്നതിനെപ്പറ്റി നിങ്ങളുടെ അഭിപ്രായം എന്താണ്? ദയവായി നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിൽ പങ്കുവെക്കൂ.കമൻറ് ചെയ്യാനായി ക്ലിക്ക് ചെയ്യുക






